'ഗോവിന്ദൻ മാഷ് അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം-ആർഎസ്എസ് രഹസ്യബന്ധം'

തിരുവനന്തപുരം: സിപിഎം നേതാക്കള്‍ ഇതുവരെ മൂടിവെയ്ക്കാന്‍ ശ്രമിച്ച സത്യമാണ് ഗോവിന്ദന്‍ മാഷ് അറിയാതെ പറഞ്ഞുപോയതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സിപിഎമ്മിനെ പല ഘട്ടങ്ങളിലും നയിച്ചിട്ടുള്ള രാഷ്ട്രീയ ചിന്ത അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ സിപിഎം ആര്‍എസ്എസുമായി രഹസ്യവും പരസ്യവുമായ ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
നെഹ്‌റുവിന്റെ കാലംമുതല്‍ സിപിഎമ്മിന് കോണ്‍ഗ്രസ് വിരോധമുണ്ട്. ആ അന്ധമായ കോണ്‍ഗ്രസ് വിരോധത്തെ വിജയത്തിലേക്ക് എത്തിക്കാനായി ആര്‍എസ്എസുമായും ബിജെപിയുമായും പരസ്യമായ രാഷ്ട്രീയ ബന്ധമുണ്ടാക്കി. തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍പ്പോലും ഇവര്‍ ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. ഇഎംഎസ് ഉള്‍പ്പെടെയുള്ള മുന്‍കാല നേതാക്കള്‍ എല്‍.കെ. അദ്വാനിയുടെയും വാജ്‌പേയിയുടെയും കൂടെ അത്താഴവിരുന്നുകളിലും വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. സ്വരാജ് ഇതിനെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നത് സ്ഥാനാര്‍ഥിയായതുകൊണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോണ്‍ഗ്രസ് ജനതാദളുമായി പ്രവര്‍ത്തിച്ചിരുന്നെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ദേവഗൗഡയെ പ്രധാനമന്ത്രിയാക്കിയത് ബിജെപിയെ എതിര്‍ക്കാന്‍വേണ്ടിയാണ്. അവര്‍ പിന്നീട് വഞ്ചിച്ചുപോയി. ആ ജനതാദളിന്റെ കേരള ഘടകം ഇപ്പോള്‍ പിണറായി വിജയന്റെ കൂടെയാണ്. ഇത് സ്വരാജിനെ ബാധിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിതന്നെ പരസ്യമായി സിപിഎം-ആര്‍എസ്എസ് ബന്ധം സമ്മതിച്ചിരിക്കുകയാണ്. ആര്‍എസ്എസും ബിജെപിയുമായി ചേരാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎമ്മിന് ബിജെപിയല്ല, കോണ്‍ഗ്രസാണ് ഒന്നാംനമ്പര്‍ ശത്രു. കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ആര്‍എസ്എസുമായി രഹസ്യമായും പരസ്യമായും ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പരസ്യബാന്ധവം ഗോവിന്ദന്‍ മാഷ് സമ്മതിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി തങ്ങള്‍ക്ക് ബാന്ധവമില്ല. പിന്തുണ തന്നത് സ്വീകരിക്കുകയാണ് ചെയ്തതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
ജനസംഘവുമായി മുന്‍പ് പരസ്യമായി സഖ്യമുണ്ടാക്കിയിട്ടാണ് സിപിഎം കോണ്‍ഗ്രസിനെ താഴെയിറക്കിയിരുന്നതെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും വിമര്‍ശനമുന്നയിച്ചു. ഇനിയും അത്തരം സഖ്യങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകളുണ്ട്. സിപിഎം ജനസംഘവുമായും നേരത്തേതന്നെ പല സഖ്യങ്ങളുണ്ടാക്കിയിട്ടുണ്ട്. ഒരുകാലത്തുമില്ലാത്ത ഇടതുവിരുദ്ധ തരംഗം നിലമ്പൂരില്‍ ഇപ്പോഴുണ്ട്. ചരിത്രഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ യുഡിഎഫ് ജയിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു.
Content Highlights: mv govindans rss relation statement sunny joseph aryadan shoukath statements