വീണ്ടും ഹംസപരീക്ഷണം; പൊന്നാനിക്കോട്ടയിൽ കണ്ണെറിയുന്ന പൊന്നരിവാളമ്പിളി?

പൊന്നാനി, മുസ്ലിം ലീഗിന്റെ പൊന്നാപുരംകോട്ട. 1977 മുതൽ ജനം മാറിച്ചിന്തിക്കാതെ ഹരിതപതാകയ്ക്ക് കീഴിൽ അടിയുറച്ച മണ്ഡലം. അടിയൊഴുക്കിന്റെ 2004 തിരഞ്ഞെടുപ്പിലും യു.ഡി.എഫിനെ ചേർത്തുപിടിച്ച ഒരേയൊരു മണ്ഡലം. ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങുന്ന പൊന്നാനി. ജി. എം. ബനാത്ത്വാല പാകിയ അടിത്തറ ഇന്ന് ഇ.ടി. മുഹമ്മദ് ബഷീറിന്റെ കരങ്ങളിൽ ഭദ്രമെന്ന് യു.ഡി.എഫ്. കരുതുന്ന പൊന്നാനി. ആശങ്കകൾക്ക് വകയില്ലാതെ ഇത്തവണയും ഹരിതപാതക പാറിപ്പിക്കുമെന്ന് ലീഗ് നേതൃത്വം ഉറച്ചു പറയുമ്പോൾ അത്ര ചെറുതല്ലാത്ത, അപ്രതീക്ഷിത വെല്ലുവിളിയാണ് സി.പി.എം. പാളയത്തിൽ നിന്ന് ഉയരുന്നത്.
ലീഗ് കോട്ട തകർക്കാൻ സി.പി.എം. രംഗത്തിറക്കുന്നത് ലീഗ് മുൻ പോരാളിയെ. സി.പി.എം. സ്ഥാനാർഥിയായി പൊന്നാനിയിൽ നിരവധി നേതാക്കളുടെ പേരുകൾ ഉയർന്നെങ്കിലും ഒടുവിൽ നറുക്ക് വീണത് ലീഗിൽ എതിർശബ്ദമുയർത്തി പുറത്തായ കെ.എസ്. ഹംസയിലേക്ക്. സ്വതന്ത്ര സ്ഥാനാർഥിയെ മുൻ നിർത്തിയാണ് സി.പി.എം. ഇത്തവണയും പൊന്നാനിയിൽ പോരിനിറങ്ങുക. ലീഗ് കോട്ടയില്‍ പരീക്ഷണം നടത്തി. വിജയക്കൊടി പാറിച്ച ടി.കെ. ഹംസ, കെ.ടി. ജലീൽ, വി. അബ്ദുറഹ്മാൻ, പി.വി അന്‍വര്‍ അടങ്ങുന്ന വലിയൊരു നിരതന്നെ സി.പി.എമ്മിനുമുമ്പിൽ നിൽക്കുമ്പോൾ, പൊന്നാനിയിൽ സമാനപരീക്ഷണത്തിന് മുതിരാൻ പാർട്ടിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.
Content Highlights: ponnani lok sabha constituency election history