രണ്ട് തവണ പ്രസിഡന്റ്, സ്വന്തം പേരില്‍ വോഡ്കയും ഗെയിമും; ഇന്ന് ട്രംപിന്റെ ചരിത്ര വിജയം

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ തലപ്പത്തേക്ക് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടെയെത്തുമ്പോള്‍ അത് പുതിയ ചരിത്രത്തിന് കൂടിയാണ് വഴിയൊരുക്കുന്നത്. 2016 ല്‍ ആദ്യമായി ട്രംപ് അധികാരത്തിലെത്തുമ്പോള്‍ അന്ന് പോപ്പുലര്‍വോട്ട് ട്രംപിനൊപ്പം നിന്നിരുന്നില്ലെങ്കില്‍ ഇത്തവണ പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്താനും ഇലക്ടറല്‍ വോട്ടിലെ മേധാവിത്വവും ഒപ്പം സെനറ്റും ട്രംപിനൊപ്പം നിന്നു.
2016 ന് പുറമെ 2024 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് എത്തുന്നതോടെ തുടര്‍ച്ചയായല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറുകയും ചെയ്തു. 127 വര്‍ഷത്തിന് ശേഷമാണ് ആ ചരിത്രം തിരുത്തപ്പെടുന്നത്. ഇതിന് മുമ്പ് മുന്‍പ് ഗ്രോവന്‍ ക്ലീന്‍ ലന്‍ഡായിരുന്നു ഈ റെക്കോര്‍ഡിന് ഉടമ. 1885 മുതല്‍ 1889 വരേയും 1893 മുതല്‍ 1897 വരേയും അദ്ദേഹം അധികാരത്തിലിരുന്നു. ഇതിന് പുറമെ നാലു തവണ മത്സരിക്കുകയും ജയിക്കുകയും ഏറ്റവും കൂടുതല്‍ കാലം പദവി വഹിക്കുകയും ചെയ്ത ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റിന് ശേഷം കൂടുതല്‍ തവണ മത്സരിക്കുന്ന നേതാവായും ട്രംപ് മാറി. റിച്ചാര്‍ഡ് നിക്‌സണ്‍ 1960 ല്‍ ജോണ്‍ എഫ് കെന്നഡിയോട് തോറ്റിരുന്നു. പിന്നീട് 1968 ലും 1972 ലും ജയിച്ചു. 1951 ല്‍ ആണ് പ്രസിഡന്റ് പദവി രണ്ട് ടേം ആയി നിജപ്പെടുത്തിയത്.
എന്താവും ക്രിമിനല്‍ കേസുകള്‍
2021 ല്‍ ആണ് ഡൊണാള്‍ഡ് ട്രംപിനെതിരെ യു.എസ് പ്രതിനിധി സഭ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയത്. അങ്ങനെ രണ്ട് തവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന ആദ്യ പ്രസിഡന്റായി ട്രംപ് മാറുകയും ചെയ്തു. ജനപ്രതിനിധി സഭാംഗങ്ങളില്‍ 197 പേര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ 223 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. കാപ്പിറ്റോളില്‍ അരങ്ങേറിയ ട്രംപനുകൂലികളുടെ അതിക്രമത്തിന് പ്രേരണ നല്‍കിയെന്ന കാരണത്താലാണ് ട്രംപ് ഇംപീച്ച്മെന്റ് നടപടി നേരിട്ടത്.
2019 ല്‍ ആദ്യ ഇംപീച്ച്മെന്റ് നേരിട്ട ട്രംപിനെ 2020 ഫെബ്രുവരിയില്‍ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരംഗം പോലും 2019 ലെ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ചിരുന്നില്ല. ഇംപീച്ച്മെന്റ് പ്രമേയം സെനറ്റില്‍ കൂടി പാസായാല്‍ തിരഞ്ഞെടുപ്പുകളില്‍ ട്രംപിന് വിലക്ക് നേരിടേണ്ടി വരുമായിരുന്നു.കൂടാതെ 1958 ലെ ഫോര്‍മര്‍ പ്രസിഡന്റ്സ് ആക്ട് അനുസരിച്ച് മുന്‍ പ്രസിഡന്റുമാര്‍ക്ക് അനുവദിക്കുന്ന പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സുരക്ഷ എന്നിവയെല്ലാം ട്രംപിന് നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു.
