മൂന്നിലും പിഴച്ച ചുവട്; 'ഉമ്മൻചാണ്ടി എഫക്ടിനു' മുന്നിൽ മങ്ങി ജെയ്ക്കിൻ്റെ വ്യക്തിപ്രഭാവം

പുതുപ്പള്ളിയില്‍ മൂന്നാം അങ്കം കുറിച്ചപ്പോള്‍ ജെയ്ക് സി. തോമസ് കാത്തിരുന്ന ജനവിധി ഏറെക്കുറെ പ്രവചനീയമായിരുന്നു. 2021-ല്‍ ഉമ്മന്‍ചാണ്ടിയുടെ അധികായകത്വവുമായുള്ള ദൂരം കുറയ്ക്കാനായ ജെയ്ക്കിന് ഉപതിരഞ്ഞെടുപ്പിനെ ആവരണം ചെയ്ത ഉമ്മന്‍ചാണ്ടി എഫക്ടിനെ മറികടക്കാനാകും എന്ന അമിതാത്മവിശ്വാസം എല്‍.ഡി.എഫ്. ക്യാമ്പില്‍ നിന്ന് പോലും ഉയര്‍ന്നു കേട്ടില്ല എന്ന് വേണം കരുതാന്‍. വികസനം എന്ന അജന്‍ഡയിലൂന്നിയ തിരഞ്ഞെടുപ്പ് പ്രചരണവും കോണ്‍ഗ്രസിനെ വീഴ്ത്താനോങ്ങിയ ഓഡിയോ ക്ലിപും പിന്നാലെയെത്തിയ ചികിത്സാനിഷേധ വിവാദവും കുടുംബാംഗങ്ങളുടെ ആഡംബര ജീവിതത്തില്‍ തൂങ്ങിയ സൈബര്‍ ആക്രമണങ്ങള്‍ക്കുമൊക്കെ ഒടുവിലും 'ഉമ്മന്‍ ചാണ്ടിയുടെ മകന്' മുന്നില്‍ ഇടതു മുന്നണിയ്ക്കും ജെയ്ക്കിനും പിടിച്ചു നില്‍ക്കാനാവാഞ്ഞത് ആ അതിവൈകാരികതയുടെ കൊടുങ്കാറ്റ് ഒന്നു കൊണ്ട് മാത്രമാണോ?
സഭാതർക്കവും ജെയ്ക്കിൻ്റെ വോട്ടുവിഹിതവും
2016-ലായിരുന്നു പുതുപ്പള്ളിയില്‍ വിദ്യാര്‍ഥി സമരങ്ങളില്‍ നേതാവായ ജെയ്ക്കിന്റെ കന്നിയങ്കം. അന്ന് ജെയ്ക്കിന് 27,092 വോട്ടുകളുടെ വ്യത്യാസത്തില്‍ ഉമ്മന്‍ചാണ്ടിയോട് കീഴടങ്ങേണ്ടി വന്നു. പിന്നീട് 2021-ല്‍ രണ്ടാമൂഴത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അധീശശക്തിയെ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്കൊതുക്കാന്‍ 31-കാരനായ ജെയ്ക്കിനായി. അന്ന് യാക്കോബായ വോട്ടുകള്‍ ജെയ്ക്കിനനുകൂലമായതാണ് ഭൂരിപക്ഷം കുറയാനിടയാക്കിയത് എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ സാക്ഷ്യപ്പെടുത്തല്‍. ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിതര്‍ക്കം കൊടുമ്പിരി കൊണ്ടു നിന്ന സാഹചര്യത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഓര്‍ത്തഡോക്‌സ് സഭയ്ക്കനുകൂലമായ നിലപാട് എടുത്തു എന്നതാണ് അന്ന് എല്‍.ഡി.എഫ്. ആയുധമാക്കിയത്.
യാക്കോബായ വിഭാഗം ജെയ്ക്കിനനുകൂലമായി നിലകൊണ്ടപ്പോള്‍ വലിയൊരു ശതമാനം വോട്ടുവിഹിതം ഉമ്മന്‍ചാണ്ടിയ്ക്ക് നഷ്ടമായി. ജെയ്ക്കിന്റെ പിതാവ് എം.ടി. തോമസിന് യാക്കോബായ സഭാവിശ്വാസികള്‍ക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനവും ജെയ്ക്കിനനുകൂലമായി ഭവിച്ചു. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ തന്നെ പുതുപ്പള്ളിയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിനെതിരായിരുന്നു. അന്ന് ചരിത്രത്തിലാദ്യമായി പുതുപ്പള്ളി പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായി. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറും എല്‍.ഡി.എഫ്. പിടിച്ചെടുത്തിരുന്നു.
