മുന്‍കൂര്‍ ജാമ്യവും ഫലിച്ചില്ല, പാളിയ 'ഓഡിറ്റ്'; തൊട്ടതിലും തൊടാത്തതിലും കൈപൊള്ളി എല്‍ഡിഎഫ്

പ്രചാരണത്തിന്റെ എല്ലാഘട്ടത്തിലും എല്‍.ഡി.എഫ്. ഉയര്‍ത്തിയ ചര്‍ച്ചാവിഷയങ്ങളുടെ പൂര്‍ണ്ണപരാജയമാണ് പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഉടനീളം ഉയര്‍ത്തിയ വികസന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് വീഴാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് എല്‍.ഡി.എഫ്. ശരിയാംവണ്ണം വിലയിരുത്തുമ്പോഴും, അതില്‍മാത്രം ഒതുങ്ങിനില്‍ക്കാത്തവിധം പ്രചാരണം പലസമയത്തും കൈവിട്ടുപോയി. രണ്ടാംപിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷമുള്ള രണ്ടാം ഉപതിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ പരാജയപ്പെട്ട വികസനചര്‍ച്ച എങ്ങനെ പുതുപ്പള്ളിയില്‍ വിജയിപ്പിക്കാം എന്ന ചോദ്യത്തിന്, എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രി വി.എന്‍. വാസവന്‍ മുതല്‍ ജെയ്ക്കിനായ് സജീവമായി രംഗത്തുണ്ടായിരുന്ന യുവനേതാക്കള്‍ക്കുവരെ വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. എന്നാല്‍, മണ്ഡലത്തിന്റെ വികസനവും ജീവല്‍പ്രശ്‌നങ്ങളും സജീവചര്‍ച്ചയാക്കും എന്ന് സ്ഥാനാര്‍ഥി തന്നെ അവകാശപ്പെട്ടപ്പോഴും, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും മുമ്പുള്ള ദിവസങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിയ ഉമ്മന്‍ചാണ്ടിയുടെ ചികിത്സാവിവാദത്തില്‍തന്നെ അവസാനദിവസവും ചര്‍ച്ച ചെന്നുനിന്നു.
മാറ്റി സ്ഥാപിച്ച ഗോള്‍ പോസ്റ്റ്
എല്‍.ഡി.എഫിനെ സംബന്ധിച്ച് പലഘട്ടത്തിലും ഗോള്‍ പോസ്റ്റുകള്‍ മാറ്റിസ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമായിരുന്നു എല്‍.ഡി.എഫിന്റേത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ തുറന്നുവിട്ട 'പുണ്യാളന്‍ ചര്‍ച്ച'യ്ക്ക് മറുപടി പറയവെ, സി.പി.എം. സംസ്ഥാന സമിതി അംഗം നല്‍കിയ മറുപടി കൈവിട്ടതോടെ തുടങ്ങി എല്‍.ഡി.എഫിനെ സംബന്ധിച്ച ആശയക്കുഴപ്പം. 53 വര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നയാളെ 'കൊലയാളികളുടെ രക്ഷകര്‍ത്താവ്' എന്ന് ജില്ലയില്‍നിന്നുള്ള നേതാവ് സാമൂഹികമാധ്യമ പോസ്റ്റില്‍ വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ഏറ്റെടുത്തു. ആരോപണത്തിന്റെ തുടര്‍ച്ചയായി യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ ലക്ഷ്യമിട്ട് ഉമ്മന്‍ചാണ്ടിയുടെ ചികിത്സവൈകിപ്പിച്ചുവെന്ന ആരോപണം കൂടെ അദ്ദേഹം ഉയര്‍ത്തി. എന്നാല്‍, ഇത് തിരിച്ചടിയാകുമെന്ന് കണ്ടതോടെ വ്യക്തികളേയോ കുടുംബത്തേയോ അധിക്ഷേപിച്ചുള്ള പ്രചാരണത്തിന് മുതിരേണ്ടെന്ന നിര്‍ദേശം സി.പി.എം. സംസ്ഥാനസെക്രട്ടറിക്ക് പരസ്യമായി തന്നെ നല്‍കേണ്ടിവന്നു. ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ വൈകാരികത വോട്ടാക്കാനുള്ള യു.ഡി.എഫിന്റെ നീക്കങ്ങള്‍ക്ക് വളമിട്ടുകൊടുക്കുന്നതായിരിക്കും അത്തരം പ്രസ്താവനകളെന്ന ബോധ്യം പാര്‍ട്ടിക്കുവന്നു. തങ്ങള്‍ മണ്ഡലത്തില്‍ ഉദ്ദേശിക്കുന്നത് രാഷ്ട്രീയ പോരാട്ടമാണെന്നും ചര്‍ച്ച വികസനമാണെന്നും ഇതോടെ നേതാക്കള്‍ ഒന്നടങ്കം അവകാശപ്പെടാന്‍ തുടങ്ങി.
