കര്‍ഷകരോഷം ഹരിയാണയില്‍ ബി.ജെ.പിക്ക് വിനയാകും, കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കും- ആശാ ഹൂഡ

റോഹ്തക് (ഹരിയാണ): റോഹ്തകില്‍ മുന്‍ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെയും മകന്‍ ദീപേന്ദര്‍ ഹൂഡയുടെയും വസതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തികഞ്ഞ ആവേശത്തിലാണ്. വസതിയില്‍ സഹായം തേടിയും അല്ലാതെയും എത്തുന്ന എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ നേതാക്കള്‍ സന്നദ്ധരുമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പ്രചരണ പരിപാടികളുടെ ഭാഗമായി വിശ്രമമില്ലാതെ സഞ്ചരിക്കുന്ന അച്ഛന്‍ ഹൂഡയുടെയും മകന്‍ ഹൂഡയുടെയും അസാന്നിധ്യത്തിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഹരിയാണയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഭൂപീന്ദര്‍ ഹൂഡയുടെ ഭാര്യ ആശ ഹൂഡ റോഹ്തകിലുണ്ട്. അടിയുറച്ച കോണ്‍ഗ്രസുകാരിയുമായ ആശ ഹൂഡയെ കാണാനെത്തുന്നവരുടെ എണ്ണത്തിനും കുറവില്ല. ജനങ്ങളുമായുള്ള ദൈനംദിന ഇടപെടലുകള്‍ക്കിടയിലും ഹരിയാണ രാഷ്ട്രീയത്തെ കുറിച്ച് ആശ ഹൂഡ സംസാരിക്കുന്നു...
ഹരിയാണയില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഇക്കുറി എത്രത്തോളമാണ്. പത്തില്‍ പത്ത് സീറ്റുകളിലും വിജയം പ്രതീക്ഷിക്കാമോ?
സീറ്റുകളുടെ എണ്ണം പ്രവചിക്കുക സാധ്യമല്ലെങ്കിലും ഇക്കുറി ഹരിയാണയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് പാര്‍ട്ടി അടിയുറച്ച് വിശ്വസിക്കുന്നു. ബി.ജെ.പി. സര്‍ക്കാരിന് ഭരിക്കാന്‍ ഹരിയാണയില ജനങ്ങള്‍ പത്ത് വര്‍ഷം നല്‍കിയിട്ടും ജനങ്ങളുടെ ഒരാവശ്യം പോലും നിറവേറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തൊഴിലില്ലായ്മ കാരണം സംസ്ഥാനത്തെ യുവാക്കള്‍ ഇരുട്ടില്‍ തപ്പുകയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നതിന് ബി.ജെ.പി. സര്‍ക്കാരിന് സാധിച്ചില്ല. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികളൊന്നും ബി.ജെ.പി. കൈക്കൊണ്ടില്ല. ക്രമസമാധാന പ്രശ്‌നങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും വര്‍ധിച്ചു. സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള മുഴുവന്‍ മമതയും നഷ്ടപ്പെട്ട സാഹചര്യമാണ് ഹരിയാണയില്‍.
ഹരിയാണയിലെ വിവിധ മണ്ഡലങ്ങളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാണ്. ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്‌തേക്കുമെന്ന് കരുതുന്നുണ്ടോ?
ജയപരാജയങ്ങളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പി.യോട് അമര്‍ഷമുണ്ടെന്നത് വ്യക്തമാണ്. ഹരിയാണയില്‍നിന്നും പഞ്ചാബില്‍ നിന്നുമുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ ഒന്നരക്കൊല്ലത്തോളം സമരമിരുന്നു. ഈ രാജ്യത്തെ പൗരന്മാര്‍ തന്നെയാണ് അവരും. എന്നാല്‍ ഡല്‍ഹിയിലെത്തി അധികാരികളുമായി സംസാരിക്കാന്‍ കര്‍ഷകരെ ബി.ജെ.പി. ഭരണകൂടം അനുവദിച്ചില്ല. ഹരിയാണ സര്‍ക്കാരും കര്‍ഷകരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരില്‍ അധികവും ഈ കര്‍ഷകരാണ്. സമരം അവസാനിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ബി.ജെ.പി. സര്‍ക്കാര്‍ പാലിച്ചില്ല. കര്‍ഷകര്‍ ഇതൊന്നും മറന്നിട്ടുണ്ടാകാന്‍ സാധ്യതയില്ല. കര്‍ഷകരുടെ ഈ അമര്‍ഷം ബി.ജെ.പി. സര്‍ക്കാരിന്റെ തോല്‍വിയിലാകും കലാശിക്കുക.
കര്‍ഷകരുടെ സമരത്തിന് പുറമേ ഗുസ്തിതാരങ്ങളുടെ സമരവും ഹരിയാണയില്‍ ഭരണവിരുദ്ധ വികാരത്തിന് വഴിവെച്ചതായി കരുതുന്നുണ്ടോ?
