പാര്‍ട്ടി പേരുകൾ രേഖപ്പെടുത്തി ഗര്‍ഭനിരോധന ഉറകള്‍; ആന്ധ്രയിൽ പുതിയ പ്രചാരണതന്ത്രവുമായി പാർട്ടികൾ

ടിഡിപി, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളുടെ പേരിൽ പുറത്തിറക്കിയ ഗർഭനിരോധന ഉറകളുടെ പാക്കറ്റുകൾ
ടിഡിപി, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളുടെ പേരിൽ പുറത്തിറക്കിയ ഗർഭനിരോധന ഉറകളുടെ പാക്കറ്റുകൾ

അമരാവതി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ എത്തിനില്‍ക്കേ, എന്തും പ്രചാരണായുധങ്ങളാക്കാന്‍ പാര്‍ട്ടികള്‍ തിരക്കുകൂട്ടുകയാണ്. അതിടയിലാണ് വിചിത്രമായ പ്രചാരണ മാര്‍ഗവുമായി ആന്ധ്രാപ്രദേശിലെ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുരംഗം ചൂടുപിടിപ്പിക്കുന്നത്. തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നവും പാര്‍ട്ടി പേരുകളും അച്ചടിച്ച പാക്കറ്റുകളില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണംചെയ്താണ് പാര്‍ട്ടികള്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ഭരിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രതിപക്ഷമായ തെലുഗുദേശം പാര്‍ട്ടിയുടെയും പേരുകളില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യപ്പെടുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീടുകളില്‍ വിതരണം ചെയ്യുന്ന കിറ്റുകളിലാണ് ഗര്‍ഭനിരോധന ഉറകളും ഉള്‍പ്പെടുത്തയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്തിനാണ് പാര്‍ട്ടിപേരുകളുള്ള ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നതെന്ന് ഒരാള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ പണം ചെലവാക്കേണ്ടിവരും, അതുകൊണ്ടാണ് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നതെന്ന് മറ്റൊരാള്‍ ഇതിന് മറുപടി പറയുന്നതും വീഡിയോയിലുണ്ട്.

ഇരു പാര്‍ട്ടികളും ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇതിന്റെ പേരില്‍ രണ്ടുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ടിഡിപി എത്രത്തോളം തരംതാഴ്ന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ഇത്തരം നടപടിയെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

'പ്രചാരണത്തിനായി ടിഡിപി ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നു. എന്തുതരം ഭ്രാന്താണിത്? അടുത്തതായി അവര്‍ വയാഗ്രയും വിതരണംചെയ്യാന്‍ തുടങ്ങുമോ? ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ', വൈഎസ്ആര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇതിനു മറുപടിയായി വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ചിഹ്നമുള്ള ഗര്‍ഭനിരോധന ഉറകള്‍ വിതരണംചെയ്യുന്നതിന്റെ വീഡിയോ ടിഡിപിയും എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Condom packs with party names: Andhra poll campaign