തുടര്‍ന്ന് പ്രചാരണങ്ങളിലുടനീളം മണ്ഡലത്തിലെ വികസനവിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് എല്‍.ഡി.എഫ്. ശ്രമിച്ചത്. വികസനമാണ് ചര്‍ച്ചയെങ്കില്‍ പുതുപ്പള്ളിയെ സി.പി.എമ്മിന്റെ പ്രധാനനേതാക്കളെല്ലാം വരുന്ന കണ്ണൂരിലെ എതെങ്കിലും മണ്ഡലവുമായി താരതമ്യമാവാമെന്ന ആദ്യഘട്ടത്തില്‍തന്നെ യു.ഡി.എഫ്. സ്ഥാനാര്‍ഥി അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തോട് താരതമ്യംചെയ്ത് എല്‍.ഡി.എഫ്. രംഗത്തെത്തി. വികസനചര്‍ച്ചയ്ക്ക് യു.ഡി.എഫ്. സ്ഥാനാര്‍ഥി നേരിട്ടുവരണമെന്ന ആവശ്യവുമായി രംഗത്തെത്തിയ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പക്ഷേ താരതമ്യമല്ല, മണ്ഡലത്തിന്റെ നിര്‍വത്തിക്കപ്പെടാത്ത ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മണ്ഡലം കൂടുതല്‍ വികസനം അര്‍ഹിച്ചിരുന്നുവെന്ന് ഉയര്‍ത്തിക്കാട്ടി. എന്നാല്‍, എട്ടില്‍ ആറു പഞ്ചായത്തുകളിലേയും ഏഴുവര്‍ഷത്തെ സംസ്ഥാന ഭരണത്തേയും ചൂണ്ടിക്കാട്ടി വികസനമില്ലായ്മയ്ക്ക് കാരണം എല്‍.ഡി.എഫ്. ആണെന്ന് യു.ഡി.എഫ്. ആരോപിച്ചു. എല്‍.ഡി.എഫ്. വികസനം മുടക്കികളാണെന്നും കുറ്റപ്പെടുത്തി. മണ്ഡലത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും ആരോഗ്യമേഖലയിലെ വികസനവും ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിച്ചു.
ഇത്തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ മുന്‍മന്ത്രിയും നിലവില്‍ സംസ്ഥാന നിയമസഭയിലെ അംഗവുമായ എം.എം. മണി ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട, ഉറങ്ങിക്കിടന്ന ആരോപണത്തെ വീണ്ടും തട്ടിയുണര്‍ത്തുന്നത്. ഇക്കാലയളവില്‍ ഉയര്‍ന്നുവന്ന സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും പ്രതിക്കൂട്ടില്‍നിര്‍ത്തുന്ന വെളിപ്പെടുത്തലുകള്‍ സജീവമായി ഉന്നയിക്കുന്ന പ്രതിപക്ഷ എം.എല്‍.എയ്‌ക്കെതിരായ അധിക്ഷേപപരാമര്‍ശവും മുന്‍മന്ത്രിയില്‍നിന്നുണ്ടായി.
