UDF-ന് ഏജന്റുമാരില്ലാത്ത ബൂത്തുകളിലും LDFന് കനത്തതിരിച്ചടി; ഇടിഞ്ഞുവീണത് CPM-ന്റെ കരുത്തുറ്റ കോട്ടകൾ

കാഞ്ഞങ്ങാട്: കയ്യൂരിലും ചീമേനിയിലും പ്രതീക്ഷിച്ചതിന്റെ പാതിപോലും വോട്ട് കിട്ടിയില്ല. ആന്തൂരിൽ കരുത്തുകാട്ടി ബി.ജെ.പി. കരിവെള്ളൂരും കുറുമാത്തൂരുമെല്ലാം യു.ഡി.എഫിനൊപ്പം. വടക്കൻ ജില്ലകളിലെ സി.പി.എം. കോട്ടകൾ ഇടിഞ്ഞുവീഴുകയാണോ? ബൂത്തുതല വോട്ടുകണക്കിൽ അമ്പരന്നുനിൽക്കുന്നു നേതാക്കളും സജീവ പ്രവർത്തകരും. യു.ഡി.എഫിനോ എൻ.ഡി.എ.യ്ക്കോ ഏജന്റുമാരില്ലാത്ത ബൂത്തുകളിൽപോലും ഇടതുപക്ഷത്തിന് വോട്ടു കുറഞ്ഞു. ഇങ്ങനെ അടിപതറിയ ചരിത്രം ഇടതുപക്ഷത്തിന് ഉണ്ടായിട്ടില്ല. ഇനി എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണമെന്ന് ചിന്തിച്ച് പകച്ചുനിൽക്കുന്നു നേതൃത്വം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. തൂത്തുവാരിയപ്പോഴും ഇത്രയധികം വോട്ടുകൾ മറിഞ്ഞിട്ടില്ല.
ശബരിമലപ്രശ്‌നവും പെരിയ ഇരട്ടക്കൊലയും രാഹുൽഗാന്ധി ഇഫക്ടുമെല്ലാം പരാജയകാരണമായി കണ്ട് പതിയെ ജനങ്ങൾക്കിടയിലേക്കിറങ്ങുകയാണ് അന്ന് സി.പി.എം. നേതൃത്വം ചെയ്തത്. ഇക്കുറി അങ്ങനെയൊരു വിഷയവുമില്ല. ഭരണവിരുദ്ധ വികാരമാണെന്ന് പറയുമ്പോഴും ഇത്രയധികം വോട്ടുചോർച്ചയോ എന്ന് പരസ്പരം ചോദിക്കുന്നു പ്രവർത്തകർ.
രാവണേശ്വരം, മടിക്കൈ, കയ്യൂർ, ചീമേനി
കാസർകോടൻ ഗ്രാമങ്ങളിൽ മിക്ക സി.പി.എം. ശക്തികേന്ദ്രങ്ങളിലും സി.പി.എമ്മിനെ അമ്പരപ്പിച്ച് വോട്ടുചോർച്ചയുണ്ടായി. നെല്ലെടുപ്പ് സമരം നടന്ന രാവണേശ്വരത്തെ ഒന്നിലേറെ പാർട്ടിഗ്രാമങ്ങളിൽ ഇതാദ്യമായി യു.ഡി.എഫിന് ഭൂരിപക്ഷം നൽകി. ചുവന്നകോട്ടയെന്ന് വിശേഷിപ്പിക്കുന്ന മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ പല ബൂത്തുകളിലും യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായെന്നു മാത്രമല്ല, എൻ.ഡി.എ.യ്ക്കും വോട്ടു കിട്ടി.
പാർട്ടിയുടെ ചരിത്രത്തോടൊപ്പം നടന്ന കയ്യൂരിലും ചീമേനിയിലും മുൻ തിരഞ്ഞെടുപ്പുകളിൽ ഒരു ബൂത്തിൽപ്പോലും യു.ഡി.എഫിന് മേൽക്കൈ ഉണ്ടായിട്ടില്ല. ഇക്കുറി നാല് ബൂത്തുകൾ യു.ഡി.എഫിനൊപ്പം നിന്നു. കയ്യൂർ-ചീമേനി പഞ്ചായത്തിൽ ബി.ജെ.പി.യുടെ പ്രവർത്തനം തീരെയില്ലാത്ത ഇടങ്ങളിൽ അവർക്ക് വോട്ടു ലഭിച്ചു. ഈ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി 1330 വോട്ടാണ് എൻ.ഡി.എ. നേടിയത്.
