ഉദ്ധവിന്റെ അധിക്ഷേപം മറക്കാത്ത അമിത് ഷാ; ആരൊക്കെ, ആര്‍ക്കൊപ്പം നില്‍ക്കും? മഹാരാഷ്ട്രയുടെ മനമറിയാം

സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ ജയിലിടച്ച ചിദംബരം. അമിത് ഷാ ആഭ്യന്തര മന്ത്രിയായപ്പോള്‍ ചിദംബരം അഴിക്കുള്ളിൽ. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ആക്ഷേപിക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താത്ത സ്മൃതി ഇറാനിയെ കിശോരിലാല്‍ ശര്‍മയിലൂടെ അമേഠിയില്‍ തന്നെ തോല്‍പിച്ച കഥ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരം പകപോക്കലുകളുടെ കഥകള്‍ക്ക് ഒരു പഞ്ഞവുമില്ല. സാഹചര്യത്തെളിവുകള്‍ കൂട്ടിച്ചേര്‍ത്ത് മെനഞ്ഞെടുക്കുന്ന ഇത്തരം കഥകള്‍ സത്യമാണെങ്കിലും അല്ലെങ്കിലും, കാലാകാലങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായും പ്രതികൂലമായും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യാനുസരണം പ്രചരിപ്പിക്കാറുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലും അത്തരമൊരു കഥയുണ്ട്.
അഫ്സല്‍ ഖാന്റെ പട്ടാളെമെന്ന് ഉദ്ധവ്, ഒന്നും മറക്കില്ലെന്ന് അമിത് ഷാ
2014-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലം. ശിവസേനയുമായുള്ള സഖ്യമുപേക്ഷിച്ച് ബി.ജെ.പി. തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്നത്തെ ബി.ജെ.പി. പ്രസിഡന്റ് അമിത് ഷായ്ക്കും കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ക്കുമെതിരെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. മോദിയേയും സംഘത്തേയും അദ്ദേഹം അഫ്സല്‍ ഖാന്റെ സൈന്യത്തോട് ഉപമിച്ചു. മഹാരാഷ്ട്രയില്‍ പ്രചാരണം നടത്തുന്ന മോദിയുടെ സംഘം അഫ്സല്‍ ഖാന്റെ പട്ടാളത്തെപ്പോലെയാണെന്ന് ഉദ്ധവ് പറഞ്ഞു. അവര്‍ സൗഹൃദം നടിച്ച് പിന്നില്‍നിന്ന് കുത്തും. സംസ്ഥാനത്തെ വിഭജിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
ബിജാപുര്‍ സുല്‍ത്താന്‍ അലി ആദില്‍ ഷാ രണ്ടാമന്റെ പടത്തലവനായിരുന്നു അഫ്സല്‍ ഖാന്‍. മറാത്ത ചക്രവര്‍ത്തി ഛത്രപതി ശിവജിയെ കുതന്ത്രത്തിലൂടെ അഫ്സല്‍ ഖാന്‍ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് മഹാരാഷ്ട്രക്കാര്‍ കരുതുന്നത്. എന്നാല്‍, പിന്നില്‍നിന്ന് കുത്താനുള്ള ശ്രമം ശിവജി പരാജയപ്പെടുത്തുകയും അഫ്സല്‍ ഖാനെ വധിക്കുകയും ചെയ്തു.
ശിവജിയോടുള്ള വൈകാരികത ഇന്നും ചര്‍ച്ചയാവുന്ന മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ പരാമര്‍ശം അമിത് ഷായ്ക്ക് വലിയ അധിക്ഷേപമായി തോന്നി. അത് അദ്ദേഹം മനസില്‍വെച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, ബി.ജെ.പി. വലിയ ഒറ്റക്കക്ഷിയായി. ശരദ് പവാറിന്റെ എന്‍.സി.പി. ബി.ജെ.പിക്ക് പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിച്ചു. അത് നിരസിക്കാതിരുന്ന അമിത് ഷാ ആലോചിച്ച് തീരുമാനം പറയാമെന്ന് മറുപടി നല്‍കി. എന്നാല്‍, സംസ്ഥാനത്തെ നേതാക്കളുടെ സമ്മര്‍ദത്തിന് ബി.ജെ.പി. ദേശീയ നേതൃത്വം വഴങ്ങി. സഖ്യം ഉപേക്ഷിച്ച് മത്സരിച്ച ശിവസേനയുമായി ചേര്‍ന്ന് വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ഒടുവില്‍ അനുമതി നല്‍കി.
ദേവേന്ദ്ര ഫഡ്നവിസായിരുന്നു ചരടുവലികള്‍ നടത്തിയത്. ഫഡ്നവിസ് അങ്ങനെ മഹാരാഷ്ട്രയിലെ ബി.ജെ.പി. മുഖ്യമന്ത്രിയായി. ഇന്നത്തെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ അടക്കമുള്ള മന്ത്രിസഭ അഞ്ചുവര്‍ഷം തികച്ചു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും പ്രതിസന്ധി ഉടലെടുത്തു. തനിച്ച് മത്സരിക്കാനായിരുന്നു ബി.ജെ.പി. ദേശീയ നേതൃത്വത്തിന് താത്പര്യം. എന്നാല്‍, ശിവസേനയുമായി ചേര്‍ന്ന് പരമാവധി സീറ്റുകള്‍ വിജയിക്കണമെന്ന് ഫഡ്നവിസ് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തി. പാല്‍ഗഢിലെ സിറ്റിങ് സീറ്റ് ശിവസേനയ്ക്ക് വിട്ടുകൊടുക്കാനുള്ള സന്മനസും സംസ്ഥാന നേതൃത്വം കാണിച്ചു. ഫഡ്നവിസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അമിത് ഷാ, താക്കറെ കുടുംബത്തിന്റെ വസതിയായ 'മാതോശ്രീ'യില്‍ എത്തി ഉദ്ധവുമായി കൂടിക്കാഴ്ച നടത്തി. സഖ്യം പ്രഖ്യാപിച്ചു.
പിന്നീട് മലബാര്‍ ഹില്ലിലെ സഹ്യാദ്രി ഗസ്റ്റ് ഹൗസില്‍വെച്ച് ബി.ജെ.പി. നേതാക്കളെ കണ്ട അമിത് ഷാ ഒരു കാര്യം വ്യക്തമാക്കി. തനിക്കും മോദിക്കുമെതിരായി ശിവസേന നടത്തിയ അധിക്ഷേപങ്ങളൊന്നും മറന്നിട്ടില്ല. 'അവരെ പാഠം പഠിപ്പിക്കാന്‍ ഒരവസരത്തിനായി കാത്തിരിക്കുകയാണ്'- അമിത് ഷാ പറഞ്ഞു. 48-ല്‍ 43 സീറ്റും ബി.ജെ.പി- ശിവസേന സഖ്യം നേടി. പക്ഷേ യഥാര്‍ഥ പ്രതിസന്ധി വരാനിരുന്നത് മാസങ്ങള്‍ക്കപ്പുറം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു.
Content Highlights: Will Uddhav Thackeray taken on revenge against Amit Shah who allegedly split Shiv Sena?