ഇതേസമയത്തുതന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ മകളും യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ സഹോദരിയുമായ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണവും ഉയര്‍ന്നുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പങ്കാളിയുമായ വീണാ വിജയനെതിരായി ആ ഘട്ടത്തില്‍ ഉയര്‍ന്നുവന്ന വെളിപ്പെടുത്തലില്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പുണ്ടെന്ന് അവകാശപ്പെടാനായി തുടങ്ങിയ പ്രചാരണമാണ് അധിക്ഷേപത്തിന്റെ രൂപമെടുത്തത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം നല്‍കാത്ത സേവനത്തിന് മാസം തോറും സി.എം.ആര്‍.എല്‍. എന്ന കമ്പനിയില്‍നിന്ന് പ്രതിഫലം കൈപ്പറ്റിയെന്ന വാര്‍ത്ത ചര്‍ച്ചയാക്കുന്ന മാധ്യമങ്ങള്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകളുടെ ആഡംബര ജീവിതം വാര്‍ത്തയാക്കാന്‍ ധൈര്യപ്പെടുന്നില്ലെന്ന് കുറ്റപ്പെടുത്താനായി സൈബര്‍ സി.പി.എം. തുടങ്ങിയ പ്രചാരണമായിരുന്നു അത്. കോണ്‍ഗ്രസ് നേതാക്കളുടേയും, പ്രത്യേകിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടേയും കുടുംബത്തെ മാധ്യമങ്ങള്‍ ഓഡിറ്റ് ചെയ്യുന്നില്ലെന്നായിരുന്നു 'പരാതി'. കണ്ടന്റ് ക്രിയേഷന്‍ പ്രൊഫഷനായി കൊണ്ടുനടക്കുകയും പാരമ്പര്യമായി ഉന്നതജീവിതനിലവാരം പുലര്‍ത്തുകയുംചെയ്യുന്ന കുടുംബത്തിലെ അംഗമാണ് അച്ചു ഉമ്മന്റെ പങ്കാളിയെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും പ്രചാരണം അവിടെനിന്നില്ല. ഒടുവില്‍ നിയമനടപടിയുമായി അച്ചു ഉമ്മന്‍ രംഗത്തെത്തിയതോടെ വെട്ടിലായത് സി.പി.എമ്മാണ്. സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളി എന്ന സി.പി.എം. അനുകൂല സംഘടനാനേതാവ് തന്നെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് എല്‍.ഡി.എഫിനെ സമ്മര്‍ദ്ദത്തിലാക്കി.
മുന്‍മന്ത്രിയുടെ തന്നെ വ്യക്തിയധിക്ഷേപപരാമര്‍ശങ്ങളും പാര്‍ട്ടി അനുകൂല സംഘടനയുടെ നേതാവ് സൈബര്‍ അധിക്ഷേപപരാതിയില്‍ പ്രതിചേര്‍ക്കപ്പെട്ടതും പ്രചാരണരംഗത്ത് എല്‍.ഡി.എഫിനെ പിന്നോട്ടടിച്ചു. വ്യക്തിയധിക്ഷേപങ്ങളെ നേരത്തെതന്നെ പാര്‍ട്ടി തള്ളിക്കളഞ്ഞതാണെന്ന് പറഞ്ഞ് നേതാക്കള്‍ ആണയിട്ടു. സൈബര്‍ പ്രചാരണങ്ങളെ തങ്ങള്‍ നിരാകരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രചാരണങ്ങളെ നേരിട്ട് തള്ളിപ്പറഞ്ഞ് കൈയ്യൊഴിയേണ്ടതിന് പകരം, സൈബര്‍ പ്രചാരണസംഘങ്ങളുടെ അതേവാദമുയര്‍ത്തി മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ വെളിപ്പെടുത്തലുകളോട് സമീകരിച്ചുള്ള പ്രതികരണത്തിനായിരുന്നു എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മുതിര്‍ന്നതെന്നതും ശ്രദ്ധിക്കപ്പെട്ടു.
