നിറഞ്ഞ ചിരിയോടെ ബൈഡൻ, വോട്ട് ചെയ്തത് ട്രംപിനോ?; ചർച്ചയ്ക്ക് തുടക്കമിട്ട് ട്രംപിന്റെ മകൻ

ജോ ബൈഡന്‍ | ഫോട്ടോ: എ.എഫ്.പി
ജോ ബൈഡന്‍ | ഫോട്ടോ: എ.എഫ്.പി

വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വോട്ടുചെയ്തിരിക്കുക കമലാ ഹാരിസിനല്ല ഡൊണാൾഡ് ട്രംപിനാണെന്ന് വാദിച്ച് സാമൂഹികമാധ്യമ ഉപയോക്താക്കൾ.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം രാഷ്ട്രത്തെ അഭിസംബോധനചെയ്ത് സംസാരിക്കവേ ബൈഡൻ അത്യധികം സന്തുഷ്ടനായി കാണപ്പെട്ടുവെന്ന് നെറ്റിസൺസ് പറയുന്നു. ഇത്രനിറഞ്ഞ ചിരിയോടെ ബൈഡനെ മുൻപ് കണ്ടിട്ടില്ലത്രേ. ഈ പ്രഭാതത്തിൽ തന്നെക്കാൾ ഏറെ സന്തോഷിക്കുന്ന ഏകവ്യക്തി ജോ ബൈഡനാണെന്ന് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറും എക്സിൽ കുറിച്ചു. തന്റെ പ്രസംഗത്തിൽ ട്രംപിനെ അഭിനന്ദിച്ച ബൈഡൻ ജനുവരിയിൽ സമാധാനപരമായ അധികാരക്കൈമാറ്റം ഉറപ്പുനൽകിയിരുന്നു.

തുടക്കത്തിൽ ബൈഡനായിരുന്നു ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി. ജൂലായിലാണ് അപ്രതീക്ഷിതമായി ബൈഡന് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറേണ്ടിവന്നതും പകരക്കാരിയായി കമല എത്തിയതും. ഉൾപാർട്ടി തിരഞ്ഞെടുപ്പിലൂടെ സ്ഥാനാർഥിയാകാൻ വേണ്ട പ്രതിനിധികളെ നേടുകയും പ്രചാരണം പാതിവഴിയിലെത്തുകയും ചെയ്തശേഷമായിരുന്നു അത്. ട്രംപുമായി ഏറ്റുമുട്ടിയ ടെലിവിഷൻസംവാദത്തിലെ മോശംപ്രകടനവും പ്രായാധിക്യത്തെക്കുറിച്ചുള്ള ആശങ്കകളും ശക്തമായതോടെ സമ്മർദങ്ങൾക്കുവഴങ്ങിയാണ് ബൈഡൻ മത്സരത്തിൽനിന്നൊഴിഞ്ഞത്.

Content Highlights: 'He Voted For Trump': Internet Says Biden Looked Happiest During Speech After Harris Loss