1868 ല്‍ ആന്‍ഡ്രൂ ജോണ്‍സണ്‍, 1998 ല്‍ ബില്‍ ക്ലിന്റണ്‍ എന്നിവരാണ് ട്രംപിന് മുമ്പ് ഇംപീച്ച്മെന്റ് നടപടി നേരിട്ട യുഎസ് പ്രസിഡന്റുമാര്‍. റിച്ചാര്‍ഡ് നിക്സണെതിരെയും ഇംപീച്ച്മെന്റ് നടപടി പ്രഖ്യാപിച്ചെങ്കിലും 1974 ല്‍ രാജി വെച്ചതോടെ നടപടി നേരിടേണ്ടി വന്നില്ല. പിന്നീട് 2019ല്‍ ട്രംപിനെതിരെ ജനപ്രതിനിധിസഭ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയെങ്കിലും സെനറ്റ് ട്രംപിനെ തുണച്ചു. ഇതടക്കം നാല് ക്രിമിനല്‍ കേസുകളാണ് ട്രംപിനെതിരേയുള്ളത്.
ക്രിമിനല്‍ കേസ് നേരിട്ട ആദ്യ പ്രസിഡന്റ്
ചരിത്രത്തിലാദ്യമായി ക്രിമിനല്‍ കുറ്റം നേരിട്ട ആദ്യത്തെ മുന്‍ യുഎസ് പ്രസിഡന്റായിരുന്നു ഡൊണാള്‍ഡ് ട്രംപ്. 2016 ലെ പ്രസിഡന്‍ഷ്യല്‍ കാമ്പയ്‌നിനിടെ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് ട്രംപ് 1,30,000 ഡോളര്‍ നല്‍കിയെന്നായിരുന്നു കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നല്‍കിയതെന്നായിരുന്നു ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പ്രധാന ആരോപണം.
കുറ്റാരോപണത്തെ 'രാഷ്ട്രീയ പീഡനം' എന്നാണ് ട്രംപ് അന്ന് വിശേഷിപ്പിച്ചത്. 2024 തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ഇത് ദോഷം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസില്‍ ട്രംപ് കുറ്റക്കാരനെന്നും കോടതി കണ്ടെത്തിയിരുന്നു. മാന്‍ഹട്ടന്‍ ഗ്രാന്‍ഡ് ജൂറിയാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
വ്യവസായത്തില്‍നിന്ന് വൈറ്റ് ഹൗസിലേക്ക്
- പിതാവ് ഫ്രെഡ് ട്രംപ് നിര്‍മാണമേഖലയില്‍ വിജയംകണ്ട വ്യവസായിയായിരുന്നു. അഞ്ചുമക്കളില്‍ നാലാമന്‍. യഥാര്‍ഥ കുടുംബ നാമം ഡ്രംഫ്. പൂര്‍വികര്‍ ജര്‍മനിയില്‍നിന്നും സ്‌കോട്ട്ലന്‍ഡില്‍നിന്നും അമേരിക്കയില്‍ എത്തിയവര്‍.
- സെക്കന്‍ഡ് ഗ്രേഡില്‍ പഠിക്കുമ്പോള്‍ സംഗീതാധ്യാപകനെ സംഗീതമറിയില്ലെന്നു പറഞ്ഞ് ഇടിച്ചുപരിക്കേല്‍പിച്ചു. സ്വന്തം അഭിപ്രായങ്ങളെ ശക്തമായി അറിയിക്കാനുള്ള സ്വഭാവത്തിന്റെ ഭാഗമാണിതെന്ന് ട്രംപ്.