സൈബര്‍ അധിക്ഷേപങ്ങളെ പാര്‍ട്ടി തള്ളിപ്പറഞ്ഞെങ്കിലും അച്ചു ഉമ്മന്റെ പരാതിയിലെ നിയമനടപടികള്‍ തിരഞ്ഞെടുപ്പിനിടയില്‍തന്നെ പുരോഗമിച്ചതോടെ, സമാന്തരമായി ആ വിവാദം നിലനിന്നു. ഇതിനിടെ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ പങ്കാളിക്കെതിരായ സൈബര്‍ ആക്രമണവും സജീവ ചര്‍ച്ചയാവുന്നത്. എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ പ്രചാരണങ്ങള്‍ക്കിറക്കി സഹതാപവോട്ട് പിടിക്കാന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വനിതാ പ്രൊഫൈലുകള്‍ അടക്കം രംഗത്തെത്തി. ഇതിനെതിരെ ഗീതു തോമസ് നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് ദിവസമാണ് ഒരു സാമൂഹികമാധ്യമ അക്കൗണ്ടിന്റെ അഡ്മിനെതിരെ കേസെടുക്കുന്നത്. അധിക്ഷേപങ്ങളെ തള്ളിപ്പറഞ്ഞ് യു.ഡി.എഫ്. രംഗത്തെത്തി. ഒരുപടികൂടെക്കടന്ന്, അധിക്ഷേപം തങ്ങളുടെ ശൈലിയല്ലെന്ന് അവകാശപ്പെട്ട ചാണ്ടി ഉമ്മന്‍ അത്തരം പ്രചാരണങ്ങളുടെ വിഷമം തങ്ങള്‍ക്ക് അറിയാമെന്നും കോണ്‍ഗ്രസുകാരുടെ പേരില്‍ അങ്ങനെയാരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ജെയ്ക്കിന്റെ ഭാര്യയോട് താന്‍ ക്ഷമചോദിക്കുന്നുവെന്ന് പ്രസ്താവിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ ലൈംഗികപീഡന പരാതി തള്ളിയ സി.ബി.ഐ. റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തില്‍കൂടെ വന്ന പ്രതികരണം യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ഗ്രാഫുയര്‍ത്തി.
തുടങ്ങിയിടത്തുതന്നെ എല്‍.ഡി.എഫ്.
പുതുപ്പള്ളിക്ക് മുമ്പ് കേരളം അവസാനമായി കണ്ട് രണ്ട തിരഞ്ഞെടുപ്പുകളില്‍ ഒന്ന് കൃത്യം ഒരുവര്‍ഷം മുമ്പുള്ള തൃക്കാക്കര ഉപതിരഞ്ഞെടുപ്പും മറ്റൊന്ന് സംസ്ഥാനനിയമസഭാ തിരഞ്ഞെടുപ്പുമാണ്. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം പരസ്യപ്രതികരണങ്ങളിലൂടെ ചര്‍ച്ചയായത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജവീഡിയോയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ, 'അയ്യപ്പാ തെറ്റുപറ്റിപ്പോയി' എന്ന് പിണറായി വിജയന്‍ മാപ്പു പറയണമെന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ പ്രതികരണവുമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസത്തെ പ്രധാന ചര്‍ച്ചാവിഷയം. എന്നാല്‍, ഇതുരണ്ടും ആരെ തിരഞ്ഞെടുക്കണമെന്ന വോട്ടര്‍മാരുടെ തീരുമാനത്തെ യാതൊരുതരത്തിലും സ്വാധീനിച്ചില്ലെന്നതാണ് ഫലം തെളിയിച്ചത്.
ഇവിടെ രണ്ടിടത്തും പരാജയപ്പെട്ടതിന് സമാനമായ ചര്‍ച്ച വോട്ടെടുപ്പ് ദിവസം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ്. ശ്രമിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുമ്പ് എല്‍.ഡി.എഫ്. എവിടെയായിരുന്നോ അവിടെ തന്നെ ചര്‍ച്ചയെത്തിക്കുകയാണ് അവസാനദിവസവും അവര്‍ ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാവിവാദവും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ മകന്‍ അദ്ദേഹത്തിന് ചികിത്സനിഷേധിച്ചുവെന്നും വരുത്തിത്തീര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്താവനകള്‍ ഫലത്തെ സ്വാധീനിച്ചില്ലെന്നത് വ്യക്തം. ഉമ്മന്‍ചാണ്ടിക്ക് ചികിത്സനിഷേധിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വെളിപ്പെടുത്ത ശബ്ദസന്ദേശം പുറത്തുപ്രചരിക്കുന്നുവെന്നായിരുന്നു എല്‍.