പിന്നിൽ നിന്ന് കുത്തിയില്ല, മുന്നിൽ നിന്ന് നയിച്ചു; ഷൗക്കത്ത് ഷോയിലും താരമായി ജോയ്

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിലമ്പൂരിലെത്തിയ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ആലിംഗനം ചെയ്യുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിലമ്പൂരിലെത്തിയ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ആലിംഗനം ചെയ്യുന്നു.

യിച്ചത് യുഡിഎഫും ആര്യാടൻ ഷൗക്കത്തും. പക്ഷേ, പത്തരമാറ്റ് തിളക്കമുള്ള അട്ടിമറി വിജയത്തിന്റെ വൈസ് ക്യാപ്റ്റൻ വി.എസ് ജോയിയാണ്. ഷൗക്കത്തിനൊപ്പം സ്ഥാനാർഥിത്വത്തിന് പരിഗണിക്കുകയും എന്നാൽ അത് നിഷേധിക്കപ്പെട്ടിട്ടും പരാതിയോ പരിഭവമോ ഇല്ലാതെ തികഞ്ഞ സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ ഷൗക്കത്തിന്റെ വിജയത്തിനായി കളംനിറഞ്ഞ് പ്രചാരണം നയിച്ച ജോയ്ക്ക് ഈ വിജയത്തിലുള്ള ക്രെഡിറ്റ് കുറച്ചുകാണാനാകില്ല. കാലുവാരലിന്റെ അപ്പോസ്‌തോലന്മാരായ പാർട്ടിയിലാണ് ജോയ് വ്യത്യസ്തനായത്. കൂടെ നിന്ന് പാലം വലിക്കും എന്ന് കരുതിയ എതിരാളികൾക്കും ജോയ് ഒരു പാഠപുസ്തകമായി. കൂറ്മാറി മത്സരിച്ച പാലക്കാട്ടെ സരിന്റെ പിൻഗാമിയാകും എന്ന് പ്രതീക്ഷിച്ചവർക്കും തെറ്റി. അൻവർ ഉയർത്തിയ വെല്ലുവിളിയും മറികടന്ന് യുഡിഎഫ് സംവിധാനത്തെ ഒറ്റക്കെട്ടായി വിജയത്തിലേക്ക് നയിച്ചതിൽ വി.എസ് ജോയ് എന്ന ഡിസിസി പ്രസിഡന്റിന്റെ പങ്ക് ചെറുതല്ല.

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വി.എസ് ജോയി നടത്തിയ പ്രതികരണം സാധാരണ കോൺഗ്രസ് പ്രവർത്തകരെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. വി.എസ് ജോയി നയിക്കട്ടെ ബാപ്പുട്ടി ജയിക്കട്ടെ എന്ന പ്രവർത്തകർ ആത്മവിശ്വാസത്തോടെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിൽ വി.എസ് ജോയിയുടെ ഈ പ്രതികരണം അതിന് കാരണമായിട്ടുണ്ട്. തീർത്തും അപ്രതീക്ഷിതമായി പി.വി അൻവർ രാജിവച്ചപ്പോൾ, കോൺഗ്രസ് നേതാക്കൾ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെക്കുറിച്ച് ചിന്തിക്കുന്നതിനും മുമ്പേ പി.വി അൻവർ വി.എസ് ജോയിയുടെ പേര് മുന്നോട്ടുവച്ചു. തന്നെപ്പോലെ മലയോര കർഷകരുടെ സങ്കടം മനസിലാക്കാൻ വി.എസ് ജോയിക്കു മാത്രമെ കഴിയുമെന്നായിരുന്നു അൻവറിന്റെ വാദം. അതുകൊണ്ടുതന്നെ തന്റെ പിന്തുണ വി.എസ് ജോയിക്ക് മാത്രമാണെന്നും അൻവർ പ്രഖ്യാപിച്ചു. അൻവറിന്റെ ഈ പെട്ടെന്നുള്ള വി.എസ് ജോയി സ്നേഹത്തിന് പിന്നിൽ ബദ്ധവൈരിയായ ആര്യാടൻ ഷൗക്കത്ത് ഒരു കാരണവശാലും എം.എൽ.എയാകരുത് എന്ന ദുഷ്ടലാക്ക് മാത്രമായിരുന്നു. യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് പൊതുവേ അറിയപ്പെട്ട നിലമ്പൂരിൽ ആര്യാടൻ മുഹമ്മദ് എന്ന അതികായന്റെ മണ്ണിൽ രണ്ടുതവണ വിജയക്കൊടി പാറിച്ച അൻവറിന്റെ ഈ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തെ സമ്മർദത്തിലാക്കി എന്നുറപ്പാണ്.