- ന്യൂയോര്‍ക്ക്മിലിറ്ററി അക്കാദമിയില്‍ പഠനം. പഠനകാലത്ത് മികച്ച കായികതാരവും വിദ്യാര്‍ഥിനേതാവും. പെന്‍സില്‍വാനിയ സര്‍വകലാശാ ലയിലെ വാര്‍ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം
- കീടാണുക്കളോടുള്ള ഭയം (ജെര്‍മഫോബിയ) കാരണം ഹസ്തദാനം കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കും. ഹസ്തദാനം ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആളുകളെ സ്വന്തം ശരീരത്തോടു ചേര്‍ത്തുനിര്‍ത്തും.
- 2007 ല്‍ ഡബ്ല്യു.ഡബ്ല്യു.ഇ. ചെയര്‍മാന്‍ വിന്‍സ് മക്മ ഹോനുമായി ഗുസ്തിയില്‍ വാതുവെപ്പ്. തോറ്റ മക്മഹോന്‍ തല മൊട്ടയടിച്ചു. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ സ്വന്തം നക്ഷത്രചിഹ്നം
- ഭാര്യ: മെലാനിയ ട്രംപ് (മൂന്നാമത് ഭാര്യ). മുന്‍ ഭാര്യമാര്‍: ഇവാന സെല്‍ നിക്കോവ വിങ്ക്ള്‍മെയര്‍ (ചെക് ഒളിംപിക് സ്‌കീ ടീമംഗം), മാര്‍ല മേപ്പിള്‍സ് (സിനിമാ താരം) മക്കള്‍: ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാങ്ക ട്രംപ്, എറിക് ട്രംപ്, ടിഫാനി ട്രംപ്, ബാരണ്‍ ട്രംപ്.
- റിയല്‍ എസ്റ്റേറ്റ് വ്യവസായി, ട്രംപ് ഓര്‍ഗനൈസേഷന്റെ ചെയര്‍മാനും പ്രസിഡന്റും. 2006-ല്‍ സ്വന്തംപേരില്‍ വോഡ്ക പുറത്തിറക്കി. മോശം പ്രതികരണത്തെത്തുടര്‍ന്ന് 2011-ല്‍ നിര്‍മാണം നിര്‍ത്തി.
- നാലുതവണ ട്രംപിന്റെ സ്ഥാപനങ്ങള്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. ശാരീരികമായ പ്രശ്‌നങ്ങളുള്ള കുഞ്ഞ് ജനിച്ച കാരണത്തിന് സ്വന്തം മരുമകനായ ഫ്രെഡ് ജൂനിയര്‍ 3-ന് സ്വത്തുനിഷേധിച്ച ചരിത്രമുണ്ട് ട്രംപിനും സഹോദരങ്ങള്‍ക്കും.
- സ്വന്തംപേരില്‍ കളിയുള്ള ഏക അമേരിക്കന്‍ പ്രസിഡന്റ്. 'ട്രംപ്: ദ ഗെയിം' എന്ന പേരിലുള്ള ബോര്‍ഡുപയോഗിച്ചുള്ള കളി മോശം പ്രതികരണത്തെത്തുടര്‍ന്ന് 1989-ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.
- ജനിഫര്‍ ഹഡ്‌സണ്‍ എന്ന ഹോളിവുഡ് താരത്തിന്റെ അമ്മ, സഹോദരന്‍, മരുമകന്‍ എന്നിവര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനുശേഷം താരത്തിനും കുടുംബത്തിനും ട്രംപ് ഇന്റര്‍നാഷണല്‍ ടവര്‍ ആന്‍ഡ് ഹോട്ടലില്‍ സൗജന്യ താമസസൗകര്യം ഏര്‍പ്പെടുത്തി.
Content Highlights: Donald trump wins again as us president