ഡി.എഫിന്റെ പ്രചാരണം. ചികിത്സനിഷേധിച്ചുവെന്ന് ജില്ലയിലെ നേതാക്കള്‍ ശരിവെക്കുന്നുവെന്ന തരത്തില്‍ ഒരു ഫോണ്‍കോള്‍ സന്ദേശം പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുവെന്ന് 'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍' രണ്ടുപേര്‍ ഫോണില്‍ സംസാരിക്കുന്ന ഓഡിയോ വോട്ടെടുപ്പ് ദിവസത്തോട് അനുബന്ധിച്ച് പുറത്തുവന്നു. സംശയകരമായ ആ ഓഡിയോ സന്ദേശം പ്രചരിപ്പിക്കപ്പെടുമ്പോഴായിരുന്നു, ആധികാരികമായി ആരോപണങ്ങള്‍ ഉന്നയിച്ച് സ്ഥാനാര്‍ഥി തന്നെയും മന്ത്രി വി.എന്‍. വാസവനും രംഗത്തെത്തിയത്. ഓഡിയോ ക്ലിപ്പിന്‍ അന്വേഷണം ആവശ്യപ്പെടാന്‍ യു.ഡി.എഫ്. തയ്യാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍, വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷനേതാവ് രംഗത്തെത്തി. ഓഡിയോ ക്ലിപ്പില്‍ പണി പറ്റിച്ചത് നമ്മുടെ വിജയനാണെന്ന് പറയുന്നുണ്ടെന്നും അത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പറയില്ലല്ലോ എന്ന ചോദ്യവുമായി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രംഗത്തെത്തി. എന്നാല്‍, പാര്‍ട്ടി തീരുമാനിച്ചുറപ്പിച്ച ആരോപണം ഉന്നയിക്കുന്നതിലുപരി ഓഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചില ചോദ്യങ്ങള്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാല്‍, ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് പിതാവ് തന്നെ രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകളുണ്ട്, അത് സമയമാവുമ്പോള്‍ പുറത്തുവിടാമെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയില്‍ കുടുംബം ഉഴപ്പുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ത്തിയ അദ്ദേഹത്തിന്റെ സഹോദരനാകട്ടെ വോട്ടെടുപ്പ് ദിനത്തില്‍ അതേക്കുറിച്ച് പ്രതികരിക്കാനും തയ്യാറായില്ല.
വിജയപ്രതീക്ഷയില്‍നിന്ന് ഹാട്രിക്ക് തോല്‍വിയിലേക്ക്
പ്രചാരണത്തിന് പുറമേ ഫലപ്രതീക്ഷയിലും ഗോള്‍ പോസ്റ്റ് മാറ്റിയും സെല്‍ഫ് ഗോളടിച്ചുമായിരുന്നു എല്‍.ഡി.എഫ്. പ്രചാരണം. വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പുതുപ്പള്ളിയില്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, അതിനനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതില്‍ എല്‍.ഡി.എഫ്. പരാജയപ്പെട്ടു. തുടക്കത്തില്‍ വിജയം അവകാശപ്പെട്ട നേതാക്കള്‍ തന്നെ പിന്നീട് യു.ഡി.എഫിന്റെ ഭൂരിപക്ഷം 20,000ത്തില്‍ കുറയ്ക്കാന്‍ സാധിച്ചാല്‍തന്നെ അത് തങ്ങളുടെ വിജയമാണെന്ന് അവകാശപ്പെടുന്ന നിലയിലേക്കെത്തി.
മണ്ഡലത്തില്‍ ഇത്തവണ വിജയിക്കാന്‍ അവര്‍ക്ക് അനുകൂലമായ എന്തെങ്കിലം സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അത് ജെയ്ക് സി. തോമസ് എന്ന സ്ഥാനാര്‍ഥിയായിരുന്നു. ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ 33- കാരനായ യുവ രാഷ്ട്രീയക്കാരന്‍. രണ്ടുവട്ടം ഉമ്മന്‍ചാണ്ടിക്കെതിരായി മത്സരിച്ച, ഉമ്മന്‍ചാണ്ടി തന്നെ താന്‍ നേരിട്ടവരില്‍ ശക്തനായ സ്ഥാനാര്‍ഥിയെന്ന് സാക്ഷ്യപ്പെടുത്തിയ സ്ഥാനാര്‍ഥി. അതില്‍തന്നെ കഴിഞ്ഞതവണ, ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 10,000ത്തിന് താഴെപ്പിടിച്ചുകെട്ടിയെന്ന ട്രാക്ക് റെക്കോര്‍ഡും.
