ബെമൽമുതൽ മണൽവരെ - പാലക്കാട്ടെ പ്രധാന വിഷയങ്ങൾ

പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറിയതോടെ സ്വന്തം വോട്ടുറപ്പിച്ച്, ഇനി എതിരാളികളുടെ കളത്തിലേക്കാണ് മുന്നണികളുടെ തേരോട്ടം. അതിനായി മര്‍മം നോക്കി പ്രയോഗിക്കാവുന്ന വിഷയങ്ങള്‍ കണ്ടെത്തണം. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ വ്യവസായംമുതല്‍ കൃഷിവരെ വിഷയങ്ങള്‍ക്ക് പഞ്ഞമില്ല. കഞ്ചിക്കോട് ബെമല്‍ സ്വകാര്യവത്കരണവും ഭാരതപ്പുഴയോരത്തെ മണല്‍വാരലും ഇതില്‍ ചിലതുമാത്രം.
കോച്ച് ഫാക്ടറിയില്ലാതെ...

സമീപകാലത്തെ തിരഞ്ഞെടുപ്പുകളിലെല്ലാം ഉയര്‍ന്നുവരുന്ന പ്രധാന വിഷയം കഞ്ചിക്കോട് കോച്ച് ഫാക്ടറിയാണ്. ഇക്കുറിയും ഇതിനുമാറ്റമില്ല. ബി.ജെ.പി.യും സി.പി.എമ്മും തുടക്കത്തില്‍ യു.ഡി.എഫിന്റെ സിറ്റിങ് എം.പി.ക്കെതിരേ ആഞ്ഞടിച്ചതും ഈ വിഷയത്തിലായിരുന്നു. ആരോപണം കൊഴുത്തതോടെ പ്രത്യാരോപണങ്ങളും അവകാശവാദങ്ങളുമായി യു.ഡി.എഫും രംഗത്തെത്തി. ഒരുപിടികൂടിക്കടന്ന് ഏറ്റെടുത്ത സ്ഥലത്ത് മറ്റെന്തെങ്കിലും സ്ഥാപനം തുടങ്ങണമെന്ന ആവശ്യവുമുന്നയിച്ചു. കോച്ച് ഫാക്ടറി വരുമോ എന്ന വിഷയത്തില്‍ അവ്യക്തതമാത്രം ബാക്കിയാകുന്നു.

ആരുസംരക്ഷിക്കും ബെമലിനെ?

പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കഞ്ചിക്കോട്ടെ ഫാക്ടറിയടക്കമുള്ള പൊതുമേഖലാ സ്ഥാപനമായ ബെമലിനെ സ്വകാര്യവത്കരിക്കുന്ന വിഷയമാണ് മറ്റൊന്ന്. ഇതിന് ഊര്‍ജം പകര്‍ന്നത് ബെമല്‍ വാങ്ങാന്‍ ചുരുക്കപ്പട്ടികയിലുള്ള സ്വകാര്യകമ്പനി രണ്ടുപാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടായി കോടികള്‍ കൈമാറിയെന്ന വാര്‍ത്തയും. ബെമല്‍ സ്വകാര്യവത്കരണത്തിനെതിരേ സമരം ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വേണ്ടവിധം ഉന്നയിക്കപ്പെട്ടില്ലെന്ന ആരോപണവും ഇതോടൊപ്പമുയര്‍ന്നു.

തൊഴില്‍തന്നെ മുഖ്യം

കഞ്ചിക്കോട്ട് ഭൂമിയേറ്റെടുത്ത കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി യാഥാര്‍ഥ്യമാകുമ്പോള്‍ നാട്ടുകാര്‍ക്ക് തൊഴില്‍ ഉറപ്പാക്കണമെന്ന ആവശ്യവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാണ്. ഐ.ടി. പാര്‍ക്കടക്കമുള്ള പുതുതലമുറ സംരംഭങ്ങളുടെ ആവശ്യകതയും ജില്ലയ്ക്ക് സ്വന്തമായി എയിംസ് എന്ന ആവശ്യവുമുയരുന്നുണ്ട്.

പാസാകുമോ പാക്കേജ്?

ജില്ലയ്ക്കായി കാര്‍ഷികപാക്കേജ് നടപ്പാക്കുമെന്ന വാഗ്ദാനവുമുയരുണ്ട്. നെല്‍ക്കര്‍ഷകര്‍ നിരവധി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്ത് ഇത് അനിവാര്യമാണെന്ന ആവശ്യവും ശക്തമാണ്.

ആദിവാസിക്ഷേമത്തിനായി

പദ്ധതികള്‍ ഏറെയുണ്ടെങ്കിലും ആദിവാസിക്ഷേമനടപടികള്‍ താഴെത്തട്ടിലേക്ക് എത്തുന്നില്ലെന്ന വിഷയത്തിലാണ് ആദിവാസിമേഖലകളില്‍ പ്രചാരണം കൊഴുക്കുന്നത്. ഇതിനുതടയിടാന്‍ ഊരുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി മറുഭാഗത്തും പ്രചാരണം പൊടിപൊടിക്കുകയാണ്. വന്യജീവികളുടെ കാടിറങ്ങലും കൃഷിനാശവും അത് തടയാനുള്ള നടപടികളുമെല്ലാം മലയോര മേഖലകളിലെ നീറുന്ന വിഷയമായി തുടരുകയാണ്.

റെയില്‍വേ വികസനം

ആവശ്യത്തിന് പാസഞ്ചര്‍വണ്ടികളും മെമുവുമില്ലാത്ത പാലക്കാടിന്റെ യാത്രാക്ലേശങ്ങള്‍ ഒരുവശത്ത് ഉയരുന്നുണ്ട്. മറുവശത്ത് പിറ്റ്ലൈന്‍പോലുള്ള പദ്ധതികള്‍ എത്തിക്കാനായെന്ന പ്രചാരണവും സജീവമാണ്.

പുഴകളിലെയും അണക്കെട്ടുകളിലെയും മണല്‍വാരല്‍, ഐ.ഐ.ടി., ഡിഫന്‍സ് പാര്‍ക്ക്, ദേശീയപാതാ വികസനം, ഗ്രീന്‍ഫീല്‍ഡ് ഹൈവേ, അമൃത്പദ്ധതി, ആദിവാസി ഊരുകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങളിലും അവകാശവാദങ്ങളും ആരോപണങ്ങളും കൊഴുക്കുകയാണ്.

തിരഞ്ഞെടുപ്പ്, എതിരാളിയുടെ 'നടുവൊടി'ക്കാനുള്ള പുത്തന്‍ വിഷയങ്ങള്‍ കണ്ടെത്തലിന്റെ കാലം കൂടിയാണ്. പറഞ്ഞുതീരാത്ത ഇത്തരം വിഷയങ്ങളില്‍ ഒരുപടി മുന്നിലാണ് പാലക്കാട് ലോക്സഭാ മണ്ഡലം...

Content Highlights: palakkad loksabha election beml kanchikkode