ജമാഅത്തെ ഇസ്ലാമിയെ എല്ലാ മുസ്ലീം സംഘടനകളും അകറ്റിനിർത്തി- പിണറായി; വർഗീയപ്രചാരണമെന്ന് ചെന്നിത്തല

നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍(ഇടത്ത്) കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല(വലത്ത്) | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍(ഇടത്ത്) കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല(വലത്ത്) | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ മുസ്ലീംസംഘടനകളും ജമാഅത്തെ ഇസ്ലാമിയെ അകറ്റിനിര്‍ത്തിയതാണെന്നും മുസ്ലീംലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി ആരോപിച്ചു. നിലമ്പൂരിലെ പോത്തുകല്ലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''ജമാഅത്തെ ഇസ്ലാമി നമ്മുടെ നാട്ടിൽ അപരിചിതമായ ഒന്നല്ല, എല്ലാവര്‍ക്കും പരിചിതമായ പേരാണ്. അവരെ കൂടെകൂട്ടാന്‍ പറ്റില്ല എന്നനിലയില്‍ നാട് നേരത്തേ ഒരുനിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ മുസ്ലീംസംഘടനകളും അകറ്റിനിര്‍ത്തിയ ഒന്നാണ് ജമാഅത്തെ ഇസ്ലാമി'', മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് അങ്കലാപ്പിലാണ്. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ കൂടെകൂട്ടിയത്. മുസ്ലീംലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടത്. പാണക്കാട് ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ ക്ഷണം ലഭിച്ചിട്ടും അവരുടെ വേദികളില്‍ പങ്കെടുത്തിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, സര്‍ക്കാരിന്റെ ജനവിരുദ്ധനയവും ഭരണപരാജയവുമാണ് യുഡിഎഫ് നിലമ്പൂരില്‍ ഉന്നയിക്കുന്നതെന്നും അതിന് മറുപടി ഇല്ലാത്തതിനാല്‍ വിഷയം മാറ്റാനാണ് എല്‍ഡിഎഫിന്റെ കുത്സിതശ്രമമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. ഈ കുത്സിതശ്രമം പരാജയപ്പെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

നിലമ്പൂരില്‍ മുഖ്യമന്ത്രി വര്‍ഗീയപ്രചാരണം നടത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. എല്ലാക്കാലത്തും ജമാഅത്തെയുമായി കൂട്ടുകൂടിയത് സിപിഎമ്മാണ്. കഴിഞ്ഞകാലത്തെ ചരിത്രം എല്ലാവര്‍ക്കും അറിയാം. അവരോടൊപ്പം കൂടിയാല്‍ ജമാഅത്തെ ഇസ്ലാമി നല്ലവരും ഞങ്ങളെ പിന്തുണച്ചാല്‍ അവര്‍ വര്‍ഗീയവാദികളുമെന്ന നിലപാട് വേണ്ടെന്നും അതൊക്കെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. 

Content Highlights: CM Pinarayi Vijayan strongly criticized Jamaat-e-Islami during the Nilambur bypoll campaign