എട്ടില്‍ ആറ് പഞ്ചായത്തുകളും നിലവില്‍ എല്‍.ഡി.എഫിന്റെ കൈയില്‍. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചത്. 182-ല്‍ അറുപതോളം ബൂത്തുകളിലെ മുന്നേറ്റം. മണ്ഡലത്തെ സംബന്ധിച്ച രാഷ്ട്രീയമായ സാഹചര്യം കഴിഞ്ഞതവണ അനുകൂലമായിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മായാത്ത ഓര്‍മകളെ മറികടക്കാനുള്ള മറ്റൊന്നും എല്‍.ഡി.എഫിനെ സംബന്ധിച്ചുണ്ടായിരുന്നില്ല. വികസനം ചര്‍ച്ചയാക്കിയെങ്കിലും പുതുപ്പള്ളി പോലൊരു ഗ്രാമാന്തരീക്ഷമുള്ള സ്ഥലത്ത് ഇന്ന് എത്തിചേര്‍ന്നിരിക്കുന്ന പുരോഗതിക്ക് കാരണക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്ന വിലയിരുത്തലിനെ മറികടക്കാന്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. രണ്ടുവട്ടം പരാജയപ്പെട്ട സ്ഥാനാര്‍ഥിയോടുള്ള സഹതാപം പക്ഷേ വിജയിപ്പിക്കുന്ന തരത്തില്‍ വോട്ടില്‍ പ്രതിഫലിച്ചുമില്ല.
ഓര്‍ത്തഡോക്‌സ് വിഭാഗവുമായുള്ള പള്ളിത്തകര്‍ക്കത്തെത്തുടര്‍ന്ന് യാക്കോബായ വിഭാഗത്തിനുണ്ടായ അമര്‍ഷം, ഇത്തവണ പക്ഷേ അവര്‍ പ്രകടിപ്പിച്ചില്ല. എന്നുമാത്രമല്ല, ഉമ്മന്‍ചാണ്ടി സഹായിച്ചുവെന്ന കരുതുന്നവര്‍ക്ക്, അദ്ദേഹത്തോടുള്ള സ്‌നേഹം വോട്ടില്‍ പ്രതിഫലിപ്പിക്കാനുള്ള മൗനാനുവാദവും നല്‍കി. യാക്കോബായക്കാരനെങ്കിലും മലങ്കര സഭയിലെ അംഗമെന്ന നിലയില്‍ വിശാലാര്‍ഥത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സഭയുടെ മകനെന്ന് ഓര്‍ത്തോഡ്ക്‌സ് സഭാ കോട്ടയം ഭദ്രാസനാധിപന്‍ ഒരുഘട്ടത്തില്‍ പ്രസ്താവിച്ചെങ്കിലും, ജെയ്ക് വിശ്വാസിയല്ലെന്ന് ചൂണ്ടിക്കാട്ടി അല്‍മായരും വൈദികരും തന്നെ രംഗത്തെത്തി. എന്നാല്‍, ഉമ്മന്‍ചാണ്ടിക്കും മുകളില്‍ ഇത്തരം ചര്‍ച്ചകളൊന്നും ജെയ്ക്കിന് അനുകൂലമായോ പ്രതികൂലമായോ വന്നിരിക്കാന്‍ ഇടയില്ല.
