ഗോവിന്ദനും രാജീവ് ചന്ദ്രശേഖറിനും പിഴച്ചു; പ്രസിഡന്റായി ആദ്യ അങ്കം ജയിച്ച് സണ്ണി ജോസഫ്

എം.വി.ഗോവിന്ദനും ഇ.പി.ജയരാജനും |ഫോട്ടോ:മാതൃഭൂമി
എം.വി.ഗോവിന്ദനും ഇ.പി.ജയരാജനും |ഫോട്ടോ:മാതൃഭൂമി

നിലമ്പൂര്‍ പലതുകൊണ്ടും നിര്‍ണായകമായിരുന്നു. കരുത്തുകാട്ടി അന്‍വര്‍ താരമായി. സ്വരാജിന്റെ തോല്‍വിയോടെ എം.വി ഗോവിന്ദനും മോഹന്‍ രാജിന് 10,000 വോട്ട് നേടാനാകാത്തത് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും തിരിച്ചടിയായി. അതേ സമയം കെ.പി.സി.സി പ്രസിഡന്റായി ആദ്യ അങ്കം ജയിച്ച സണ്ണി ജോസഫിന് സതീശനൊപ്പം തുടക്കം ഗംഭീരമാക്കി. സണ്ണി ജോസഫും രാജീവ് ചന്ദ്രശേഖറും പാര്‍ട്ടി അധ്യക്ഷന്മാരായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്‌.

ഭയമില്ലാത്ത സത്യസന്ധനായ കമ്യൂണിസ്റ്റാണ് താനെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ഉറക്കെ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ്. വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ കുറിച്ച് നിരന്തരം ക്ലാസെടുക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പക്ഷേ പറഞ്ഞ സത്യത്തില്‍സത്യത്തിന്റെ ടൈമിങ്ങിലെ പിഴവ്‌ തിരിച്ചറിയാന്‍ കുറച്ച് വൈകിപ്പോയി. പിറ്റേന്ന് മാധ്യമങ്ങളെ വിളിച്ചുക്കൂട്ടി മലക്കംമറിഞ്ഞു. മുഖ്യമന്ത്രിക്ക് മുതല്‍ നെഞ്ചിടിപ്പോടെ തിരഞ്ഞെടുപ്പ് ഗോദയില്‍നില്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് വരെയും വിശദീകരണങ്ങളുമായി ഇറങ്ങേണ്ടിയുംവന്നു. യുഡിഎഫ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് ആരോപിച്ച് ദിവസങ്ങളോളം പ്രചാരണം നടത്തി നിലമ്പൂരിലെ വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ 'സത്യസന്ധമായ' വെളിപ്പെടുത്തല്‍. പാര്‍ട്ടിയെ സെക്രട്ടറിയെ മുഖ്യമന്ത്രി തിരുത്തുന്ന അസാധാരണ കാഴ്ചയും കണ്ടു.

'ആര്‍എസ്എസുമായി ഞങ്ങള്‍ ചേര്‍ന്നിട്ടുണ്ടായിരുന്നു' ചാനല്‍ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് ബന്ധം ചൂണ്ടിക്കാട്ടുന്നതിന്റെ വാദത്തിനിടെ പറഞ്ഞതെന്ന് കരുതി മാധ്യമ പ്രവര്‍ത്തകന്‍ ഇതിപ്പോള്‍ പറഞ്ഞാല്‍ വിവാദമാകുമെന്ന് മുന്നറിയിപ്പ് നല്‍കി, എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ താന്‍ എന്തിന് വിവാദങ്ങളെ ഭയക്കണമെന്ന നിലയായി ഗോവിന്ദന്..'എന്ത് വിവാദം വരാന്‍, സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞാല്‍ വിവാദമാകുമോ..ഞങ്ങള്‍ക്ക് ഒരു ഭയവുമില്ല'. നിശബ്ദ പ്രചാരണദിനത്തില്‍ വീണുകിട്ടിയ വടി യുഡിഎഫ് നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത് മുതല്‍ വര്‍ഗീയശക്തികളുമായുള്ള യുഡിഎഫിന്റെ ബന്ധം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഗോദയില്‍ പ്രചാരണം എല്‍ഡിഎഫ് പൊടിപൊടിക്കുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇത്തരത്തിലൊരു പരാമര്‍ശമുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രകാശ് ജാവഡേക്കര്‍ കാണാനെത്തിയത് തുറന്ന് പറഞ്ഞ ഇ.പി. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്ന് പറഞ്ഞ ഗോവിന്ദന്റെ ജാഗ്രത ആര് അളക്കുമെന്നത് ഇനി കണ്ടറിയണം. 

പാര്‍ട്ടിയെ വെട്ടിലാക്കിയ പ്രസ്താവനയുടെ പേരില്‍ മാത്രമാകില്ല ഗോവിന്ദന്‍ ചോദ്യം ചെയ്യപ്പെടുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയ ശേഷം നേരിടുന്ന തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ കൂടി ഗോവിന്ദന് തലവേദന സൃഷ്ടിക്കും.

കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞപ്പോള്‍ 2022 ഓഗസ്റ്റ് 28-നാണ് മന്ത്രിസ്ഥാനം രാജിവെച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. അതിന് ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും ഗോവിന്ദന്‍ നേതൃത്വം നല്‍കുന്ന സിപിഎമ്മിന് ആശ്വാസിക്കാവുന്ന ഫലമൊന്നുമില്ല

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്, 2024 ലോക്സഭാ തിരഞ്ഞെടുപ്പ്, വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ്, ചേലക്കര, പാലക്കാട്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുകള്‍ എന്നീ രാഷ്ട്രീയ പരീക്ഷകളാണ് ഗോവിന്ദന് പാര്‍ട്ടി സെക്രട്ടറിയായ ശേഷം നടന്നത്. ഇതില്‍ വയനാട് ലോക്സഭയിലേക്കൊഴികെയുള്ള ഉപതിരഞ്ഞെടുപ്പുകളിലെല്ലാം സിപിഎമ്മും കോണ്‍ഗ്രസും നേരിട്ടുള്ള പോരാട്ടമായിരുന്നു. ലോക്സഭയിലേറ്റ കനത്ത പരാജയത്തിന് പുറമെ, പുതുപ്പള്ളി, പാലക്കാട്, ഇപ്പോള്‍ നിലമ്പൂരിലും തോറ്റു. നിലമ്പൂരില്‍ സിറ്റിങ് സീറ്റിലാണ് പരാജയം.

ചേലക്കരയില്‍ മാത്രമാണ് ആശ്വസിക്കാനുള്ളത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം എല്ലാ തിരഞ്ഞെടുപ്പിലും ജനവിധി എതിരാണെന്ന പ്രതിപക്ഷത്തിന്റെ കന്നാക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാകുന്ന ആശ്വാസ വിധിയായിരുന്നു ചേലക്കരയിലേത്. ലോക്‌സഭാതിരഞ്ഞെടുപ്പിനുശേഷം നടത്തിയ തിരുത്തല്‍ നടപടിയുടെ ഫലമാണ് ചേലക്കരയില്‍ ഉണ്ടായതെന്ന വിലയിരുത്തലിലായിരുന്നു സിപിഎം. എന്നാല്‍ നിലമ്പൂരില്‍ സിറ്റിങ് സീറ്റില്‍ പരാജയപ്പെട്ടതോടെ തിരുത്തലുകള്‍ മതിയാകില്ലെന്ന വിലയിരുത്തലിലേക്ക് സിപിഎമ്മിന് കടക്കേണ്ടിവരും. തിരഞ്ഞെടുപ്പ് തലേന്ന് പാര്‍ട്ടി സെക്രട്ടറി നടത്തിയ പ്രസ്താവന തിരുത്തല്‍ നടപടികളുടെ ഭാഗമാകുമോ എന്നതും വരുംദിവസങ്ങളില്‍ കാണാം.എന്നാല്‍ അതൊന്നും പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട വിഷയമേയല്ലെന്ന് ഗോവിന്ദന്‍ തന്നെ പറഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സിപിഎമ്മും എല്‍ഡിഎഫും തിരഞ്ഞെടുപ്പിന് നേരിട്ടതെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിക്കും ഒഴിഞ്ഞുമാറാനാകില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും കയ്പേറിയ അനുഭവമാണ് നിലമ്പൂര്‍ നല്‍കിയിട്ടുള്ളത്. സ്ഥാനാരോഹണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ തിരിച്ചടിയാണ്. ഈ തിരി (2021ലെ വോട്ട് താരതമ്യം...

നിലമ്പൂര്‍ ഗോവിന്ദന് കയ്പേറിയ അനുഭവം നല്‍കുമ്പോള്‍ മറുഭാഗത്ത് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് ഇരട്ടിമധുരമാണ്. സ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ രാഷ്ട്രീയ പോരാട്ടത്തില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ് പിടിച്ചെടുത്തിരിക്കുന്നത്. സതീശനൊപ്പം തന്നെ മണ്ഡലത്തില്‍ തമ്പടിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചയാളാണ് സണ്ണി ജോസഫ്. സുധാകരന്‍ സതീശന്റെ അപ്രമാദിത്വം ചോദ്യം ചെയ്തിരുന്നെങ്കില്‍ കൂട്ടായ നേതൃത്വത്തിലും ഏകോപനത്തിലും വിശ്വസിക്കുന്ന നേതാവാണ് സണ്ണി ജോസ്. നാവുപിഴ സുധാകരനും പാര്‍ട്ടിക്കും പലപ്പോഴും ബാധ്യതയായെങ്കില്‍ അളന്നുമുറിച്ച് സംസാരിക്കുന്ന പ്രകൃതമാണ് സണ്ണിജോസഫിന് പാര്‍ട്ടിയിലും മുന്നണിയിലും ഐക്യവും ഏകോപനവും സൃഷ്ടിക്കാന്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

Content Highlights: M V Govindan's RSS gaffe pay heavy price for LDF in Nilambur