കരിവെള്ളൂർ, മൊറാഴ, കുറുമാത്തൂർ...
കണ്ണൂർ ജില്ലയിലെ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ മിക്കതിലും സി.പി.എം. വോട്ട് യു.ഡി.എഫിലേക്കൊഴുകി. കരിവെള്ളൂർ സമരം നടന്ന കുണിയൻ പ്രദേശത്ത് എൻ.ഡി.എ.യ്ക്ക് 172 വോട്ട് കിട്ടിയത് അക്ഷരാർഥത്തിൽ സി.പി.എം. കേന്ദ്രങ്ങളെ നടുക്കി. കരിവെള്ളൂർ പഞ്ചായത്തിലെ പാർട്ടിയുടെ കരുത്തായ പെരളം, കുണിയൻ, കൂക്കാനം കൊഴുമ്മൽ എന്നിവിടങ്ങളിലെല്ലാം യു.ഡി.എഫിന് വോട്ടു കൂടി. ഈ പഞ്ചായത്തിൽ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കിട്ടിയത് 10,810 വോട്ടാണ്. 1500-ലധികം വോട്ട് ഇക്കുറി കുറഞ്ഞു. അതേസമയം യു.ഡി.എഫിന് കഴിഞ്ഞതവണ കിട്ടിയതിനേക്കാൾ 324 വോട്ട് കൂടി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സമരചരിത്ര ഏടിൽ ഇടംപിടച്ച മൊറാഴ ഉൾപ്പെട്ട ആന്തൂർ പഞ്ചായത്തിൽ 2019-നെ അപേക്ഷിച്ച് ഇടതുപക്ഷത്തിന് 829 വോട്ടാണ് ഇക്കുറി കുറഞ്ഞത്. ഇവിടെ യു.ഡി.എഫിനും വോട്ടുകുറഞ്ഞു. സി.പി.എം. ഞെട്ടിയത് ഈ പാർട്ടി ഗ്രാമത്തിൽ എൻ.ഡി.എ. യ്ക്ക് 1204 വോട്ട് കൂടുതൽ കിട്ടിയെന്നറിഞ്ഞപ്പോഴാണ്. കുറുമാത്തൂരിൽ 1258 വോട്ടിന്റെയും പരിയാരത്ത് 505 വോട്ടിന്റെയും മുൻതൂക്കം യു.ഡി.എഫിനാണ്.
വടകര ലോക്‌സഭാ മണ്ഡലത്തിൽ തലശ്ശേരി നിയമസഭാ മണ്ഡലം മാത്രമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. കഴിഞ്ഞതവണത്തേക്കാൾ ഭൂരിപക്ഷം കുറഞ്ഞതിനാൽ അവിടെയും ഇടതു കോട്ടകളിൽ വിള്ളലുണ്ടായെന്നർഥം. പാട്യവും മൊകേരിയുമുൾപ്പെടെ സി.പി.എമ്മിന്റെ കോട്ടകൾ ഉൾപ്പെടുന്ന കൂത്തുപറമ്പ് മണ്ഡലത്തിൽ ഇക്കുറി പതിനൊന്നായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് നൽകിയത്.
അടുത്ത ദിവസം മുതൽ ബൂത്തുതല കണക്കിലേക്കിറങ്ങാനാണ് സി.പി.എം. തീരുമാനം. രൂക്ഷമായ തൊഴിലില്ലായ്മ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടങ്ങി വോട്ടുചോർച്ചയ്ക്കുള്ള കാരണങ്ങളിലേക്കു സി.പി.എം. നേതൃത്വം പ്രാഥമികമായി കടന്നു ചെല്ലുന്നുണ്ടെങ്കിലും അരിവാൾ ചുറ്റിക നക്ഷത്രം കണ്ടാൽ രണ്ടാമതൊന്നാലോചിക്കാതെ വോട്ട് ചെയ്യുന്നതിൽനിന്ന് അണികൾ മാറിത്തുടങ്ങിയിട്ടുണ്ടെന്ന ബോധ്യത്തിലേക്കും നേതൃത്വമെത്തുന്നു.
