തരൂരിന്റെ അശ്വമേധം തടുക്കാന്‍ രാജീവിനെ ഇറക്കി BJP; പന്ന്യന്റെ കരുത്തില്‍ കരപറ്റാൻ എൽ.ഡി.എഫ്

ആഞ്ഞുപിടിച്ചാല്‍ കൂടെപ്പോരുമെന്ന് ബി.ജെ.പി. കരുതുന്ന എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ലോക്സഭയിലേക്ക് ജയിക്കാനാകുമെന്ന് പാര്‍ട്ടിക്കാര്‍ക്ക് പോലും ഉറപ്പുള്ള മണ്ഡലമെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, മണ്ഡലത്തിന്റെ ചരിത്രത്തില്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പില്‍ മാത്രമാണ് ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതെന്ന് പറയാം. അതുവരെ ക്രമാനുഗതമായി വളര്‍ന്ന പാര്‍ട്ടിയാണ് ബി.ജെ.പി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ വെറും മൂന്ന് തവണ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്.
മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂര്‍ തന്നെയാകുമെന്നുറപ്പ്. ഇതിനൊപ്പം മലയാളിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ് ബി.ജെ.പി. കളത്തിലിറക്കിയത്. കര്‍ണാടകയില്‍നിന്ന് രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്തിയ രാജീവ് ചന്ദ്രശേഖറിന്റെ ആദ്യത്തെ ലോക്‌സഭാ പോരാട്ടമാണ് തിരുവനന്തപുരത്തേത്. തിരുവനന്തപുരത്തുകാര്‍ക്ക് അപരിചിതനാണെങ്കിലും കേന്ദ്രമന്ത്രിയെന്ന വിശേഷണവും മാധ്യമരംഗത്തെ സ്വാധീനവും തുണയ്ക്കുമെന്ന ബി.ജെ.പി. കരുതുന്നു. മറുവശത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്ന ജനകീയ മുഖത്തിനെ കളത്തിലിറക്കി ഇടതുപക്ഷവും കളം കൊഴുപ്പിച്ചുകഴിഞ്ഞു. ഇനി വോട്ടുചിന്തകള്‍ എങ്ങനെ മാറിമറിയുമെന്ന് കണ്ടറിയണം.
Content Highlights: shashi tharoor rajeev chandrasekhar and pannyan raveendran who will win thiruvananthapuram