നിലമ്പൂരിൽ യുഡിഎഫിന്റെ തന്ത്രങ്ങൾ; സാംസ്‌കാരിക നായകര്‍ക്ക് പകരമിറക്കിയത് കെടുതികള്‍ അനുഭവിക്കുന്നവരെ

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് യുഡിഎഫ്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തന്ത്രങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് പരിശോധിക്കാം..
യുഡിഎഫിന്റെ തന്ത്രങ്ങള്‍
24 മണിക്കൂറില്‍ സ്ഥാനാര്‍ഥി
സമയക്കുറവുമൂലം തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളോട് ഫോണിലായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച. ആലോചനയില്‍ ആര്യാടന്‍ ഷൗക്കത്തിനായിരുന്നു മുന്‍തൂക്കം. മറ്റൊരു മണ്ഡലത്തില്‍ വി.എസ്. ജോയിക്ക് സീറ്റ് നല്‍കാമെന്ന ധാരണ രൂപപ്പെട്ടു. മുസ്ലിം ലീഗും അനുകൂലമായി പ്രതികരിച്ചതോടെ സ്ഥാനാര്‍ഥിനിര്‍ണയം 24 മണിക്കൂറിനുള്ളില്‍ നടന്നു. ക്ഷേമപെന്‍ഷന്‍ ഒരുമിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍ നല്‍കുന്നത് വോട്ടര്‍മാര്‍ക്കുള്ള കൈക്കൂലിയാണെന്ന വിമര്‍ശനമാണ് ആദ്യമായി കോണ്‍ഗ്രസ് ഉന്നയിച്ചത്. പ്രചാരണവിഷയം രാഷ്ട്രീയമായിത്തന്നെ നില്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് തുടക്കമിട്ടത്.
തുണച്ചത് സംഗമങ്ങള്‍
സാംസ്‌കാരിക നായകരെ ഇറക്കി എം. സ്വരാജിന്റെ സാംസ്‌കാരിക പശ്ചാത്തലം ചര്‍ച്ചയാക്കിയപ്പോള്‍ അതിന് കാര്യമായ ബദലിന് യുഡിഎഫ് നിന്നില്ല. പകരം സര്‍ക്കാര്‍നടപടികളുടെ കെടുതികള്‍ അനുഭവിക്കുന്നവരുടെ സംഗമങ്ങള്‍ സംഘടിപ്പിച്ചു. വന്യജീവി ആക്രമണങ്ങളില്‍ ഇരകളായവരുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ ആംബുലന്‍സില്‍പ്പോലും ഇരകളെ എത്തിച്ചു. നിര്‍മാണത്തൊഴിലാളി പെന്‍ഷന്‍ മുടങ്ങിയവരുടെ സംഗമവും നടത്തി
ഷൗക്കത്തിന്റെ ക്ഷേമം
ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റും മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന കാലത്ത് നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ ആനൂകൂല്യം ലഭിച്ചവരുടെ സംഗമത്തില്‍ ആദിവാസി ഊരുകളില്‍നിന്നുള്ളവരും എത്തി. കുടിയേറ്റകര്‍ഷകന്‍കൂടിയായ സണ്ണി ജോസഫ് ആ മേഖലയിലെ പ്രയാസങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന വിശ്വാസം നേടിയെടുത്തു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുതലുള്ള എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഏകോപനച്ചുമതല വഹിച്ച ജ്യോതികുമാര്‍ ചാമക്കാലയും അദ്ദേഹത്തിന്റെ റോള്‍ ഭംഗിയാക്കി
പുതിയ ടീം
കെപിസിസിക്ക് പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും അടങ്ങുന്ന പുതിയ ടീംവന്ന് ഒരാഴ്ചയ്ക്കകമായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം. കെ. സുധാകരന്‍ പ്രസിഡന്റായിരുന്നപ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം മുന്നില്‍നില്‍ക്കെ നിലമ്പൂരില്‍ തോറ്റാല്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പരാജയമായി അത് വിലയിരുത്തപ്പെടുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ടീം പ്രവര്‍ത്തനം തുടങ്ങിയത്.
എല്ലാ വിഭാഗങ്ങളെയും ഒപ്പം ചേര്‍ത്ത നയതന്ത്രം
മലപ്പുറം: വിവിധ വിഭാഗങ്ങളുടെ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം നടത്തിയ ഇടപെടല്‍ നിലന്പൂരിലെ വിജയത്തില്‍ മുഖ്യഘടകമായി. സമീപകാലത്ത്, തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉയരാറുള്ളതാണ് സമസ്തയിലെ ലീഗ്വിരുദ്ധ സ്വരം. ഇത്തവണ അത്തരം അസ്വാരസ്യങ്ങള്‍ കാര്യമായി ഉയര്‍ന്നില്ല. പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ഥിയായിരുന്ന കെ.എസ്. ഹംസ, എളമരം കരീം, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സമസ്തയിലെ ലീഗ്വിരുദ്ധരെ ഒപ്പംനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, സമസ്തയ്ക്ക് രാഷ്ട്രീയപക്ഷഭേദങ്ങളില്ലെന്ന ജിഫ്രി തങ്ങളുടെ നിലപാട് ഉയര്‍ത്തിക്കാട്ടാനാണ് യുഡിഎഫ് ശ്രമിച്ചത്.