പിന്നാലെ ചാനലുകളിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ് ജോയി എന്ന് ബ്രേക്കിങ് ന്യൂസുകൾ വന്നു. ജോയിയുടെ പ്രതികരണങ്ങളും മാധ്യമങ്ങൾ തേടി. സ്ഥാനാർത്ഥിയെ നേതൃത്വം തീരുമാനിക്കുമെന്ന ഒറ്റവാക്കിൽ ജോയി പ്രതികരണങ്ങൾ ഒതുക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനുള്ളിൽ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ആണെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. വി.എസ് ജോയിയെ ഈ പ്രഖ്യാപനം വിഷമിപ്പിച്ചോ എന്നറിയില്ല. പക്ഷേ പി.വി അൻവർ കരഞ്ഞില്ലന്നേയുള്ളു. താൻ സ്ഥാനം ഒഴിഞ്ഞത് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനല്ല, കോൺഗ്രസ് തന്നെ ചതിച്ചു തുടങ്ങി വഴങ്ങിയില്ലെങ്കിൽ സ്ഥാനാർത്ഥിയാകും എന്നുവരെ അൻവർ സമ്മർദ്ദം ഇറക്കി. എന്നിട്ടും നേതൃത്വം ഷൗക്കത്തിൽ ഉറച്ചുനിന്നു. ആ ഉറപ്പിന് പാർട്ടിയുടെ ഏറ്റവും വലിയ ബലം വി.എസ് ജോയി എന്ന ഡിസിസി പ്രസിഡന്റായിരുന്നു. 

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം മിനിറ്റുകൾക്കുള്ളിൽ തന്നെ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള വി.എസ് ജോയിയുടെ പ്രതികരണം വന്നു. പിന്നാലെ അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിലെത്തി. മുഖത്ത് അസംതൃപ്തിയുടെ ഒരു ലാഞ്ചനപോലുമില്ലാതെ വി.എസ് ജോയി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. സ്ഥാനാർഥിയാക്കിയില്ലെങ്കിൽ പാർട്ടിമാറുക എന്നത് കോൺഗ്രസിൽ ട്രെൻഡായതുകൊണ്ടുതന്നെ മാധ്യമങ്ങൾ വി.എസ് ജോയിയോട് കുത്തിക്കുത്തി ചോദിച്ചു. സ്ഥാനാർഥിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ, നേതൃത്വം സംസാരിച്ചിരുന്നോ തുടങ്ങി ചോദ്യങ്ങൾ അങ്ങനെ നാലുഭാഗത്തുനിന്നും വന്നു, പൊട്ടിത്തെറി പ്രതീക്ഷിച്ച മാധ്യമപ്രവർത്തരെ നിരാശരാക്കിയ കോൺഗ്രസ് പ്രവർത്തകരെ ആവേശം കൊള്ളിച്ച, കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസം പകർന്ന ആ പ്രതികരണം വന്നു

'' ഈ തിരഞ്ഞെടുപ്പിൽ നിന്നെന്നല്ല ഒരു ആയിരം തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചാലും അര വാക്കുകൊണ്ടോ ഒരു നോക്കുകൊണ്ടോ കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവർത്തനവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.''

