'മുരളീധരന്‍റെ വികാരം മനസ്സിലാക്കുന്നു, തിരികെ കൊണ്ടുവരും'; പദവി പാർട്ടി തീരുമാനിക്കുമെന്നും സുധാകരൻ

കെ. മുരളീധരൻ, കെ. സുധാകരൻ | Photo: Mathrubhumi
കെ. മുരളീധരൻ, കെ. സുധാകരൻ | Photo: Mathrubhumi

കോഴിക്കോട്: തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ പൊതുരംഗത്തുനിന്ന് മാറിനില്‍ക്കുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ വീട്ടിലെത്തി കണ്ടു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സുധാകരന്‍ മുരളീധരന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയത്. മുരളീധരന്റെ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാവുമെന്ന് കെ. സുധാകരന്‍ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മുതിര്‍ന്ന നേതാവിന് ഒരു പ്രശ്‌നമുണ്ടായാല്‍ അതില്‍ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. മുരളീധരന്‍ പാര്‍ട്ടി നേതാവായി തുടരും. പ്രശ്‌നപരിഹാരം താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ല. തൃശ്ശൂരിലെ തോല്‍വിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

'മുരളീധരന്‍ അദ്ദേഹത്തിന്റെ വികാരം പറഞ്ഞു. അത് ഞങ്ങള്‍ക്ക് മനസിലാകും. മുരളീധരന്‍ ഒരാവശ്യവും ഉന്നയിച്ചിട്ടില്ല. അദ്ദേഹത്തെ പൊതുരംഗത്തേക്ക് തിരിച്ചുകൊണ്ടുവരും. ഏത് പദവി നല്‍കണമെന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. കെ.പി.സി.സി. അധ്യക്ഷപദവി അടക്കം ചര്‍ച്ചചെയ്യും. തനിക്ക് മാത്രമായി ഒരു തീരുമാനം പറയാന്‍ കഴിയില്ല', സുധാകരന്‍ വ്യക്തമാക്കി.

Content Highlights: K Sudhakaran visits K Muraleedharan at Kozhikode residence