അരനൂറ്റാണ്ടിലേറെ ഉമ്മന്‍ചാണ്ടി എം.എല്‍.എയായ മണ്ഡലത്തിലെ വികസനമില്ലായ്മ 2021-ലെ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി ചര്‍ച്ചയാക്കിയിരുന്നു. മോശം റോഡുകളും കുടിവെള്ളപ്രശ്‌നവുമൊക്കെ ഇടത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടം നേടി. ആവേശമേറിയ പ്രചരണത്തിലൂടെ യുവാക്കളുടെ വോട്ട് ഉറപ്പിക്കാനായതും ജെയ്ക്കിന് തിരഞ്ഞെടുപ്പില്‍ ഗുണകരമായി. ഏതു കുലുക്കത്തിലുമാടാത്ത ഉമ്മന്‍ചാണ്ടിയ്ക്ക് എന്നും റെക്കോഡ് ഭൂരിപക്ഷം നല്‍കിയ പുതുപ്പള്ളി പഞ്ചായത്തിലും വ്യക്തമായ ആധിപത്യം ജെയ്ക്ക് ഉറപ്പിച്ചേക്കുമെന്ന ഭയം കോണ്‍ഗ്രസിനുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. മുന്‍വര്‍ഷങ്ങളിലില്ലാതിരുന്ന തരത്തിലുള്ള പ്രചരണമാണ് കോണ്‍ഗ്രസ് 2021-ല്‍ പുതുപ്പള്ളി പഞ്ചായത്തില്‍ മാത്രം നടത്തിയത്. കോണ്‍ഗ്രസ് ഭയന്നതു പോലെ തന്നെ പുതുപ്പള്ളിയില്‍ പോരാട്ടവീര്യം കാത്തു സൂക്ഷിക്കാന്‍ ജെയ്ക്കിനായി. താന്‍ നേരിട്ട ഏറ്റവും ശക്തനായ സ്ഥാനാര്‍ഥി എന്നായിരുന്നു ഉമ്മന്‍ചാണ്ടി പോലും ജെയ്ക്കിനെ വിശേഷിപ്പിച്ചത്.
ഉമ്മൻചാണ്ടി എന്ന നെടുനായകത്വം
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ഥി നിര്‍ണയവും പ്രചരണവുമൊക്കെ ചര്‍ച്ചയാകുന്നതിനിടെ ഏറെ ശ്രദ്ധേയമായ ഒരു പ്രതികരണം പാലാ എം.എല്‍.എ. മാണി സി. കാപ്പന്റെ ഭാഗത്തു നിന്നുണ്ടായി. പുതുപ്പള്ളിയില്‍ അദൃശ്യനായ ഒരു സ്ഥാനാര്‍ഥിയുണ്ടെന്നും അത് അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നുമായിരുന്നു മാണി സി. കാപ്പന്റെ പ്രസ്താവന. പാലായിൽ സാംഭവ്യമാകാതിരുന്ന സഹതാപ തരംഗം പുതുപ്പള്ളിയിൽ പ്രതിഫലിക്കുമെന്നും ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷം നേടുമെന്നും മാണി സി. കാപ്പൻ സാക്ഷ്യപ്പെടുത്തി. പുതുപ്പള്ളിയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം മാണി സി. കാപ്പന്‍ എം.എല്‍.എയുടെ പ്രസ്താവന ശരിവെക്കുന്നതാണ്. ഉമ്മന്‍ചാണ്ടി എന്ന നെടുനായകത്വം പുതുപ്പള്ളിയില്‍ അവശേഷിപ്പിച്ചു മടങ്ങിയ കരുത്തുറ്റ സ്വാധീനം പുതുപ്പള്ളിയിലെ രാഷ്ട്രീയ ചൂടിലാകെ അലയടിക്കുന്നുണ്ട്. 'എന്റെ വോട്ട് ചാണ്ടി സാറിന്റെ മകനാണെന്ന്' പറഞ്ഞ പുതുപ്പള്ളിയിലെ സാധാരണക്കാര്‍ക്ക് വികസനത്തിനേക്കാളുപരി ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിത്വമായിരുന്നു പ്രധാനം.
