ഇൻഡോറിന് ഇരട്ട റെക്കോഡ്; ചരിത്രം കുറിച്ച് നോട്ടയും ബിജെപിയും

നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ബിജെപിയുമായി ഒത്തുകളിച്ച് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പത്രിക പിൻവലിച്ച ഇന്‍ഡോറില്‍ നോട്ടയില്‍ പ്രതികാരം തീര്‍ത്ത് ജനം. ബിജെപി സ്ഥാനാര്‍ഥി 12 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പിറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ ലാല്‍വാനി 12.26 ലക്ഷം(1226751) വോട്ട് നേടിയപ്പോള്‍ തൊട്ട് പിറകെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് സ്ഥാനാര്‍ഥികളല്ല, നോട്ടയാണ്. 2.18 ലക്ഷമാണ് (218674) നോട്ടയ്ക്ക് കിട്ടിയ വോട്ടുകള്‍.
ഇതോടൊപ്പം ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടുന്ന സ്ഥാനാർഥിയും ഇൻഡോറിൽ നിന്നാണ്. പ്രധാന എതിർ സ്ഥാനാർഥിയുടെ അഭാവത്തിൽ ബിജെപി സ്ഥാനാർഥി പത്ത് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് ഇൻഡോറിൽ വിജയിക്കുന്നത്. 10,08077 വോട്ടിന്റെ ലീഡെന്നത് 2024 ലോക്സഭ തിരഞ്ഞെടുപ്പിലെ റെക്കോഡ് ഭൂരിപക്ഷമാണ്. ഏറ്റവും വലിയ ഭൂരിപക്ഷ വിജയം നേടുന്ന മണ്ഡലം എന്ന പ്രത്യേകതയ്ക്ക് പുറമയാണ് കൂടുതല്‍ വോട്ട് നോട്ടയ്ക്ക് നേടുന്ന മണ്ഡലം എന്ന പ്രത്യേകത കൂടി ഇൻഡോറിനു കൈവരുന്നത്. നോട്ടയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വോട്ടാണിത്.
നാമനിര്‍ദേശ പത്രിക സമർപ്പണം മുതൽ തന്നെ വാർത്തയിലിടം നേടിയ മണ്ഡലമാണ് ഇൻഡോർ. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയായിരുന്ന അക്ഷയ് കാന്തി ഭം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നത് കോൺഗ്രസ്സിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. 14 സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിച്ചത്. ബിജെപി സ്ഥാനാർഥിക്ക് 12 ലക്ഷത്തിലധികം വോട്ട് ലഭിച്ചപ്പോള്‍ മറ്റ് 12 സ്ഥാനാര്‍ഥികള്‍ക്കും 50,000 ത്തില്‍ താഴെയായിരുന്നു വോട്ട്. 14 സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർഥി മാത്രമാണ് 50,000(51659) വോട്ടുകൾ കടന്ന ബിജെപിക്കു പുറമെയുള്ള ഏക സ്ഥാനാർഥി. എന്നാല്‍ നോട്ട രണ്ട് ലക്ഷത്തിലധികം വോട്ട് മണ്ഡലത്തില്‍ നേടി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം പത്രിക പിൻവലിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസ്സ് അണികളോടും ജനങ്ങളോടും ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ കൂടി പ്രതിഫലനമാണ് ഈ ഫലം.
17 വര്‍ഷം പഴക്കമുള്ള കേസ് പരാമര്‍ശിക്കാത്തതിന് സൂക്ഷ്മപരിശോധനയില്‍ ബിജെപി അക്ഷയ് കാന്തി ഭമിന്റെ നാമനിര്‍ദേശ പത്രികയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ എതിര്‍പ്പ് തള്ളുകയും നാമനിര്‍ദേശ പത്രിക സ്വീകരിക്കുകയും ചെയ്തു. അതേസമയം കോണ്‍ഗ്രസിന്റെ മൂന്ന് ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം അദ്ദേഹം പത്രിക പിൻവലിച്ചത്.
നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് മത്സരിക്കാതെ തന്നെ ഏകപക്ഷീയ വിജയമായിരുന്നു ബിജെപിയുടെ മുകേഷ് കുമാര്‍ ചന്ദ്രകാന്ത് ദലാളിന്.
Content Highlights: NOTA 1.85 lakhs Votes Indore, Bjp candidate congress withdrew candidateship