കണക്കുകൾ പൊരുത്തപ്പെടുന്നില്ല; LDF വോട്ടുകള്‍ക്ക് എന്തുസംഭവിച്ചു? സിപിഎം വിശദീകരിക്കേണ്ടിവരും

കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 35,000 കടക്കുമ്പോൾ തകര്‍ന്നടിയുന്നത് പുതുപ്പള്ളിയിലെ സിപിഎമ്മിന്റെ വോട്ട് ബാങ്കാണ്. ഔദ്യോഗിക കണക്കുകള്‍ പുറത്തുവരാനിരിക്കെ, യുഡിഎഫിന് ലഭിച്ച വോട്ടിന്റെ പകുതിക്ക് തൊട്ടുമുകളില്‍ വോട്ടുകള്‍ മാത്രമേ ഇത്തവണ എല്‍ഡിഎഫിന് നേടാനായുള്ളൂ എന്നതാണ് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യം. എല്‍ഡിഎഫിന്റെ വോട്ട് ബാങ്കില്‍ വലിയ ചോര്‍ച്ച സംഭവിച്ചിരിക്കുന്നു എന്നാണ് ഇത് നല്‍കുന്ന സൂചന.
നിലവില്‍ ലഭ്യമായ കണക്കനുസരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് 78,098 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫിന് 41,644 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിക്ക് 6447 വോട്ടുകളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞകാല നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് കുത്തനെയുള്ള വോട്ട് ചോര്‍ച്ചയാണ് ഇത്തവണ എൽഡിഎഫിന് ഉണ്ടായിരിക്കുന്നതെന്നാണ് കരുതേണ്ടത്.
2006-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 45,047 വോട്ടുകളാണ്. 2011ല്‍ 36,667, 2016ല്‍ 44,505, 2021-ല്‍ 54328 എന്നിങ്ങനെയായിരുന്നു എൽഡിഎഫ് നേടിയ വോട്ട്. 2021-ലെ തിരഞ്ഞെടുപ്പില്‍ ജെയ്ക്ക് നേടിയ 54328 വോട്ട് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന എല്‍ഡിഎഫ് വോട്ട് ഷെയറായിരുന്നു. ഇവിടെനിന്നാണ് ഇപ്പോഴത്തെ 41,644-ലേക്ക് കുറഞ്ഞിരിക്കുന്നത്. ഏകദേശം 12,000-ല്‍ ഏറെ ഏറെ വോട്ടുകളുടെ കുറവ്.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തേത്തുടര്‍ന്നുള്ള സഹതാപതരംഗം നിലനില്‍ക്കെ ഒരു വിജയം എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇപ്പോഴത്തെ തിരിച്ചടി മുന്‍കൂട്ടി കണ്ടിരുന്നില്ല. ആര് ജയിച്ചാലും നേരിയ ഭൂരിപക്ഷത്തിനായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വോട്ടെടുപ്പിന് ശേഷം പറഞ്ഞത് അതുകൊണ്ടാണ്. മണ്ഡലത്തില്‍ ബിജെപിക്ക് 19,000-ഓളം വോട്ടുണ്ടെന്നും യുഡിഎഫ് ജയിച്ചാല്‍ അത് ബിജെപിയുടെ വോട്ട് മറിച്ചതുകൊണ്ടായിരിക്കുമെന്നും ഒരു മുന്‍കൂര്‍ ജാമ്യവും അദ്ദേഹം എടുത്തിരുന്നു. എന്നാല്‍, ആ കണക്കുകളെയെല്ലാം അസാധുവാക്കുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഫലം.
2021-ല്‍ നേടിയ 11,694 വോട്ടുകള്‍ക്കു പകരം ഇത്തവണ 6,500-ഓളം വോട്ടുകള്‍ മാത്രമേ ബിജെപിക്ക് നേടാനായുള്ളു എന്നതാണ് വസ്തുതയെങ്കിലും ഗോവിന്ദന്‍റെ കണക്കുമായി പൊരുത്തപ്പെടുന്നില്ല. ഗോവിന്ദന്‍ പറഞ്ഞ 19,000 വോട്ടുകളില്‍ ബിജെപി ഇത്തവണ പിടിച്ച അയ്യായിരത്തോളം വോട്ടുകളുടെ ബാക്കി മറിച്ചെന്നു വാദിച്ചാലും ബാക്കിയുള്ള വലിയ വോട്ട് സംഖ്യ ചോര്‍ന്നത് എല്‍ഡിഎഫില്‍നിന്നുതന്നെയെന്ന് സമ്മതിക്കേണ്ടിവരും. ഇവിടെയാണ് സര്‍ക്കാര്‍വിരുദ്ധ വികാരത്തിനും മുഖ്യമന്ത്രിയുടെ കുടുംബമടക്കം നേരിടുന്ന ആരോപണങ്ങള്‍ക്കും വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന് മറുപടി പറയാന്‍ സിപിഎം നിര്‍ബന്ധിതമാകുക. ബിജെപി വോട്ടുകളെ മാത്രം ആശ്രയിച്ച് പരാജയത്തെ വിശദീകരിക്കാൻ പ്രയാസമായിരിക്കുമെന്ന് ചുരുക്കം.
Content Highlights: puthuppally election ldf jaick c thomas failure