പോപ്പുലറായിട്ട് കാര്യമില്ല, ഇലക്ടറല്‍ വോട്ടാണ് മുഖ്യം; നവംബര്‍ 5 ആര്‍ക്ക് നല്ലദിനം

നാല് വര്‍ഷം മുമ്പ് ഇതേപോലെ നവംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷം വരുന്ന ചൊവ്വാഴ്ച അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ വൈറ്റ് ഹൈസിന് മുന്നില്‍ ജനത്തെ അഭിസംബോധന ചെയ്ത് ഡൊണൾഡ് ട്രംപ് സ്വയം വിജയം അവകാശപ്പെട്ടു. പ്രധാന സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പായിരുന്നു ഇത്. എന്നാല്‍, അന്തിമ കണക്ക് വന്നപ്പോള്‍ 306 ഇലക്ടറല്‍ വോട്ട് നേടി ജോ ബൈഡന്‍ പ്രസിഡന്റായി. 232 വോട്ടുമായി ട്രംപ് തോറ്റു. അവിടെയും ട്രംപ് വഴങ്ങിയില്ല. പ്രസിഡന്റിനെ ഔദ്യോഗികമായി ഇലക്ടറല്‍ കോളജ് പ്രതിനിധികള്‍ തിരഞ്ഞെടുക്കുന്ന 2021 ജനുവരിയില്‍ നടന്ന കാപ്പിറ്റോള്‍ ഹില്‍ കലാപം ചരിത്രത്തിലെ കറുത്ത ഏടായി ഇന്നും നില്‍ക്കുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ട്രംപിന്റെ അനുയായികള്‍ കാപ്പിറ്റോള്‍ ഹില്‍ കയ്യേറി. കലാപം അടിച്ചമര്‍ത്തി ബൈഡന്‍ ഔദ്യോഗികമായി പ്രസിഡന്റായും കമല ഹാരിസ് വൈസ് പ്രസിഡന്റായും പ്രഖ്യാപിക്കപ്പെട്ടു. വര്‍ഷം നാല് കഴിഞ്ഞു. ഇത്തവണയും അമേരിക്കയില്‍ വാശിയേറിയ പോരാട്ടമാണ്. ഇംപീച്ച്‌മെന്റ് നടപടികള്‍ അടക്കം നേരിട്ട് ട്രംപ് ഒരു വട്ടം കൂടി പ്രസിഡന്റ് പദത്തിലേറുമോ. അതോ കമല ഹാരിസ് ചരിത്രം കുറിച്ച് പ്രസിഡന്റാകുന്ന ആദ്യ വനിതയാകുമോ? അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇത്തവണയും സവിശേഷത ഏറെയാണ്. ഡെമോക്രാറ്റുകള്‍ ജയിച്ചാല്‍ വൈസ് പ്രസിഡന്റ് പദവിയില്‍നിന്ന് പ്രസിഡന്റ് പദവിയിലേക്ക് കമലയുടെ പ്രമോഷന്‍. ഇന്ത്യക്കും അത് അഭിമാനമുഹൂര്‍ത്തമാകും. 2016-ല്‍ ഹിലരി ക്ലിന്റ് സാധിക്കാത്തത് കമലയ്ക്ക് കഴിയുമോ? അതോ മുന്‍ പ്രസിഡന്റ് ട്രംപ് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രസിഡന്റായി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമോ?. റിപ്പബ്ലിക്കന്‍സ് ഇത്തവണ വിജയം പിടിച്ചെടുക്കാന്‍ കൊതിക്കുമ്പോള്‍ അധികാരം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഡെമോക്രാറ്റുകള്‍. പ്രായാധിക്യവും നാവുപിഴയും കാരണം പ്രചാരണം പാതിവഴിക്ക് നിര്‍ത്തി ബൈഡന്‍ പിന്മാറിയതോടെയാണ് കമലയ്ക്ക് നറുക്കുവീണത്. ആ തീരുമാനം ഫലത്തെ സ്വാധീനിക്കുമോ?
Content Highlights: Who Is Leading - Donald Trump Or Kamala Harris?