ഉദുമയിലും തിളങ്ങി ഉണ്ണിത്താൻ
പൊയിനാച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ 1991 മുതൽ തുടർച്ചയായി എൽ.ഡി.എഫ്. വിജയം കൊയ്യുന്ന ഉദുമ നിയോജക മണ്ഡലത്തിൽ സാഹചര്യം മാറിമറിഞ്ഞിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താന് എൽ.ഡി.എഫിനെക്കാൾ 11,959 വോട്ട് കൂടുതൽ. ഉണ്ണിത്താന് 72,448 വോട്ടും എം.വി. ബാലകൃഷ്ണന് 60,489 വോട്ടുമാണ് ഇത്തവണ കിട്ടിയത്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 72,324 വോട്ടും എൽ.ഡി.എഫിന് 63,387 വോട്ടും കിട്ടിയപ്പോൾ യു.ഡി.എഫിന് 8937 വോട്ടായിരുന്നു മുൻതൂക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 23,786 വോട്ട് ലഭിച്ചിരുന്ന എൻ.ഡി.എ.യ്ക്ക് ഇപ്രാവശ്യം എം.എൽ. അശ്വിനിയിലൂടെ 31,245 വോട്ട് നേടാനായി. 7449 വോട്ടിന്റെ മുൻതൂക്കം.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13,322 വോട്ടായിരുന്നു എൽ.ഡി.എഫിന്റെ ഭൂരിപക്ഷം. എൽ.ഡി.എഫിന് 78,664 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫിന് 65,342 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എൻ.ഡി.എ.യ്ക്ക് 22,378 വോട്ടും കിട്ടി. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ യു.ഡി.എഫിന് 7106 വോട്ടും എൻ.ഡി.എ.യ്ക്ക് 8867 വോട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇപ്രാവശ്യം കൂടുതൽ കിട്ടിയപ്പോൾ എൽ.ഡി.എഫിന് 18,175 വോട്ട് കുറഞ്ഞു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ 9550 വോട്ട് എൽ.ഡി.എഫിന് മുൻതൂക്കമുണ്ടായിരുന്നതാണ്. എട്ട് ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ പുല്ലൂർ-പെരിയയും ചെമ്മനാടും മാത്രമാണ് യു.ഡി.എഫ്. ഭരിക്കുന്നത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം നോക്കിയാൽ എൽ.ഡി.എഫിനും യു.ഡി.എഫിനും നാലുവീതം ഗ്രാമപ്പഞ്ചായത്തുകളിൽ മേൽക്കൈയുണ്ട്.
ചെമ്മനാട്-10,238, മുളിയാർ-3368, ഉദുമ-2421, പള്ളിക്കര-1380 വോട്ട് എന്നിങ്ങനെ യു.ഡി.എഫ്.മുൻതൂക്കം നേടി. ദേലംപാടി-27, ബേഡഡുക്ക-4383, പുല്ലൂർ-പെരിയ-408, കുറ്റിക്കോൽ-631 വോട്ട് എന്നിങ്ങനെയാണ് എൽ.ഡി.എഫ്. മേൽക്കൈ നേടിയത്.
ബേഡഡുക്ക എൽ.ഡി.എഫിന്റെ ശക്തിയായി തുടർന്നപ്പോൾ ചെമ്മനാടിന്റെ പിന്തുണയാണ് യു.ഡി.എഫിന്റെ മണ്ഡലത്തിലെ ഭൂരിപക്ഷം കൂട്ടിയത്. ബി.ജെ.പി. നില മെച്ചപ്പെടുത്തിയ കണക്ക് മുന്നിലുള്ളതിനാൽ വോട്ടിൽ സംഭവിച്ച അടിയൊഴുക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫും.
