വിജയശിൽപികൾ കൽപനയും മയ്യാ സമ്മാൻ യോജനയും?

'ഝാർഖണ്ഡിലെ ജനങ്ങൾ വികസനത്തിൻ്റെ പാതയാണ് ഇത്തവണ തിരഞ്ഞെടുത്തത്. വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിക്കുകയാണ്. കുറച്ച് മണിക്കൂറുകൾകൂടി കാത്തിരിക്കാം' ഏഴു റൗണ്ട് വോട്ടുകൾ എണ്ണികഴിഞ്ഞപ്പോൾ 3000 ത്തിൽപരം വോട്ടുകൾക്ക് പിന്നിലായപ്പോഴും കൽപന സോറന്റെ ആത്മവിശ്വസത്തിൽ തെല്ലും കുറവു വന്നിട്ടില്ലായിരുന്നു. കാത്തിരിക്കാമെന്ന വാക്കിൽ വിജയിക്കുമെന്ന ധൈര്യം തന്നെയായിരുന്നു നിഴലിച്ചുനിന്നിരുന്നത്. ആ വിശ്വാസം തെറ്റിയില്ല. അവസാന റൗണ്ടുകളിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ ലീഡ് നില മാറി മറിഞ്ഞു. ബിജെപിയുടെ മുനിയ ദേവിയെ പിന്തള്ളി കൽപന സോറൻ വോട്ടുനില ഉയർത്തി. 'ഈ വിജയം ഓരോ സ്ത്രീയുടെയും വിജയമാണ്. ഇത് സത്യത്തിൻ്റെ വിജയം, പരസ്പര സാഹോദര്യത്തിൻ്റെ വിജയം'. അവർ എക്സിൽ കുറിച്ചു.
यह जीत हर मंईयां की जीत है ।
यह सच्चाई की जीत है, आपसी भाईचारे की जीत है। pic.twitter.com/0fn2TMkrbV— Kalpana Murmu Soren (@JMMKalpanaSoren) November 23, 2024
കൽപന സോറൻ... ആ പേര് ഝാർഖണ്ഡിൽ മുഴങ്ങികേൾക്കാൻ തുടങ്ങിയിട്ട് അധികനാളുകൾ ആയിട്ടില്ല. ജനമനസിൽ ഇടം നേടാൻ അവർക്ക് അധികകാലത്തിന്റെ ആവശ്യമായിരുന്നില്ല. അഴിമതിക്കേസിൽ ഹേമന്ത് സോറൻ ജയിലിലേക്ക് പോയപ്പോഴും പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചത് കൽപനയായിരുന്നു. ഹേമന്ത് സർക്കാരിന്റെ ജനപ്രിയത ഉയർത്തിയതിൽ പ്രധാന ഘടകം ഹേമന്തിന്റെ പത്‌നി കൽപന സോറനായിരുന്നുവെന്നതിൽ തെല്ലും സംശയത്തിന്റെ ആവശ്യമില്ല. ജെഎംഎം എംഎൽഎ സർഫറാസ് അഹമ്മദ് രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന ഗന്ധേയ് മണ്ഡലത്തിൽ ഈ വർഷം ജൂൺ നാലിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് കൽപന സംസ്ഥാന ഭരണസിരാകേന്ദ്രത്തിലെത്തുന്നത്.
ജെ.എം.എമ്മിന് തുടർഭരണം സാധ്യമാകുന്നെങ്കിൽ അതിന് കാരണം കല്പനയും ഹേമന്ത് സർക്കാരിന്റെ യോജന പദ്ധതിയുമായിരുന്നു. ഇ.ഡി കേസിലെ ജയിൽവാസം കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഹേമന്ത് സോറന്റെ പുതിയ സർക്കാർ ആദ്യം ചെയ്തത് വനിതകൾക്ക് പ്രതിമാസം 1000 രൂപ വീതം സൗജന്യമായി നൽകുന്ന മയ്യാ സമ്മാൻ യോജന പദ്ധതി നടപ്പിൽ വരുത്തുകയായിരുന്നു. അതിപ്പോൾ ഡിസംബറിൽ 2500 രൂപയാക്കുമെന്നാണ് പ്രഖ്യാപനം. ഇതിനെല്ലാം പിന്നിൽ കൽപന സോറന്റെ കൈകളാണെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്.
കല്പനയുടെ പ്രചരണവേദികളിലെല്ലാം വലിയ ജനപ്രവാഹമായിരുന്നു ഉണ്ടായിരുന്നത്. ആ ആവേശം ജെ.എം.എം നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയെ തുടർഭരണത്തിലേക്കെത്തിക്കുമെന്ന രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തലുകളെ ശരിവെക്കുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ ഝാർഖണ്ഡ് സാക്ഷിയായിരിക്കുന്നത്. മയാൻ സമ്മാൻ യോജന, കാർഷിക വായ്പ എഴുതിത്തള്ളൽ, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്നിവ ഉൾപ്പെടെയുള്ള ജെഎംഎമ്മിൻ്റെ ജനകീയ പദ്ധതികൽ വോട്ടർമാരിൽ പ്രതിധ്വനിച്ചു.
Content Highlights: Kalpana Soren Wins Jharkhand assembly election