തീര്‍ച്ചയായും. പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന ഗുസ്തി താരങ്ങളില്‍ ഏറിയ പങ്കും ഹരിയാണയില്‍നിന്നുള്ളവരായിരുന്നു. ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ മാസങ്ങളോളം സമരമിരുന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. സമരക്കാര്‍ക്ക് പിന്നില്‍ ദീപേന്ദര്‍ ഹൂഡയാണെന്ന തരത്തിലുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ബി.ജെ.പി. ഉയര്‍ത്തി. തുടക്കത്തില്‍ രാഷ്ട്രീയ നേതാക്കളുടെ പിന്തുണ തേടാതിരുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നേതാക്കളെത്താന്‍ തുടങ്ങിയതിന് ശേഷമാണ് ദീപേന്ദര്‍ ഹൂഡയും ജന്തര്‍മന്തറിലെത്തിയത്. ഗുസ്തി താരങ്ങളും പോലീസുമായി സംഘര്‍ഷമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അത്. കടുത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ സമരവേദിക്ക് സമീപമെത്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ച ദീപേന്ദര്‍ ഹൂഡയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.
അധികാരത്തിലെത്തിയാല്‍ ഹരിയാണയിലെ ജനങ്ങള്‍ക്കായി കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന വാദഗ്ദാനങ്ങള്‍ എന്തൊക്കെയാണ്?
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രികയില്‍ (ന്യായ്പത്ര) യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്ത് സാമൂഹിക സമത്വം ഉറപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഹരിയാണയിലും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് ഇതേ മാതൃകയാകും നടപ്പാക്കുക. ഹരിയാണയുടെ വികസനത്തിന് ഉതകുന്ന പ്രത്യേക പദ്ധതികളും കോണ്‍ഗ്രസ് യാഥാര്‍ഥ്യമാക്കും. ഹരിയാണ സ്റ്റേറ്റ് സര്‍വീസ് പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച യുവാക്കളെ അലട്ടുന്ന വലിയ പ്രശ്‌നമാണ്. ഇതിനും കോണ്‍ഗ്രസ് ഉചിതമായ പരിഹാരം കാണും. അര്‍ഹതയയുള്ളവര്‍ക്കാകും നിയമനം ലഭിക്കുന്നതെന്ന് ഉറപ്പാക്കും. ഹരിയാണയില്‍ കൂടുതല്‍ വ്യാവസായിക സംരംഭങ്ങള്‍ ആരംഭിക്കും. കൂടുതല്‍ പേര്‍ക്ക് ഇത്തരം സംരഭങ്ങളിലൂടെ ജോലി നല്‍കും.
ലോക്‌സഭ തിരഞ്ഞെടുപ്പിന് പുറമേ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് കരുതാമോ?
ഉറപ്പായും. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉറപ്പായും ഹരിയാണയില്‍ സര്‍ക്കാരുണ്ടാക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി.യുമായി കോണ്‍ഗ്രസിന് സീറ്റ് നിലയില്‍ കാര്യമായ വ്യത്യാസമുണ്ടായിരുന്നില്ല. ബി.ജെ.പി.യുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന് പറഞ്ഞ ജെ.ജെ.പി. പത്ത് എം.എല്‍.എ.മാരുമായി ബി.ജെ.പി.യോടൊപ്പം ചേര്‍ന്നത് കൊണ്ടാണ് ഹരിയാണയില്‍ ബി.ജെ.പി.ക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചത്. ജെ.ജെ.പിക്ക് ലഭിച്ച വോട്ടുകളെല്ലാം ബി.ജെ.പി. വിരുദ്ധ വോട്ടുകളായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ വോട്ട് ചെയ്തവരെ വഞ്ചിച്ച് ജെ.ജെ.പി. നേതാക്കള്‍ മറുകണ്ടം ചാടി. ഇത്തരം പ്രാദേശിക പാര്‍ട്ടികളുടെ ലക്ഷ്യം അധികാരം നേടുക മാത്രമാണ്. ഇവര്‍ക്ക് ധാര്‍മികതയില്ല. ഇവരുമായി കോണ്‍ഗ്രസിന് ചേര്‍ന്ന് പോകാനുമാകില്ല.
ഹരിയാണ നിയമസഭയില്‍ നിലവില്‍ ഇരുകക്ഷികള്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടോ?
മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ ബി.ജെ.പി.ക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണയുമായി എത്തിയപ്പോഴും വാക്കാലുള്ള പിന്തുണ മാത്രമാണ് ജെ.ജെ.പി. എം.എല്‍.എമാരില്‍ നിന്നും കോണ്‍ഗ്രസിന് ലഭിച്ചത്. ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിച്ചെന്ന് ഗവര്‍ണറെ ജെ.ജെ.പി. അറിയിച്ചതും വൈകിയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ഇപ്പോഴും തര്‍ക്കങ്ങളുണ്ട്. നിലവില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും സഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണെങ്കിലും ഗവര്‍ണറുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായത്തോടെ ബി.ജെ.പി. അധികാരത്തില്‍ തുടരുകയാണ്. മാര്‍ച്ചില്‍ വിശ്വാസവോട്ടെടുപ്പ് നടന്ന സാഹചര്യത്തില്‍ വീണ്ടുമൊരു വിശ്വാസ വോട്ടെടുപ്പ് നടത്തണമെങ്കില്‍ അത് ഗവര്‍ണറുടെ വിവേചനാധികാരം ഉപയോഗിച്ച് മാത്രമേ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹരിയാണയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്.
Content Highlights: Asha Hooda, Bhupinder Hooda Malayalam interview