'ECG എടുക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന ആശുപത്രിയിലേക്ക് സ്വാഗതം'; പരിഹാസവുമായി കോൺഗ്രസ്

കോഴിക്കോട്: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, മണ്ഡലത്തില്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രി വി.എന്‍. വാസവനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.
ഭൂരിപക്ഷം കണ്ട് ഏതെങ്കിലും സി.പി.എം. നേതാക്കള്‍ക്ക് ഇ.സി.ജി. എടുക്കണമെന്ന് തോന്നിയാല്‍ ഉമ്മന്‍ചാണ്ടി സാര്‍ കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രയിലേക്ക് സ്വാഗതംചെയ്യുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞതുപോലെ സര്‍ക്കാരിന്റെ വിലയിരുത്തലാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്തും പറഞ്ഞു.
'ഭൂരിപക്ഷം കണ്ട് എതെങ്കിലും സി.പി.എം. നേതാക്കന്മാര്‍ക്ക് ഇ.സി.ജി. എടുക്കണമെന്ന് തോന്നിയാല്‍ ഉമ്മന്‍ചാണ്ടി സാര്‍ കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. മുഹമ്മദ് റിയാസിന്റെ റോഡുകളല്ല, പുതുപ്പള്ളിയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസുമായുള്ള റോഡ്. വളരെ സ്മൂത്താണ്', രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.
യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍പോലും യു.ഡി.എഫിന് വോട്ടുചെയ്തിരിക്കുന്നുവെന്ന് അവകാശപ്പെട്ട അന്‍വര്‍ സാദത്ത് എം.എല്‍.എ. പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള വിജയമാണിതെന്നും കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിന് കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയുമായുള്ള 53 വര്‍ഷത്തിന്റെ ആത്മബന്ധം അതേപടി ദൃഢതയോടുകൂടി തുടരുന്നുവെന്ന് പുതുപ്പള്ളിയിലെ വോട്ടര്‍മാരുടെ മനസ്സ് പ്രഖ്യാപിച്ചിരിക്കുന്നു എന്നായിരുന്നു കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമിന്റെ പ്രതികരണം.
Content Highlights: Rahul Mamkootathil vn vasavan Pampady hospital ecg