കശ്മീരിലെ മൂന്ന് സീറ്റുകളിലും തനിച്ചുമത്സരിക്കാൻ നാഷണൽ കോൺഫറൻസ്

ന്യൂഡൽഹി: കശ്മീരിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കാനൊരുങ്ങി നാഷണൽ കോൺഫറൻസ്. ശ്രീനഗർ, ബാരാമുള്ള, അനന്ത്നാഗ് മണ്ഡലങ്ങളിൽ മത്സരിക്കാനാണ് നീക്കം. മൂന്നും നാഷണൽ കോൺഫറൻസിന്റെ സിറ്റിങ് സീറ്റുകളാണ്.
അനന്ത്നാഗ് മണ്ഡലം പി.ഡി.പി.ക്ക് വിട്ടുനൽകണമെന്ന കോൺഗ്രസ് ആവശ്യം തള്ളിയാണ് നാഷണൽ കോൺഫറൻസിന്റെ നേതൃയോഗം മൂന്നിടത്തും മത്സരിക്കാൻ തീരുമാനിച്ചത്. ഇന്ത്യസഖ്യത്തിന് തീരുമാനം തിരിച്ചടിയായി. എന്നാൽ, ജമ്മു, ലഡാക്ക് മേഖലകളിലെ മൂന്ന് മണ്ഡലങ്ങളുടെ കാര്യത്തിൽ കോൺഗ്രസുമായി സഖ്യചർച്ചകൾ തുടരുകയാണെന്ന് നാഷണൽ കോൺഫറൻസ് നേതൃത്വം വ്യക്തമാക്കി. ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയർത്തി രൂപവത്കരിച്ച ഗുപ്കർ സഖ്യത്തിനും തിരിച്ചടിയാണ് നാഷണൽ കോൺഫറൻസിന്റെ ഏകപക്ഷീയ തീരുമാനം.
പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തിക്കായി അനന്ത്നാഗ് വിട്ടുകൊടുക്കണമെന്നും ലഡാക്ക് സീറ്റ് നാഷണൽ കോൺഫറൻസിന് വിട്ടുനൽകാമെന്നുമാണ് കോൺഗ്രസ് മുന്നോട്ടുവെച്ച ഫോർമുല. മുഫ്തി അനന്ത്നാഗിൽ മത്സരിക്കുകയാണെങ്കിൽ അവരെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് നീക്കം.
Content Highlights: National Conference to contest all three seats in Kashmir alone