'പ്രിയ സുഹൃത്ത്' ട്രംപിനെ അഭിനന്ദിച്ച് മോദി; 'ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'

നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും | ഫോട്ടോ: എ.പി
നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും | ഫോട്ടോ: എ.പി

ന്യൂഡൽഹി: വൻ വിജയം സ്വന്തമാക്കി അമേരിക്കയുടെ 47-ാം പ്രസിഡന്റായി എത്തുന്ന ഡൊണാൾഡ് ട്രംപിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നെന്ന് മോദി എക്സിൽ പോസ്റ്റ് ചെയ്തു. ട്രംപിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

"ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹകരണം പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം." മോദിയുടെ വാക്കുകൾ.

2016-ൽ ഇലക്ടറൽ കോളേജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് പ്രസിഡന്റായത്. പോപ്പുലർ വോട്ടുകളിൽ അന്ന് വിജയം അന്നത്തെ എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണായിരുന്നു. ഇത്തവണ ഇലക്ടറൽ കോളേജ്- പോപ്പുലർ വോട്ടുകൾക്ക് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് പ്രസിഡന്റാവുന്നത്. 

68,760,238 (51.2%) പോപ്പുലർ വോട്ടുകളാണ് ഇതുവരെ വന്ന ഫലങ്ങൾ പ്രകാരം ട്രംപ് നേടിയത്. 267 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്. എതിർസ്ഥാനാർഥി കമല ഹാരിസിന് 63,707,810 (47.4%) പോപ്പുലർ വോട്ടുകളും ലഭിച്ചു. 224 ഇലക്ടറൽ കോളേജ് വോട്ടുകളാണ് കമലയ്ക്ക് ഇതുവരെയുള്ളത്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി 51 സീറ്റ് നേടിയപ്പോൾ ഡെമോക്രാറ്റുകൾ 42 സീറ്റിലാണ് ജയിച്ചത്.

Content Highlights: Indian Prime Minister Narendra Modi congratulated Donald Trump on his re-election as US President