ഉമ്മന്‍ ചാണ്ടിയെന്ന പേര് പൂര്‍ണമായും ഒഴിവാക്കിയ ഇടതു പ്രചരണത്തിന് പിന്നില്‍ അന്തരിച്ച മുന്‍മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഒഴിവാക്കുക എന്നതിന് അപ്പുറം മറ്റൊരു രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി എന്ന പേര് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നത് തന്നെയായിരുന്നു അത്. തടിപ്പാലത്തില്‍ ചവിട്ടി തുടങ്ങിയ രാഷ്ട്രീയ യുദ്ധം പുതുപ്പള്ളിയിലെ വികസനമെത്താത്ത മൂലകളിലും കുടിവെള്ളത്തിലും അച്ചു ഉമ്മന്റെ വസ്ത്രവും ചെരുപ്പുമൊക്കെ മറികടന്ന് ഓഡിയോ ക്ലിപ് വിവാദത്തിലും ഉമ്മന്‍ ചാണ്ടിയ്ക്ക് ചാണ്ടി ഉമ്മനും കുടുംബവും ചികിത്സ നിഷേധിച്ചു എന്നതില്‍ വരെ എത്തിച്ച് ഇടതു മുന്നണി പോരാട്ടം മുറുക്കിയെങ്കിലും പുതുപ്പള്ളിയില്‍ ആഴത്തില്‍ വേരൂന്നിയ ഉമ്മന്‍ ചാണ്ടിയെന്ന വികാരം പിടിച്ചു കെട്ടാനുള്ള കരുത്ത് അതിനുണ്ടായിരുന്നില്ല എന്ന് തന്നെ കരുതാം.
ഇടത്തേക്ക് ചരിയാതെ പുതുപ്പള്ളി
സ്വതന്ത്ര സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള നീക്കങ്ങളില്‍ പ്രാദേശിക ഘടകങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ഥി വേണമെന്ന അഭിപ്രായവും മാത്രമല്ല ചാണ്ടി ഉമ്മനെ നേരിടാനുള്ള നിയോഗം ജെയ്ക്കിലേക്കെത്തിക്കുന്നത്. 2021-ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തെ പിടിച്ചു കെട്ടാനായ ജെയ്ക്കിന്റെ സ്വാധീനം ഒന്നു തന്നെയാണ്. എന്നിരുന്നാലും പുതുപ്പള്ളി ഇക്കുറിയെങ്കിലും ഇടത്തേക്ക് ചരിയുമെന്ന വിശ്വാസം മുന്നണിയ്ക്കകത്ത് പോലുമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സി.പി.ഐ. പുറത്തു വിട്ട റിപ്പോര്‍ട്ട് ഇത് സാധൂകരിക്കുകയും ചെയ്തു. ജെയ്ക്കിനു മുന്‍പ് ഉയര്‍ന്നു കേട്ട പല പേരുകളും സഹതാപ തരംഗത്തില്‍ മത്സരിക്കാനില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്ത സാഹചര്യമുണ്ടായി.
പുതുപ്പള്ളി മുറുകെ പിടിച്ച ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരികത്വത്തെ തകര്‍ക്കാന്‍ കെല്‍പ്പുള്ള രാഷ്ട്രീയ സാഹചര്യമല്ല നിലവില്‍ ഭരണകക്ഷിയായ ഇടതു മുന്നണിയ്‌ക്കെന്നത് തന്നെയാണ് പുതുപ്പള്ളിപ്പോരില്‍ വിജയക്കൊടി നാട്ടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല എന്ന സംശയം മുന്നണിയ്ക്കുള്ളില്‍ നിലനിന്നതും. ആ ആത്മവിശ്വാസക്കുറവ് കൊണ്ടാണ് ബി.ജെ.പി. വോട്ടുകള്‍ ചാണ്ടി ഉമ്മന് മറിയും എന്ന തരത്തിലുള്ള പ്രസ്താവനകളിലേക്ക് സി.പി.എം. സംസ്ഥാന സെക്രട്ടറിയുള്‍പ്പടെയുള്ളവര്‍ കടന്നതും എന്ന് വേണം കരുതാന്‍. ജെയ്ക് എന്ന കരുത്തനായ സ്ഥാനാർഥിയുടെ പിൻബലത്തിലാണ് നിലവിൽ ലഭിച്ച വോട്ടുശതമാനത്തിലേക്ക് എൽ.ഡി. എഫ്. എത്തിയത്. പക്ഷേ ജെയ്ക്കിൻ്റെ പഞ്ചായത്തായ മണർകാട് പോലും യു.ഡി.എഫ്. സാരഥിയായ ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് നിലനിർത്തിയത് ഇടതു മുന്നണിയ്ക് ഏറ്റ കനത്ത പ്രഹരം തന്നെയാണ്.
Content Highlights: puthuppally byelection, chandy oommen, jaick c thomas, udf, ldf, udf leads