ട്രംപിന്റെ വിശ്വസ്തൻ, സിഐഎ തലവനായി ഇന്ത്യൻ വംശജനെത്തുമോ?

കാഷ് പട്ടേൽ | Phot: Getty Images via AFP
കാഷ് പട്ടേൽ | Phot: Getty Images via AFP

വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെയടക്കം നിയമിക്കാനുള്ള നീക്കങ്ങള്‍ ട്രംപ് ഉടന്‍ തുടങ്ങിയേക്കും. 277 ഇലക്ട്രൽ വോട്ട് നേടി വീണ്ടും ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്കെത്തുമ്പോൾ അമേരിക്കൻ ജനത ഉറ്റുനോക്കുന്നത് ആരൊക്കെ ട്രംപിന്റെ രണ്ടാം വരവിൽ ഉന്നത പദവികളിലെത്തും എന്നാണ്. ഇതിനിടെ ഇന്ത്യൻ വേരുള്ള കാശ്യപ് പട്ടേൽ എന്ന ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണത്തിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ച ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു കശ്യപ് പ്രമോദ് എന്ന കാഷ് പട്ടേൽ. ട്രംപിന്റെ വിശ്വസ്തൻ എന്നാണ് പട്ടേലിനെ വിശ്വസിപ്പിക്കുന്നത്. ട്രംപിന്റെ ആദ്യ അവസരത്തിൽ അടിക്കടി സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥൻ. ട്രംപിന്റെ രണ്ടാംവരവിലും കാഷ് പട്ടേൽ സുപ്രധാന സ്ഥാനത്തെത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

കാഷ് പട്ടേലിനെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ (സിഐഎ) തലവനാക്കിയേക്കുമെന്നാണ് സൂചന. പല കോണിൽ നിന്നും സിഐഎയുടെ തലവനായി കാഷ് പട്ടേലിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഇതിന് സെനറ്റ് അംഗീകാരം അത്യാവശ്യമാണ്. സെനറ്റ് വോട്ടിൽ കാഷ് പട്ടേൽ പിന്തള്ളപ്പെട്ടാൽ അദ്ദേഹത്തിന് ദേശീയ സുരക്ഷാ കൗൺസിലിൽ സ്ഥാനം നൽകാനാണ് സാധ്യത. അതേസമയം  ട്രംപിന്റെ ആദ്യ അവസരത്തിൽ പ്രതിരോധം, രഹസ്യാന്വേഷണം അടക്കമുള്ള ഉന്നതതലങ്ങളിൽ കാഷ് പ്രവർത്തിച്ചിരുന്നു.

കിഴക്കൻ ആഫ്രിക്കയിൽ നിന്ന് കാനഡവഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി വേരുള്ള കുടുംബമാണ് കാഷ് പട്ടേലിന്റേത്. ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലാണ് കശ്യപിന്റെ ജനനം.

Content Highlights: Who is Kash Patel Donald Trump loyalist likely to be next CIA chief