UDF-4, LDF-1; സിറ്റിങ് സീറ്റും പിടിച്ചെടുത്ത് യുഡിഎഫ്, രണ്ടാം പിണറായി സര്‍ക്കാരിനേറ്റ പ്രഹരം

സര്‍ക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാന്‍ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ്. സമീപകാലത്ത് സിപിഎം നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമായിരുന്നു നിലമ്പൂരിലേതെന്നും വലിയ വിജയം നേടുമെന്നും വോട്ടെടുപ്പിന് ശേഷവും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ നിലമ്പൂരിലെ ജനവിധി മറിച്ചായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം സംസ്ഥാനേതൃത്വം ഒന്നടങ്കവും ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിട്ടും സിറ്റിങ് സീറ്റ് നിലനിര്‍ത്താനായില്ല. രണ്ടാം പിണറായി സര്‍ക്കാരിനേറ്റ മറ്റൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് നിലമ്പൂര്‍.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗ്രാഫെടുത്താല്‍ യുഡിഎഫ്-4, എല്‍ഡിഎഫ്-1 എന്നതാണ് സ്ഥിതി. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്. മറുഭാഗത്ത് വീണ്ടുമൊരു തുടര്‍ഭരണം എന്ന എല്‍ഡിഎഫ് മോഹത്തിനും ഈ തോല്‍വി കനത്ത തിരിച്ചടിയാണ്. സിറ്റിങ് എം.എല്‍.എ സ്വതന്ത്രനായി മത്സരിച്ചിട്ടും അന്‍വറിന്റെ സമ്മര്‍ദം അംഗീകരിക്കാതെ യുഡിഎഫ് നേടിയ വിജയത്തിന് തിളക്കമേറെയാണ്.
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലയളവിനുള്ളില്‍ നിയമസഭയിലേക്ക് നടക്കുന്ന 13-ാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്. ഇതിലെ മുന്നണികളുടെ ലാഭ നഷ്ട കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. പക്ഷേ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മാത്രമെടുത്താല്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. സിറ്റിങ് സീറ്റുകള്‍ അഞ്ചെണ്ണം നിലനിര്‍ത്തുകയും നിലമ്പൂര്‍ പിടിച്ചെടുക്കുകയും ചെയ്തു. എല്‍ഡിഎഫിനാകട്ടെ ചേലക്കര നിലനിര്‍ത്താനായത് മാത്രമാണ് ആശ്വാസം.
ഒമ്പത് വര്‍ഷത്തെ ചരിത്രമെടുത്താല്‍ സിറ്റിങ് സീറ്റുകളില്‍ മൂന്നെണ്ണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ നിലമ്പൂരടക്കം രണ്ട് സീറ്റുകളാണ് യു.ഡി.എഫിന് എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുക്കാനായത്.
സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും തള്ളിപ്പറഞ്ഞ് ഒരു എംഎല്‍എ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് പ്രത്യേകത നിലമ്പൂരിനുണ്ട്. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പകളില്‍ നിലമ്പൂരൊഴികെ മറ്റെല്ലായിടത്തും എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്നോ അല്ലെങ്കില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നോ ഉണ്ടായ തിരഞ്ഞെടുപ്പാണ്.
രണ്ടാം പിണറായിക്കാലത്തെ ഉപതിരഞ്ഞെടുപ്പുകള്‍
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം വരുന്ന അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിലേത്. മുന്‍പു നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളിലും അതത് പാര്‍ട്ടികള്‍ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. എന്നാല്‍ നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് സ്വന്തമാക്കിയത്. അതാണ് ഈ ഫലത്തിന്റെ പ്രത്യേകത ഒപ്പം ഫലം വന്ന ടൈമിങ്ങും. വീണ്ടുമൊരു തുടര്‍ഭരണത്തിനായി എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും കോപ്പുകൂട്ടുമ്പോള്‍ സതീശനും മുന്നണിക്കും ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല
മറ്റു ഉപതിരഞ്ഞെടുകള്‍ ഇങ്ങനെ...
തൃക്കാക്കര:
2022 മേയ് 31-നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എം.എല്‍.എ. ആയിരുന്ന പി.ടി. തോമസ് മരിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന സീറ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. എല്‍.ഡി.എഫിലെ ജോ ജോസഫ് ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി. 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിച്ചു.
