ഇന്ത്യയുടെയും ചൈനയുടെയും 'കാർബൺ പാപഭാരം' ആവാഹിച്ച് ഭൂട്ടാൻ കാടുകൾ

'ട്രാവലേഴ്‌സ് ആന്റ് മജീഷ്യൻസ് ' എന്ന സിനിമ കണ്ടതോടെയാണ് ഭൂട്ടാൻ ആരാധകനായത്. സിനിമയുടെ പ്രമേയമല്ല, സീനിക് ബ്യൂട്ടിയാണ് ആകർഷിച്ചത്. മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടി. ഒഴുകിനടക്കുന്ന മേഘങ്ങൾ, ഇടതിങ്ങിയ പച്ചപ്പുതപ്പണിഞ്ഞ കാടുകൾ, ശാന്തമായ ഗ്രാമാന്തരീക്ഷവും. അങ്ങനെ ബക്കറ്റ് ലിസ്റ്റിൽ ഭൂട്ടാൻ ഇടംപിടിച്ചു. പ്രകൃതിഭംഗി മാത്രമല്ല, ഏറ്റവും സന്തോഷം നിറഞ്ഞ ജനതകളിലൊന്നാണ് ഭൂട്ടാനിലേത്. ഇപ്പോൾ പരിസ്ഥിതി വിഷയത്തിലും ഭൂട്ടാൻ ലോകത്തിന് മാതൃകയാകുന്നു.
ലോക രാജ്യങ്ങളിൽ ഭൂരിഭാഗവും അന്തരീക്ഷത്തിലേക്ക് വൻതോതിൽ കാർബൺ പുകയ്ക്കുന്നതിൽ കുപ്രസിദ്ധരാണ്. ചൈനയും ഇന്ത്യയും ഇക്കാര്യത്തിൽ മുൻനിരക്കാരും. എന്നാൽ, പുറന്തള്ളുന്നതിനേക്കാൾ കൂടുതൽ കാർബൺ അന്തരീക്ഷത്തിൽനിന്ന് ആഗിരണം ചെയ്യുന്ന 'കാർബൺ നെഗറ്റീവ്' (Carbon Negative) രാജ്യമാണ് ഈ കൊച്ചുഹിമാലയൻ രാജ്യം. 'നെറ്റ് സീറോ' (Net Zero) അല്ലെങ്കിൽ 'കാർബൺ ന്യൂട്രൽ' ആകാനാണ് രാജ്യങ്ങൾ ശ്രമിച്ചുവരുന്നത്.
അതായത് ഉൽപാദിപ്പിക്കുന്ന അത്രയും കാർബൺ തടഞ്ഞുനിർത്തുക എന്ന ലക്ഷ്യം. അതിനായി കുറച്ചുകാലമൊന്നും പോരാ. 2070-ൽ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയും 2060-നകം നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാൻ ചൈനയും ലക്ഷ്യമിടുന്നു. ഇതിനിടയിലാണ് ഭൂട്ടാന്റെ മാജിക്! നെറ്റ് സീറോ അല്ല, കാർബൺ എമിഷനിൽ നെഗറ്റീവാണ് ഭൂട്ടാൻ.
2022-ലെ കണക്കനുസരിച്ച് ഭൂട്ടാൻ ഒരു വർഷം പുറന്തള്ളുന്നത് വെറും 1.74 ദശലക്ഷം ടൺ ഹരിതഗൃഹ വാതകങ്ങളാണ്. എന്നാൽ, ഭൂട്ടാനിലെ വിസ്തൃതമായ വനങ്ങൾ പ്രതിവർഷം വലിച്ചെടുക്കുന്നതോ- 11.45 ദശലക്ഷം ടൺ കാർബണും! വർഷത്തിൽ മൈനസ് 9.71 ദശലക്ഷം ടൺ (Net Negative). ലോകത്ത് ഇത്തരത്തിൽ കാർബൺ നെഗറ്റീവ് ആയ വളരെ ചുരുക്കം രാജ്യങ്ങളേയുള്ളൂ - ഭൂട്ടാനൊപ്പം സുരിനാമും പനാമയും മാത്രം.
ഭൂട്ടാന്റെ ഈ നേട്ടത്തിന് കാരണം ഭൂമിശാസ്ത്രപരമായ ആനുകൂല്യമല്ല, മറിച്ച് കൃത്യമായ നിലപാടുകളാണ്. ഭൂട്ടാൻ ഭരണഘടനയിലെ ആർട്ടിക്കിൾ അഞ്ച് അനുസരിച്ച്, രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ കുറഞ്ഞത് അറുപത് ശതമാനമെങ്കിലും വനമായി സംരക്ഷിക്കപ്പെടണം. നിലവിൽ ലോകബാങ്കിന്റെ കണക്കനുസരിച്ച് ഭൂട്ടാന്റെ 72.3% ഭൂപ്രദേശവും ഇടതിങ്ങിയ വനങ്ങളാണ്. വനങ്ങളെ വികസനത്തിനായി വെട്ടിനിരത്തേണ്ട ഒന്നായല്ല, മറിച്ച് 'കാർബൺ ബാങ്ക്' ആയാണ് ഭൂട്ടാൻ കാണുന്നത്. ജിഡിപിയല്ല, ഗ്രോസ് നാഷണൽ ഹാപ്പിനസ് കണക്കിലെടുക്കുന്നു.
1972-ൽ ഭൂട്ടാന്റെ നാലാമത്തെ രാജാവാണ് ജിഡിപി യേക്കാൾ പ്രധാനം ജനങ്ങളുടെ സന്തോഷമാണെന്ന ആശയം മുന്നോട്ടുവെച്ചത്. Gross National Happiness (GNH). 2008-ൽ ഇത് രാജ്യത്തിന്റെ ഭരണഘടനയുടെ ഭാഗമായി മാറി. കേവലം സാമ്പത്തിക വളർച്ച മാത്രമല്ല ജീവിതനിലവാരം എന്ന് വിശ്വസിക്കുന്ന ഈ സൂചികയിൽ പരിസ്ഥിതി സംരക്ഷണവും പ്രധാന ഘടകമാണ്. ഭൂട്ടാനിൽ 48.1% ആളുകളും അതീവ സന്തോഷത്തിലോ ഉയർന്ന സന്തോഷ നിലവാരത്തിലോ ഉള്ളവരാണ്. 93.6% ആളുകൾക്കും അടിസ്ഥാന ആവശ്യങ്ങളിലും ജീവിത സാഹചര്യങ്ങളിലും സംതൃപ്തിയുണ്ട്. കാർബൺ നെഗറ്റീവ് നില നിലനിർത്താൻ ഇലക്ട്രിക് വാഹനങ്ങളിലേക്കും ഹരിത ഊർജ്ജത്തിലേക്കും കൂടുതലായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഭൂട്ടാൻ.
Content Highlights: Bhutan is one of the few carbon-negative countries globally, absorbing more CO2 than it emits., Constitutional mandate requires at least 60% forest cover; currently at 72.3%., Gross National Happiness (GNH) prioritizes environmental health over pure GDP growth., Strategic shift towards electric vehicles and green energy to maintain carbon-negative status.