ബിജെപി നേതാവിന്റെ വോട്ട് ചെയ്തത് പ്രായപൂർത്തിയാകാത്ത മകൻ; വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു, കേസ്

ഭോപാല്‍: മധ്യപ്രദേശിലെ ബെരാസിയയില്‍ ബി.ജെ.പി. നേതാവിന്റെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ വോട്ടുചെയ്ത സംഭവത്തിൽ വിവാദം. ബി.ജെ.പിയുടെ പ്രാദേശിക നേതാവ് വിനയ് മെഹാറിന്റെ വോട്ട് മകന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തുകയും ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയുംചെയ്തതാണ് വിവാദത്തിന് ആധാരം.
14 സെക്കന്‍ഡുള്ള വീഡിയോ ബി.ജെ.പി. നേതാവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ തന്നെയാണ് പങ്കുവെച്ചത്. നേതാവും മകനും പോളിങ് ബൂത്തില്‍ നില്‍ക്കുന്നതും താമരചിഹ്നത്തില്‍ വോട്ടുചെയ്യുന്നതും ദൃശ്യത്തിലുണ്ട്. വി.വി. പാറ്റില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, 'ഓക്കെ, ഇത്രയും മതി', എന്ന് പിതാവ് മകനോട് പറയുന്നതും കേള്‍ക്കാം.
ബൂത്തില്‍ മൊബൈല്‍ ഫോണ്‍ അനുവദിച്ചതും പ്രായപൂര്‍ത്തിയാകാത്ത മകനെ വോട്ട് ചെയ്യാന്‍ അനുവദിച്ചതിലും വലിയ ചോദ്യങ്ങളാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ ബി.ജെ.പി. കുട്ടികളുടെ കളിപ്പാട്ടമാക്കിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബബേലെ വീഡിയോ എക്‌സില്‍ പങ്കുവെച്ചു. അതേസമയം, സംഭവത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജില്ലാ കളക്ടര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിസൈഡിങ് ഓഫീസര്‍ക്കും സംഭവത്തിന്റെ ഭാഗമായ മറ്റുള്ളവര്‍ക്കുമെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മൂന്നാംഘട്ടവോട്ടെടുപ്പിനിടെ ഗുജറാത്തിലും സമാനസംഭവമുണ്ടായിരുന്നു. ബൂത്ത് കയ്യേറി കള്ളവോട്ട് ചെയ്തുവെന്ന ആരോപണത്തില്‍ ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത് സിങ് ഭാഭോറിന്റെ മകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ വിജയ് ഭാഭോറിനെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ബൂത്ത് കൈയ്യേറി വിജയ് ഭാഭോര്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവും ഇട്ടിരുന്നു. ഇത് പിന്നീട് ഡിലീറ്റ് ചെയ്തു.
Content Highlights: BJP Leader's Minor Son Casting Vote