ഇവാൻകയും മെലാനിയയുമല്ല; സ്റ്റേജിൽ ചെറുപുഞ്ചിരിയോടെ നിന്നത് ട്രംപിന്റെ 'വലംകൈ'; ആരാണ് ലാറ?

യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ട്രംപ് നടത്തിയ പ്രസംഗം ലോകമാകെ ചർച്ചയാണ്. എന്നാൽ, സാമൂഹികമാധ്യമങ്ങൾ ബുധനാഴ്ച തിരഞ്ഞത് മറ്റൊരു വ്യക്തിയെ ആയിരുന്നു. മുഖത്ത് ചെറുപുഞ്ചിരിയോടെ ട്രംപിന് തൊട്ടടുത്ത് ഒരു യുവതി നിന്നിരുന്നു. സാധാരണയായി മകൾ ഇവാൻക നിൽക്കുന്നിടത്ത് ഇപ്രാവിശ്യം മറ്റൊരു കറുപ്പ് വസ്ത്രധാരി. ഭാര്യ മെലാനിയ ട്രംപിനെ കൂടാതെ അദ്ദേഹത്തിനൊപ്പം സ്റ്റേജിൽ ഇടംപിടിച്ചത് മറ്റാരുമായിരുന്നില്ല, അത് ട്രംപിന്റെ മരുമകൾ ലാറ ട്രംപായിരുന്നു.
ഡൊണാൾഡ് ട്രംപിന്റെ മൂന്നാമത്തെ മകൻ എറിക്കിന്റെ ഭാര്യയാണ് ലാറ ട്രംപ്. 2008-ലാണ് ലാറയും എറിക്കും പരിചയത്തിലാകുന്നത്. തുടർന്ന്, ആറു വർഷത്തെ ഡേറ്റിങിന് ശേഷം 2014-ൽ ഇരുവരും വിവാഹിതരായി. ദമ്പതികൾക്ക് രണ്ട് കുട്ടികളാണ്. ഇവരുടെ ചിത്രങ്ങൾ ലാറ സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്.
2024-ലെ പ്രചാരണവേദികളിലെ നിർണായകസ്വാധീനമായിരുന്നു ലാറ ട്രംപ്. സ്ത്രീ വോട്ടർമാരെ ലക്ഷ്യംവെച്ച് നടത്തിയ വിമൻ ഫോർ ട്രംപ് പ്രചാരണപരിപാടിയുടെ ബുദ്ധികേന്ദ്രം ലാറയുടേതായിരുന്നു. എന്നാൽ, മരുമകൾ നേതൃത്വം നൽകിയ ഈ പരിപാടിയിൽ നിന്ന് ട്രംപിന്റെ ഭാര്യ മെലാനിയ വിട്ടുനിന്നു. മകൾ ഇവാൻകയേയും വിമൻ ഫോർ ട്രംപ് വേദികളിൽ കണ്ടിരുന്നില്ല.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാധ്യമപ്രവർത്തകയായിരുന്നു ലാറ. ട്രംപ് പ്രൊഡക്ഷൻസിന്റെ റിയൽ ന്യൂസ് അപ്ഡേറ്റിലും ഫോക്സ് ന്യൂസിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് തീരുമാനിച്ചതോടെയാണ് അവർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു. വ്യക്തിജീവിതത്തിൽ നല്ലൊരു ഗായിക കൂടിയാണ് ലാറ.
Content Highlights: The Gorgeous Woman In Black On Stage With Donald Trump is Lara Trump