തകർന്നടിഞ്ഞ് ഉദ്ധവ്, വോട്ടർമാർ ഷിന്ദേക്കൊപ്പം; മുഖ്യമന്ത്രി സ്ഥാനം ആർക്ക് ലഭിക്കും?

ഏക്‌നാഥ് ഷിന്ദേ നരേന്ദ്രമോദിക്കൊപ്പം, ഉദ്ധവ് താക്കറെ | Photo: PTI, ANI
ഏക്‌നാഥ് ഷിന്ദേ നരേന്ദ്രമോദിക്കൊപ്പം, ഉദ്ധവ് താക്കറെ | Photo: PTI, ANI

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേനയ്ക്ക് വന്‍തിരിച്ചടി. കോണ്‍ഗ്രസിനോട് സീറ്റുകള്‍ പിടിച്ചുവാങ്ങിയിട്ടും ഭേദപ്പെട്ട പ്രകടനം ഉദ്ധവിന്റെ പാര്‍ട്ടിക്ക് കാഴ്ചവെക്കാന്‍ സാധിച്ചില്ല. മഹാവികാസ് ആഘാഡിയുടെ ഭാഗമായി 95 സീറ്റില്‍ മത്സരിച്ച ശിവസേനയ്ക്ക്, 15 സീറ്റുകളില്‍ മാത്രമാണ് മുന്‍തൂക്കമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒടുവിലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2019-ല്‍ ബി.ജെ.പിയുമായി സഖ്യംചേര്‍ന്ന് മത്സരിച്ച ശിവസേന, ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശരദ് പവാറിന്റെ എന്‍.സി.പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. താക്കറെ കുടുംബത്തില്‍നിന്ന് ആദ്യമായി മഹാരാഷ്ട്രയുടെ ഭരണതലപ്പത്ത് എത്തിയ വ്യക്തിയായി ഉദ്ധവ് മാറി. എന്നാല്‍, രണ്ടുവര്‍ഷത്തിനപ്പുറം, ഏക്‌നാഥ് ഷിന്ദേ ഭൂരിപക്ഷം എം.എല്‍.എമാരുമായി പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പിക്കൊപ്പം ചേര്‍ന്നു. വലിയ ഒറ്റകക്ഷിയായിട്ടുപോലും ബി.ജെ.പി, ഷിന്ദേയുടെ ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കി. ഔദ്യോഗിക പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഷിന്ദേ പക്ഷത്തിനായിരുന്നു അനുവദിച്ചത്.

ഈ സാഹചര്യത്തില്‍ ഇരു ശിവസേനകള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനം തങ്ങള്‍ക്കൊപ്പം നിന്നതിന്റെ ആത്മവിശ്വാസത്തിലായിരുന്നു മഹാവികാസ് അഘാഡി. ഇത് അമിത ആത്മവിശ്വാസത്തിലേക്ക് എത്തിയപ്പോള്‍ കൂടുതല്‍ സീറ്റിനായി പാര്‍ട്ടികള്‍ തമ്മില്‍ പോരടിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ഉദ്ധവ് പക്ഷവും കോണ്‍ഗ്രസും ഒരുപോലെ രംഗത്തുവന്നു.

നാണംകെട്ട പരാജയത്തിലേക്ക് ഉദ്ധവ് പക്ഷം പോകുന്നു എന്നതിനപ്പുറം, ഷിന്ദേ ശിവസേന വലിയ മുന്നേറ്റം നടത്തുന്നത് ഉദ്ധവിന്റേയും മകന്‍ ആദിത്യ താക്കറേയുടേയും രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാക്കുന്നുമുണ്ട്. മഹായുതിയുടെ ഭാഗമായി 81 സീറ്റിലാണ് ഷിന്ദേ ശിവസേന മത്സരിച്ചത്. ഇതില്‍ 53 സീറ്റുകളില്‍ ഇപ്പോള്‍ അവര്‍ മുന്നിലാണ്. ഏതാണ്ട് 51-ഓളം സീറ്റുകളില്‍ ഇരു ശിവസേനകളും തമ്മിലായിരുന്നു മത്സരം.

ബി.ജെ.പി. വലിയ ഒറ്റകക്ഷിയാകുമെന്ന ശക്തമായ സൂചനയാണ് ഇപ്പോഴത്തെ ഫലം നല്‍കുന്നത്. 105-വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു ബി.ജെ.പിയുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം വിട്ടുനില്‍കരുതെന്ന താത്പര്യം അര്‍.എസി.എസിനുണ്ടെന്നാണ് വിവരം. പ്രതീക്ഷകളെ മറികടന്ന് ബി.ജെ.പി. തരംഗത്തിലേയ്ക്ക് തിരഞ്ഞെടുപ്പ് ഫലം നീങ്ങുമ്പോൾ ഷിന്ദേയുടെ നിലനിൽപ്പ് സംബന്ധിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടാൽ ഷിന്ദേ തുടർന്ന് എന്ത് നിലപാടെടുക്കുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

Content Highlights: Uddhav Thackeray gets slapping defeat