''തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും നല്ല മത്സരം തന്ന പ്രതിയോഗി ആരാ ? ''-ഞാന്‍ നായനാരോട് ചോദിച്ചു. മറുപടി ഉടനെത്തി : കടന്നപ്പള്ളി രാമചന്ദ്രന്‍. അവിടെ നിര്‍ത്തിയില്ല മറുപടി : ''അതിലും ടെന്‍ഷനായിരുന്നു 1974-ല്‍ ഇരിക്കൂറില്‍ നടന്ന തിരഞ്ഞെടുപ്പ്. ടഫ് ഫൈറ്റ്. എന്റെ പാര്‍ട്ടി മാത്രം ഒരു വശത്ത്. ബാക്കിയെല്ലാവരും മറുവശത്ത്. എന്നിട്ടും ഞാന്‍ ജയിച്ചു ''- പതിവ് നായനാര്‍മുദ്ര വീണ ചിരിയോടെ നായനാര്‍ പറഞ്ഞു. 1971-ല്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കടന്നപ്പള്ളി രാമചന്ദ്രനുമായി നടന്ന മത്സരത്തിന്റെ ഓര്‍മകളായിരുന്നു അപ്പോള്‍ ഇ.കെ.നായനാരുടെ മനസ്സില്‍. (അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ സി.പി.എം സ്ഥാനാര്‍ഥി ഇ.കെ.നായനാരെ 28,404 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. തോറ്റ നായനാരും ജയിച്ച കടന്നപ്പള്ളിയും പിന്നീട് ഒരേ മുന്നണിയിലായി എന്നത് പില്‍ക്കാല ചരിത്രം)
1996-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസങ്ങളിലൊന്നിലായിരുന്നു നായനാര്‍ അക്കഥ പറഞ്ഞത്. മുഖ്യമന്ത്രിക്കസേരയിലായാലും പാര്‍ട്ടി സെക്രട്ടറിയുടെ കസേരയിലായാലും നായനാര്‍, നായനാര്‍ തന്നെ. റൈറ്റ്... സംസാരം മുറുകുമ്പോള്‍ ഇടക്കിടെ 'റൈറ്റ് 'എന്ന് മുഴക്കി ലെഫ്റ്റിലൂടെയാണ് സഞ്ചാരം. നല്ല മൂഡിലായിരുന്നു അന്ന് നായനാര്‍.ഏ.കെ.ജി. സെന്ററിലെ സംസ്ഥാന സെക്രട്ടറിയുടെ മുറി. പൊട്ടിച്ചിരിയല്ലാതെ ചെറുകിടചിരികള്‍ നായനാര്‍ക്ക് പഥ്യമില്ല. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണനെ മുന്നില്‍ കണ്ടപ്പോള്‍ അതുപോലൊരു വമ്പന്‍ ചിരി പൊട്ടിയുതിര്‍ന്നു. 'ങാ.വാ...' അവര്‍ തമ്മില്‍ കാലങ്ങളായുള്ള അടുപ്പക്കാര്‍.
Content Highlights: ek nayanar election memories by manoj menon