കേരളം കാണുന്നത് സ്നേഹം വെറുപ്പിന്റെ അടിവേരറക്കുന്ന കാഴ്ച- കെ. സുധാകരന്‍

കെ.സുധാകരന്‍| ഫയല്‍ ചിത്രം: ടി.കെ പ്രദീപ്കുമാര്‍
കെ.സുധാകരന്‍| ഫയല്‍ ചിത്രം: ടി.കെ പ്രദീപ്കുമാര്‍

പുതുപ്പള്ളി: സ്‌നേഹം വെറുപ്പന്റെ അടിവേര് അറക്കുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ചാണ്ടി ഉമ്മന്‍ ചരിത്രഭൂരിപക്ഷം നേടി മുന്നോട്ടുപോകുമ്പോള്‍  ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു കെ.സുധാകരന്‍.  

കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല കരുത്ത്. മണ്ണോടടിഞ്ഞാലും മനുഷ്യരുടെ ഹൃദയത്തില്‍ ഇതുപോലെ ജ്വലിക്കാന്‍ കഴിയുന്നതാണ് യഥാര്‍ഥ ശക്തി, സ്‌നേഹത്തിന്റെ ശക്തി, കെ.സുധാകരൻ കുറിച്ചു. 

സ്വന്തം അണികളെ പോലും കൊന്നൊടുക്കി, മക്കള്‍ക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കും 'സ്‌നേഹത്തിന്റെ' ശക്തി മനസ്സിലാക്കി കൊടുത്ത തിരഞ്ഞെടുപ്പാണിത്.

തന്റെ പിതാവ് നടന്ന വഴിയേതന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളുമുള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മന്‍. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന എം.എല്‍.എ ആയിരിക്കും ചാണ്ടി ഉമ്മന്‍ എന്ന് ഞങ്ങള്‍ ഉറപ്പ് തരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. 

കമ്യൂണിസമെന്ന പൈശാചികതയെ, കോണ്‍ഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങള്‍ നേരിട്ടു. നാട് ജയിച്ചു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവന്‍ കോണ്‍ഗ്രസ് ആളിപ്പടര്‍ത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണില്‍ നിന്ന് തുടച്ചുനീക്കുമെന്ന് ജനങ്ങള്‍ക്ക് ഞങ്ങള്‍ വാക്ക് തരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: K Sudhakaran about puthupally byelection