മധുരപ്രതികാരം; ഷൗക്കത്ത് അന്ന് തോറ്റത് 11504 വോട്ടിന്, ഇന്ന് ഭൂരിപക്ഷം 11077

നിലമ്പൂര്‍: മധുരപ്രതികാരമെന്ന വാക്ക് ഒരുപക്ഷെ ഇന്ന് ഏറ്റവും കൂടതല്‍ ചേരുന്നത് ആര്യാടന്‍ ഷൗക്കത്തിനായിരിക്കും. കാരണം മൂന്ന് പതിറ്റാണ്ടോളം പിതാവ് ജയിച്ചുവന്ന നിലമ്പൂരില്‍ 2016-ല്‍ ആദ്യമായി ഷൗക്കത്ത് മത്സരിക്കാനെത്തുമ്പോള്‍ അന്ന് വിജയത്തില്‍ കുറഞ്ഞ ഒന്നും ഷൗക്കത്തും കോണ്‍ഗ്രസും പ്രതീക്ഷിച്ചിരുന്നില്ല. അത്രത്തോളം അനുകൂലമായിരുന്നു സാഹചര്യം.
പക്ഷെ പി.വി അന്‍വര്‍ സ്വതന്ത്ര കുപ്പായമിട്ട് മത്സരിക്കാനെത്തിയപ്പോള്‍ 11504 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം പിടിച്ചെടുത്തു. ഇത് ഷൗക്കത്തിനെ മാത്രമല്ല ആര്യാടന്‍ മുഹമ്മദിനെ തന്നെയായിരുന്നു തളര്‍ത്തിക്കളഞ്ഞത്. പക്ഷെ ഒമ്പത് വര്‍ഷത്തിനിപ്പുറം ഇതേ അന്‍വറും എല്‍.ഡി.എഫും എതിരാളികളായപ്പോള്‍ 11077 വോട്ട് എന്ന ഭൂരിപക്ഷത്തില്‍ ഷൗക്കത്ത് വിജയിച്ചു കയറിയത് യാദൃശ്ചികമാണെങ്കിലും അത് ചെറിയ സന്തോഷമല്ല ഷൗക്കത്തിന് നല്‍കുന്നത്. മണ്ഡലം പിടിച്ചടിക്കി എന്നതിനപ്പുറം ആ സംഖ്യ വിജയത്തിന്റെ മാറ്റ് കൂട്ടുകയും ചെയ്തു.
ആര്യാടന്‍ മുഹമ്മദിന്റെ കുടുംബാധിപത്യത്തിനെതിരേ ഒരു വോട്ട് എന്നായിരുന്നു 2016-ല്‍ എല്‍ഡിഎഫ് ഷൗക്കത്തിനെതിരേ വ്യാപകമായി ആവശ്യപ്പെട്ടത്. അതിന് ആര്യാടന്‍ മുഹമ്മദ് ലീഗിനെതിരേയും മറ്റുമെടുത്ത മുന്‍ നിലപാടുകളെയെല്ലാം പ്രധാന ആയുധമാക്കുകയും ചെയ്തു. ഷൗക്കത്തിനെ അങ്ങനെ മുസ്ലീം വിരുദ്ധനാക്കി പ്രചാരണം നയിച്ചു. അതിന് പി.വി അന്‍വറും എരിവ് പകര്‍ന്നതോടെ വിജയം അന്‍വറിനൊപ്പം നിന്നു.
ഇതേ പ്രചാരണത്തിന് ഇത്തവണയും തുടക്കമിട്ടെങ്കിലും ലീഗ് അടക്കം ഷൗക്കത്തിന് പിന്നില്‍ സമ്പൂര്‍ണമായി അണി നിരക്കുന്ന കാഴ്ചയാണ് കാണാനായത്. ഇതോടെ പ്രചാരണ തന്ത്രം മാറ്റുകയും യു.ഡി.എഫിനെതിരേ വര്‍ഗീയ ചാപ്പ കുത്തി സോഷ്യല്‍ മീഡിയകളിലടക്കം പ്രചാരണം നടത്തുകയും ചെയ്തു. പക്ഷെ നിലമ്പൂരിലെ വോട്ട് കണക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസും, ലീഗും കഴിഞ്ഞേ സി.പി.എമ്മിന് സാധ്യതയുള്ളൂവെന്ന ചരിത്രം അവര്‍ മറന്നുപോയി. പക്ഷെ വിജയം ഷൗക്കത്തിനൊപ്പം നില്‍ക്കുകയായിരുന്നു.
ലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ നടക്കുന്ന ഒരു ഉപതിരഞ്ഞെടുപ്പില്‍ ഷൗക്കത്തിന് ജയിക്കാനായില്ലെങ്കില്‍ അത് ലീഗിന്റെ തന്നെ പരാജയമായിട്ടാണ് അവര്‍ കണക്കാക്കിയത്. മാത്രമല്ല ഒരു പ്രസ്റ്റീജ് മണ്ഡലമായും അവര്‍ ഏറ്റെടുത്തു. അതുകൊണ്ട് ഒരു ലീഗ് സ്ഥാനാര്‍ഥി മത്സരിക്കുന്ന അതേ ആവേശത്തിലായിരുന്നു നിലമ്പൂരില്‍ ലീഗിന്റെ ഇടപെടല്‍. നേതൃത്വമൊന്നാകെ, പ്രവര്‍ത്തകരൊന്നാകെ നിലമ്പൂരിലെത്തി. അത് വിജയം കാണുകയും ചെയ്തു.
Content Highlights: Aryadan Shoukath`s win in Nilmbur by-election is a significant victory