മോദി കന്യാകുമാരിയിലെത്തി; ഇനി മൂന്ന് ദിവസം വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിലിരിക്കും

കന്യാകുമാരി: മൂന്നുദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അദ്ദേഹം കന്യാകുമാരിയിലെത്തി. മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററിലാണ് കന്യാകുമാരിയിലെത്തിയത്.
പഞ്ചാബിലെ ഹോഷിയാര്‍പുരിലായിരുന്നു മോദിയുടെ അവസാന തിരഞ്ഞെടുപ്പ് പ്രചാരണം. വ്യാഴാഴ്ച കന്യാകുമാരിയിലെത്തിയ അദ്ദേഹം ജൂണ്‍ ഒന്നുവരെ ഇവിടെ ധ്യാനത്തിനിലിരിക്കും. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് ധ്യാനം. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനനിമഗ്നനാവുക.
കന്യാകുമാരിയിലെത്തിയ അദ്ദേഹം ആദ്യം ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഇവിടെനിന്നാണ് വിവേകാനന്ദപ്പാറയിലേക്ക് പോവുക. നാവികസേനയുടെ കപ്പലിലാണ് വിവേകാനന്ദപ്പാറിയില്‍ എത്തുക.
45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിനുശേഷം തിരുവള്ളൂര്‍ പ്രതിമയും സന്ദര്‍ശിച്ചശേഷമായിരിക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുക. പ്രധാനമന്ത്രിയുടെ വരവിനെത്തുടര്‍ന്ന് കന്യാകുമാരിയില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: PM Modi arrives in Kanyakumari, to embark on 'dhyan' at Vivekananda Rock Memorial