മൃഗസംരക്ഷണവകുപ്പിലെ താത്കാലിക ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട സതിയമ്മയുമായി ബന്ധപ്പെട്ട വിവാദം വലിയ ചര്‍ച്ചാ വിഷയമാക്കാന്‍ യു.ഡി.എഫ്. ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പിനെ വ്യാപകമായി സ്വാധീനിക്കുന്ന വിഷയമായി അത് ഉയര്‍ന്നുവെന്നുവെന്ന് കരുതാന്‍ കഴിയില്ല. അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം പോലെതന്നെ, വളരെ ചെറിയ വിഭാഗം സ്ത്രീ വോട്ടര്‍മാരെ അത് സ്വാധീനിച്ചിരിക്കാമെന്നുമാത്രമേയുള്ളൂ. വലിയ ചര്‍ച്ചകളായി മാധ്യമങ്ങളിലും സൈബര്‍ ഇടങ്ങളിലും ഉയര്‍ന്നുകേട്ട വിവാദങ്ങളൊന്നും സാധാരണവോട്ടര്‍മാര്‍ വിലയ്‌ക്കെടുക്കുകപോലും ചെയ്തില്ലെന്നതാണ് ഗ്രൗണ്ട് റിയാലിറ്റി. ജെയ്ക്കിന് വോട്ടുചെയ്യാന്‍ നേരത്തെ ഉറപ്പിച്ചിരുന്നവര്‍ മണ്ഡലത്തില്‍ വികസനം ഇല്ലെന്ന് അരോപിക്കുമ്പോഴും, പുതുപ്പള്ളിയില്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പലപ്പോഴും പകച്ചുനിന്നുവെന്നതാണ് അനുഭവം.
എല്ലാത്തിനും ഉപരിയായി തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്കിടെ താഴെത്തട്ടില്‍ പറഞ്ഞുകേട്ടത് സര്‍ക്കാരിനെതിരായ വികാരം തന്നെയാണ്. മൂന്നുതവണയായി മുഖ്യമന്ത്രി എല്ലാ പഞ്ചായത്തിലും ഓരോ പൊതുപരിപാടിയില്‍ പ്രചാരണത്തിനെത്തിയിട്ടും, യു.ഡി.എഫിന്റെ ഉറച്ചകോട്ടയെന്ന് ഇപ്പോള്‍ സി.പി.എം. നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്ന തൃക്കാക്കരയിലേതുപോലെ മുഖ്യമന്ത്രി മുന്നില്‍നിന്ന് നയിച്ച തിരഞ്ഞെടുപ്പെന്ന് അവകാശപ്പെടാന്‍ എല്‍.ഡി.എഫ്. തയ്യാറായിരുന്നില്ല. കണക്കുകളില്‍ മണ്ഡലം തങ്ങള്‍ക്ക് അനുകൂലമാണെന്ന് അവകാശപ്പെടുന്ന അതേസമയത്തുതന്നെയായിരുന്നു ഇത്. കോട്ടയത്തെ മറ്റുമണ്ഡലങ്ങള്‍, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ പാര്‍ട്ടിയുടെ ക്രമമായ വളര്‍ച്ച ചൂണ്ടിക്കാട്ടിയും എല്‍.ഡി.എഫ്. അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പുറമേ 15 മന്ത്രിമാരും എം.എല്‍.എമാരുമടക്കം പ്രചാരണത്തിനെത്തി. എന്നാല്‍ അതേസമയത്തുയര്‍ന്ന മാസപ്പടി വിവാദമടക്കം ചൂണ്ടിക്കാട്ടി ഭരണപക്ഷത്തിനെതിരെ കടുത്ത വിരുദ്ധവികാരം കേരളത്തിലെല്ലായിടത്തുമെന്നപോലെ പുതുപ്പള്ളിയിലും പ്രകടമായിരുന്നു. സപ്ലൈകോ സംഭരിച്ച നെല്ലിന് വിലകിട്ടാത്തതിനെത്തുടര്‍ന്ന് കര്‍ഷകര്‍ രംഗത്തെത്തിയതും സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ ക്ഷാമവും തിരഞ്ഞെടുപ്പ് സാഹചര്യത്തിലും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മുന്‍ അവസരങ്ങളിലെപ്പോലെ ഓണത്തിനുള്ള സൗജന്യഭക്ഷ്യക്കിറ്റ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കാന്‍ കഴിയാത്തതും മറ്റ് അഴിമതി ആരോപണങ്ങളുമൊക്കെയും പൊതുവില്‍ സര്‍ക്കാരിനെതിരായി ചിന്തിക്കാന്‍ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കണം. ഇതും ജെയ്ക്കിന്റെ തോല്‍വിയുടെ ആക്കം കൂട്ടി.