ഈ പ്രതികരണം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ജോയിയുടെ മുഖത്തെങ്കിലും അതൃപ്തി തിരഞ്ഞ് വിവാദമുണ്ടാക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ നിലമ്പൂരിലെ യുഡിഎഫ് ഇരട്ടി ആത്മവിശ്വാസത്തോടെ അങ്കത്തട്ടിലേക്കിറങ്ങി. പ്രത്യേകിച്ച് കഴിഞ്ഞ തവണ വി.വി പ്രകാശ് മത്സരിച്ചപ്പോൾ ആര്യാടൻ ഷൗക്കത്ത് കാലുവാരിയെന്നും നെഞ്ചുപൊട്ടിയാണ് പ്രകാശ് മരിച്ചതെന്നും പ്രചാരണത്തിലുടനീളം എൽഡിഎഫ് സജീവ ചർച്ചയാക്കി. ഷൗക്കത്ത് പ്രകാശിന്റെ വീട്ടിൽ വോട്ട് ചോദിക്കാൻ പോകാത്തതും ആ പ്രചാരണത്തിന് ബലമേകി. അവിടെയാണ് ജോയ് വ്യത്യസ്തനായത്. ഐ ഗ്രൂപ്പുകാരൻ മത്സരിക്കുമ്പോൾ എ ഗ്രൂപ്പുകാരൻ വാരും. തിരിച്ചായാലും സ്ഥിതി ഇത് തന്നെ. ഒരേ ഗ്രൂപ്പുകാരനായാലും ഇതിന് മാറ്റമില്ല. അങ്ങനെയൊരു പാർട്ടിയിലാണ് തന്നെ പരിഗണിച്ച സീറ്റിൽ മറ്റൊരാൾ സ്ഥാനാർഥിയായപ്പോൾ പോസ്റ്ററൊട്ടിച്ച് പ്രചാരണം തുടങ്ങാനും ആത്യന്തം പ്രചാരണം നയിക്കാനും ജോയ് ആത്മാർഥമായി നിന്നത്. 

നിലമ്പൂരിൽ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന വേദി.  കുഞ്ഞാക്കയുടെ പൊന്നോമനപുത്രൻ ബാപ്പുട്ടിയെ വിജയിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് വേദിയിലേക്ക് സ്വീകരിച്ചുകൊണ്ട് വി.എസ് ജോയിയുടെ പ്രസംഗം. വേദിയിലെത്തിയ ആര്യാടൻ ഷൗക്കത്ത് പ്രസംഗിച്ചുകൊണ്ടിരുന്ന ജോയിയെ കെട്ടിപ്പിടിച്ചു ചുംബനം നൽകുന്നു. ഇത് കണ്ടുനിന്ന യുഡിഎഫ് പ്രവർത്തകർ മുദ്രാവാക്യം ഇങ്ങനെയാക്കി. വി.എസ് ജോയി നയിക്കട്ടെ , ബാപ്പുട്ടി ജയിക്കട്ടെ...

പിന്നീട് നിലമ്പൂർ കണ്ടത് സ്ഥാനാർഥിക്കുവേണ്ടി കർമ്മനിരതനായ വി.എസ് ജോയിയെ ആണ്. മാധ്യമങ്ങളിൽ പ്രവർത്തകർക്കിടയിൽ നേതാക്കൾക്കിടയിൽ വി.എസ് ജോയിയുടെ സംഘാടനം പ്രശംസ പിടിച്ചുപറ്റി. വി.എസ് ജോയി ശ്രദ്ധിക്കപ്പെടുന്നുവെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമുണ്ട്, സീറ്റ് നിഷേധിച്ചാൽ ഫെയ്സ്ബുക്കിൽ പിന്തുണ അറിയിച്ച് പ്രചാരണത്തിന് തോളിൽ കയ്യിട്ട് നടന്ന് കാലുവാരുന്ന പതിവ് ശൈലിയിൽ നിന്ന് വേറിട്ട് നിന്ന് വി.എസ് ജോയി താൻ പറഞ്ഞ ഓരോ വാക്കിനോടും നീതി പാലിച്ചു. ആര്യാടൻ ഷൗക്കത്തിനും വി.എസ് ജോയിയിൽ നിന്ന് പഠിക്കാനേറെയുണ്ട്. യുവതലമുറയുടെ മനസിൽ ഇടം നേടാൻ റീൽസ് ആവശ്യമില്ലെന്നും വി.എസ് ജോയി ഓർമ്മപ്പെടുത്തുന്നു.,

