10 വർഷത്തിനിടെ അദാനിക്ക് പ്രധാനമന്ത്രി നൽകിയത് നിരവധി പദ്ധതികൾ; മോദിയുടെ വിമർശനത്തിനു പിന്നാലെ രാഹുൽ

ഹൈദരാബാദ്: തിരഞ്ഞെടുപ്പിന് പ്രഖ്യാപിച്ചതിനു ശേഷം രാഹുല്‍ ഗാന്ധി അദാനിയെയും-അംബാനിയെയും അക്രമിക്കുന്നത് നിര്‍ത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ഷേപത്തിനു പിന്നാലെ മോദി-അദാനി ബന്ധം വീണ്ടും ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മോദി അധികാരത്തില്‍വന്ന് പത്തു വര്‍ഷത്തിനിടെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, പ്രതിരോധ കരാറുകള്‍ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യപദ്ധതികള്‍ അദാനിക്ക് നല്‍കിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇന്ത്യ സംഖ്യം തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത ഓഗസ്റ്റ് 15-നുള്ളില്‍ 30 ലക്ഷം ഒഴിവുകൾ നികത്തുമെന്നും രാഹുല്‍ പറഞ്ഞു. തെലങ്കാനയിലെ മെഡക് ലോക്‌സഭാ മണ്ഡലത്തില്‍നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി- അദാനി ബന്ധത്തെ രാഹുല്‍ വിമര്‍ശിച്ചത്.
രാജ്യത്ത് 20-22 പേര്‍ക്കുവേണ്ടി മാത്രമാണ് പ്രധാനമന്ത്രി പ്രവര്‍ത്തിച്ചതെന്നും അവരെ ശതകോടീശ്വരന്മാരാക്കിയെന്നും രാഹുല്‍ ആരോപിച്ചു. രാഷ്ട്രീയം മുഴുവനും 22-25 ആളുകള്‍ക്ക് വേണ്ടിയാകണമെന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. നരേന്ദ്ര മോദി ജി അദാനിയെപ്പോലുള്ള ആളുകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. 10 വര്‍ഷക്കാലം നരേന്ദ്ര മോദി രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധ വ്യവസായം തുടങ്ങി എല്ലാം അദാനിക്ക് നല്‍കി. കോടിക്കണക്കിന് യുവാക്കളെ തൊഴില്‍രഹിതരാക്കി, അദാനിക്കുവേണ്ടി നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കി, രാഹുല്‍ ആരോപിച്ചു.
ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രാഹുല്‍, ഓഗസ്റ്റ് 15 നകം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 30 ലക്ഷം തൊഴിൽ ഒഴിവുകൾ നികത്താനുള്ള നടപടികള്‍ പുതിയ സര്‍ക്കാര്‍ ആരംഭിക്കുമെന്ന് വാഗ്ദാനവും നല്‍കി.
സംവരണം നിര്‍ത്തലാക്കുന്നതിനായി മോദി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ചു. ബിജെപി സംവരണം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസ് സംവരണം 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, രാഹുല്‍ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തുടനീളം ജാതി സെന്‍സസ് നടത്തുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. ഭരണഘടനയെ മാറ്റാൻ ഒരു ശക്തിക്കും ആവില്ലെന്നും ചില ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തെ സൂചിപ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു
Content Highlights: Modi gave several projects to Adani in 10 yrs, but we will fill 30 lakh vacancies if elected:Rahul