തൃക്കാക്കരയില്‍ മന്ത്രിമാര്‍ വീടുകയറിയപ്പോള്‍, പുതുപ്പള്ളിയില്‍ വികസനസദസ്സുകളായിരുന്നു നടത്തിയത്. എന്നാല്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രധാന ആരോപണങ്ങളിലൊന്നും മറുപടി പറയാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായില്ല. ഇത് പാര്‍ട്ടി അനുഭാവികളില്‍പ്പോലും സംശയമുണ്ടാക്കിയെന്ന വിലയിരുത്തല്‍ സി.പി.എമ്മിനുതന്നെയുണ്ട്. ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം, സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന സ്ഥാപനങ്ങളെ പരിഹസിച്ചും രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ തന്നെ മറുപടി. ഇതിന്റെ പ്രതിഫലനമെന്നോണം ജെയ്ക്കിന്റെ പ്രചാരണത്തിനായി ഇറക്കിയ വീഡിയോയില്‍ ഒരു സ്ഥാപനത്തെ അധിക്ഷേപിക്കുന്ന സീനും കടന്നുകൂടി. അക്ഷരനഗരിയായ കോട്ടയത്തെ മണ്ഡലമെന്ന നിലയില്‍ ഇതും യു.ഡി.എഫ്. പ്രചാരണായുധമാക്കിയിരുന്നു.
മണ്ഡലത്തില്‍ വികസനമില്ലെന്ന് പറയുമ്പോഴും ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച് അദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞുള്ള പ്രചാരണം വേണ്ടെന്നായിരുന്നു പരസ്യമായി സി.പി.എം. സ്വീകരിച്ച നിലപാട്. എന്നാല്‍, പാര്‍ട്ടിക്ക് സ്വാധീനമുള്ള ഉള്‍പ്രദേശങ്ങളില്‍ മുന്‍മുഖ്യമന്ത്രിയെ പരിഹാസ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന തെരുവ് നാടകങ്ങളടക്കം എല്‍.ഡി.എഫ്. അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികള്‍ക്ക് മുന്നോടിയായി അവതരിപ്പിച്ച ചാക്യാര്‍ക്കൂത്തും ഓട്ടന്‍തുള്ളലും പോലുള്ള കലാരൂപങ്ങളിലും ഉമ്മന്‍ചാണ്ടിയെ കണക്കറ്റ് പരിഹസിച്ചിരുന്നു. ഉമ്മന്‍ചാണ്ടി 53 വര്‍ഷം പ്രതിനിധീകരിച്ചിട്ടും ഒരു പാര്‍ട്ടി ഗ്രാമം പോലും തങ്ങള്‍ ഉണ്ടാക്കിയില്ലെന്ന രാഷ്ട്രീയ പ്രചാരണം ഒരുഘട്ടത്തില്‍ യു.ഡി.എഫ്. നടത്തിയിരുന്നു.
വികസന ചര്‍ച്ചയില്‍നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഒളിച്ചോടിയെന്ന ആരോപണം എല്‍.ഡി.എഫ്. ഉയര്‍ത്തിയപ്പോഴും, നേരിട്ട് സ്ഥാനാര്‍ഥി രാഷ്ട്രീയം പറയാതിരിക്കാനുള്ള ജാഗ്രത യു.ഡി.എഫ്. കാണിച്ചിരുന്നു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ഏറ്റെടുക്കേണ്ടിവന്ന രാഷ്ട്രീയദൗത്യം പൂര്‍ത്തിയാക്കാന്‍, പിതാവിന്റെ ഓര്‍മകള്‍ തന്നെ വോട്ടാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇത്. തങ്ങള്‍ രാഷ്ട്രീയമായി തന്നെയാണ്, സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മ ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് പറയുമ്പോഴും മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ഒരു 'പക്ഷേ' അതിന്റ തുടര്‍ച്ചയായി ബാക്കിവെക്കുമായിരുന്നു. അത് ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍, ആ വൈകാരികത നിലനില്‍ക്കും എന്ന് സൂചിപ്പിക്കാനായിരുന്നു. മറ്റെന്തുണ്ടെങ്കിലും അത് ഒരു തരംഗമായി തന്നെ അവശേഷിപ്പിക്കാന്‍ യു.ഡി.എഫ്. നടത്തിയ പരിശ്രമത്തിന്റെ ബാക്കികൂടെയാണ് ചാണ്ടി ഉമ്മന്റെ ഈ വലിയ വിജയം.
Content Highlights: puthuppally by election what gone wrong for parties