രണ്ട് ലോക്സഭാ രണ്ട് നിയമസഭ അങ്ങിനെ അഞ്ച് വർഷത്തിനിടെ നാല് തവണയാണ് നിലമ്പൂർ പോളിങ്ങ് സ്റ്റേഷനിലേക്ക് പോയത്. ഈ നാല് തവണയും വി.എസ് ജോയിയുടെ നേതൃത്വത്തിലായിരുന്നു യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്നൊന്നും ലഭിക്കാത്ത അഭിനന്ദനവും സ്വീകാര്യതയും വി.എസ് ജോയിക്കു ലഭിക്കുന്നുണ്ടെങ്കിൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നുണ്ടെങ്കിൽ മുദ്രാവാക്യം വിളിക്കുന്നുണ്ടുവെങ്കിൽ അതിന് കൃത്യമായ കാരണങ്ങളുണ്ട്. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ ആര്യാടൻ ഷൗക്കത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വി.എസ് ജോയിയെ പരാമർശിക്കാൻ വിട്ടുപോയിരുന്നു. ഓർമ്മപ്പെടുത്തിയപ്പോൾ തന്റെ പ്രചാരണത്തിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹം വി.എസ് ജോയിക്ക് നൽകി. എങ്കിലും കോൺഗ്രസ് സൈബറിടങ്ങൾക്ക് ആ മറന്നുപോകൽ ബോധപൂർവ്വം ആണെങ്കിലും അല്ലെങ്കിലും ക്ഷമിക്കാൻ കഴിഞ്ഞിട്ടില്ല. ഷൗക്കത്തിനെതിരെ ഉയർന്നത് രൂക്ഷവിമർശനമാണ്.

പോത്തുകല്ല് എന്ന മലയോരഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച വി.എസ് ജോയി കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. കെ.എസ്.യുവിന്റെ യൂണിറ്റ് സെക്രട്ടറി, സംസ്ഥാന, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടിയുടേയും കോൺഗ്രസിന്റെയും വിശ്വസ്തനായി 2012 മുതൽ 2017 വരെ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 2017 മുതൽ 2020 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

2015-ൽ കെ.പി.സി.സി അംഗമായ ജോയ് 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ മുതിർന്ന മാർക്സിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. 2020-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.എസ് ജോയി. നിലവിൽ 2021 മുതൽ മലപ്പുറം ഡി.സി.സി പ്രസിഡന്റാണ്. 

കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ റേറ്റിങ്ങിൽ മുന്നിലുള്ള മൂന്ന് പേരിൽ ഒരാൾ വി.എസ് ജോയിയാണ്. പുനസംഘടനാ ചർച്ച ഉയർന്നപ്പോൾ ഹൈക്കമാൻഡ് റിപ്പോർട്ട് പോലും ഡിസിസി പ്രസിഡന്റായി ജോയ് തുടരണം എന്നാണ്. കെ.സുധാകരനെ പോലെ ആവേശഭരിതനാക്കുന്ന പ്രസംഗമല്ല ശൈലി പൊതുവെ ഉമ്മൻ ചാണ്ടി ലൈനിൽ പ്രവർത്തകരുടെ നേതാവായും എല്ലാവർക്കും പ്രാപ്യനുമാണ് ജോയ്. ഷൗക്കത്തിന്റെ വമ്പൻ വിജയത്തിലേക്ക് പാർട്ടിയെ നയിച്ചതിന് അർഹമായ പരിഗണന ഹൈക്കമാൻഡ് ജോയ്ക്ക് നൽകും എന്നാണ് പ്രവർത്തകരും കരുതുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റ് അല്ലെങ്കിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ഇതിലൊന്ന് ജോയ്ക്ക് നൽകിയേക്കും.

Content Highlights: VS Joy's contribution to Congress' victory in the Nilambur by-election.