പുതുപ്പള്ളി:
2023 സെപ്റ്റംബര്‍ അഞ്ചിന് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. സി.പി.എമ്മിലെ ജെയ്ക് സി. തോമസായിരുന്നു മുഖ്യ എതിരാളി. 37,719 വോട്ടിന് ചാണ്ടി ഉമ്മന്‍ വിജയിച്ചു.
ചേലക്കര:
2024 നവംബര്‍ 13-നായിരുന്നു ചേലക്കര ഉപതിരഞ്ഞെടുപ്പ്. ചേലക്കര എം.എല്‍.എ. ആയിരുന്ന മുന്‍മന്ത്രി കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍നിന്ന് പാര്‍ലമെന്റ് അംഗമായതോടെയാണ് സീറ്റ് ഒഴിവു വന്നത്.
സി.പി.എം. സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപ് 12,122 വോട്ടിന് ജയിച്ചു. ആലത്തൂരില്‍ പരാജയപ്പെട്ട രമ്യ ഹരിദാസായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
പാലക്കാട്:
2024 നവംബര്‍ 20-ന് പാലക്കാട് ഉപതിരഞ്ഞെടുപ്പ്. എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ സി.പി.എം. സ്വതന്ത്രനായി മത്സരിച്ച ഡോ. പി. സരിനെ 18,198 വോട്ടിന് പരാജയപ്പെടുത്തി.
ഒന്നാം പിണറായി സര്‍ക്കാരും ഉപതിരഞ്ഞെടുപ്പുകളും
വേങ്ങര:
എട്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്നത്. ആദ്യ ഉപതിരഞ്ഞെടുപ്പ് 2017-ലായിരുന്നു. വേങ്ങരയില്‍. മലപ്പുറം എംപിയായിരുന്ന മുസ്ലിം ലീഗ് നേതാവ് ഇ.അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് വേങ്ങരയില്‍ എംഎല്‍എ ആയിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെക്കുകയും ലോക്‌സഭയിലേക്ക് മത്സരിക്കുകയും ചെയ്തു. വേങ്ങരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായിരുന്ന കെ.എന്‍.എ ഖാദര്‍ വിജയിച്ചു.
ചെങ്ങന്നൂര്‍:
സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് 2018-ല്‍ ചെങ്ങന്നൂര്‍ നിയമസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പാല:
കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്നാണ് പാലാ നിയമസഭാ മണ്ഡലത്തില്‍ 2019-ല്‍ ഉപതിരഞ്ഞെടുപ്പു നടന്നത്. കെ.എം. മാണിയുടെ പിന്‍ഗാമിയായി ജോസ് ടോം പുലിക്കുന്നേലിനെ ജോസ് കെ. മാണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി ചെയര്‍മാനായിരുന്ന പി.ജെ. ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചില്ല. തുടര്‍ന്ന് യുഡിഎഫ് സ്വതന്ത്രനായി പൈനാപ്പിള്‍ ചിഹ്നത്തിലാണ് ജോസ് ടോമിനു മത്സരിക്കേണ്ടി വന്നത്. എന്‍സിപിയുടെ മാണി.സി.കാപ്പനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയത്. മണി സി.കാപ്പനിലൂടെ 53 വര്‍ഷത്തിന് ശേഷം എല്‍ഡിഎഫ് പാല പിടിച്ചെടുത്തു.
മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം:
മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിലാണ് 2019 ഒക്ടോബര്‍ 21 നാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. മഞ്ചേശ്വരത്ത് ലീഗ് എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്; മറ്റിടങ്ങളില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി സിറ്റിങ് എംഎല്‍എമാര്‍ രാജിവച്ച ഒഴിവിലേക്കും.
മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ഥി എം.സി.ഖമറുദ്ദീന്‍ വിജയിച്ചു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാര്‍ഥി തിരുവന്തപുരം മേയറായിരുന്ന വി.കെ.പ്രശാന്താണ് വിജയിച്ചത്. കോന്നിയിലും അട്ടിമറി നടന്നു. കാല്‍നൂറ്റാണ്ടിന് ശേഷം യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 9983 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ കെ.യു.ജനീഷ് കുമാര്‍ വിജയിച്ചു. അരൂരില്‍ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാനാണ് വിജയിച്ചത്. എറണാകുളം മണ്ഡലം ചെറിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നിലനിര്‍ത്തി. ടി.ജെ.വിനോദാണ് വിജയിച്ചത്.
Content Highlights: by polls history kerala during first and second pinarayi governments