മുജാഹിദ് വിഭാഗങ്ങള്‍ക്ക് നല്ല സ്വാധീനമുള്ള മേഖലയാണ് നിലമ്പൂര്‍. പി.വി. അന്‍വറിന്റെ കുടുംബം ആദ്യകാല മുജാഹിദ് സംഘാടകര്‍കൂടിയാണ്. മൂന്ന് മുജാഹിദ് വിഭാഗങ്ങളും അന്‍വറിനോട് താത്പര്യം പുലര്‍ത്തുന്നവരുമാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെപിസിസി സെക്രട്ടറി കെ.പി. നൗഷാദലി എന്നിവര്‍ മുജാഹിദ് നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി രാഷ്ട്രീയസാഹചര്യം വിശദീകരിച്ചു.
കാന്തപുരം എപി വിഭാഗം, വര്‍ഷങ്ങളായി ഇടതുപക്ഷത്തിന് അനുകൂലമാണ്. ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണച്ചതിലുള്ള അനിഷ്ടം കാന്തപുരം പ്രകടിപ്പിച്ചിരുന്നതുമാണ്. എന്നാല്‍, അദ്ദേഹത്തെയും ഹക്കിം അസ്ഹരി, വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി തുടങ്ങിയവരെയും മറ്റും രാഷ്ട്രീയസാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താനും എപി വിഭാഗത്തിന്റെ എതിര്‍പ്പ് കാര്യമായി കുറയ്ക്കാനും യുഡിഎഫ് നേതൃത്വത്തിനായി.
ബിജെപി ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ മണ്ഡലത്തിലെ പ്രബലശക്തിയായ ബിഡിജെഎസിന്റെ ഈഴവവോട്ടുകളില്‍ ഒരുവിഭാഗം ബിജെപിയില്‍നിന്ന് അകന്നു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടല്‍, അതില്‍ നല്ലൊരു വിഭാഗം വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പെട്ടിയില്‍ വീഴാന്‍ വഴിയൊരുക്കി. വിശ്വകര്‍മ മഹാസഭയുടെ സംസ്ഥാനനേതൃത്വം യുഡിഎഫിന്റെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിലെത്തി പിന്തുണ അറിയിച്ചിരുന്നു.
ആന്റോ ആന്റണി, ചാണ്ടി ഉമ്മന്‍ തുടങ്ങിയ നേതാക്കളുടെ ഇടപെടല്‍ യുഡിഎഫിന്റെ പരമ്പരാഗത ശക്തിയായ ക്രൈസ്തവവോട്ടുകളെ ഒപ്പം നിര്‍ത്താനും സഹായിച്ചു. മത്സരിക്കാനിറങ്ങും എന്നായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനം. ഒരുവിഭാഗം വ്യാപാരികള്‍ക്ക് ഷൗക്കത്തിനോട് വിയോജിപ്പുമുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് നേരിട്ട് ഇടപെട്ട് നേതാക്കളുമായി സംസാരിച്ച് അവരെ ഒപ്പം നിര്‍ത്തി.
അണിയറയിലെ നായകര്‍ അനില്‍കുമാറും ജോയിയും
മലപ്പുറം: കോണ്‍ഗ്രസ് ഉജ്ജ്വലവിജയം നേടിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചത് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി. അനില്‍കുമാറിന്റെയും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല എ.പി. അനില്‍കുമാര്‍ എംഎല്‍എയ്ക്കായിരുന്നു. രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെയാണ് മറ്റൊരു ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനാകെ പുത്തനുണര്‍വ് പകരുന്ന വിജയം നേടാനായത്.
ജില്ലയിലെ മുഴുവന്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരും കൈമെയ് മറന്ന് ഒപ്പംനിന്നു. സംസ്ഥാനത്തിന്റെ എല്ലാഭാഗത്തുനിന്നും നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തി. പി.വി. അന്‍വര്‍ എംഎല്‍എസ്ഥാനം രാജിവെച്ചപ്പോള്‍ മുതല്‍ എ.പി. അനില്‍കുമാറിന്റെയും ജോയിയുടെയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനുള്ള അണിയറനീക്കങ്ങള്‍ തുടങ്ങിയിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ കൂടുതലായി 59 ബൂത്തുകള്‍കൂടി ഇത്തവണ വന്നു. അതനുസരിച്ച് എല്ലാ ബൂത്തിലും ബൂത്തുകമ്മിറ്റികള്‍ ഒരുക്കി പ്രവര്‍ത്തനം തുടങ്ങി. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിത്വത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന വി.എസ്. ജോയിയും ഈ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ എല്‍ഡിഎഫില്‍ തിരഞ്ഞെടുപ്പ് ഏകോപനത്തിന് നേതൃത്വംനല്‍കിയത് എം. സ്വരാജ് ആയിരുന്നു. മത്സരരംഗത്തേക്കില്ല എന്നുപറഞ്ഞിരുന്ന സ്വരാജിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. എല്‍ഡിഎഫും വളരെ നേരത്തേതന്നെ ബ്രാഞ്ച് തലംമുതല്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.
Content Highlights: Analyze UDF`s winning strategy in the Nilambur by-election