നിയമസഭാ മണ്ഡലങ്ങളുടെ മനസിലൂടെ
കാസർകോട്: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രമെടുത്താൽ ചില തിരഞ്ഞെടുപ്പിലൊഴികെ എല്ലായ്‌പ്പോഴും യു.ഡി.എഫിന് മേൽക്കൈ നൽകുന്ന മഞ്ചേശ്വരം ഇത്തവണയും അത് തെറ്റിച്ചില്ല.
മണ്ഡലത്തിലെ പരമാവധി ഭൂരിപക്ഷമാണ് ഇത്തവണ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന് നൽകിയത്. ന്യൂനപക്ഷങ്ങൾക്ക് നിർണായകസ്വാധീനമുള്ള മണ്ഡലത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ രംഗത്തിറങ്ങിയത്. പെരുന്നാളിന് ശേഷമാണെങ്കിലും പ്രചാരണ പരിപാടികളിൽ അത്രയും ദിവസമുണ്ടായ ആലസ്യമൊന്നും ഫലത്തെ ബാധിച്ചില്ല.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഒരു ഉപതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞ് 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിധിയെഴുത്തിൽ തൊട്ടടുത്തുള്ള എൻ.ഡി.എ. സ്ഥാനാർഥിയെക്കാളും 17,258 വോട്ടിന്റെ ഭൂരിപക്ഷം രാജ്‌മോഹൻ ഉണ്ണിത്താന് നേടാനായി. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 745 വോട്ടും 2019-ൽ 11,113 വോട്ടിന്റെയും മേൽക്കൈ നേടിയിടത്താണ് ഇത്രയും വലിയ ഭൂരിപക്ഷം.
അതേസമയം ലഭിച്ച വോട്ടുകളുടെ എണ്ണം നോക്കിയാലും അടിയൊഴുക്കുകൾ വ്യക്തമാണ്. 2019-ൽ യു.ഡി.എഫിന് 68,217 വോട്ടും 2021-ൽ 65,758 വോട്ടുമാണ് ലഭിച്ചത്. എൻ.ഡി.എ.ക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 57,104 വോട്ട് ലഭിച്ചെങ്കിൽ ഇപ്പോഴത് 75 വോട്ട് മാത്രം കൂടി 57,179 ആയി.
എൽ.ഡി.എഫിന് 2,640 വോട്ട് ചോർന്നു. 2019-ൽ 32,796 വോട്ട് ലഭിച്ചിടത്ത് അഞ്ചുവർഷം കഴിയുമ്പോഴത് 30,156 ആയി കുറഞ്ഞു. അതായത് പുതിയ വോട്ടർമാരെ ഒരുതരത്തിലും ഇടതുമുന്നണിക്കോ എൻ.ഡി.എ.ക്കോ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് 2024-ലെ വോട്ട് വിവരം.
വോട്ടുനില 2019 ലോക്‌സഭ
യു.ഡി.എഫ്. 68,217
എൽ.ഡി.എഫ്. 32,796
എൻ.ഡി.എ. 57,104
യു.ഡി.എഫ്. ഭൂരിപക്ഷം 11,113
2021 നിയമസഭ
യു.ഡി.എഫ്. 65,758
എൽ.ഡി.എഫ്. 40,639
എൻ.ഡി.എ. 65,013
യു.ഡി.എഫ്. ഭൂരിപക്ഷം 745
2024 ലോക്‌സഭ
യു.ഡി.എഫ്. 74,437
എൽ.ഡി.എഫ്. 30,156
എൻ.ഡി.എ. 57,179
യു.ഡി.എഫ്. ഭൂരിപക്ഷം 17,258
കാസർകോട് യു.ഡി.എഫിന്റെ സ്വപ്നമണ്ഡലം
കാസർകോട്: സമീപകാലത്തൊന്നും യു.ഡി.എഫിനെ ഒരിക്കലും കൈവിടാത്ത നിയമസഭാമണ്ഡലമാണ് കാസർകോട്. എന്നും പ്രതീക്ഷയും സ്വപ്‌നങ്ങളും മാത്രം നൽകുന്ന വലതുമുന്നണിയുടെ പൊന്നാപുരംകോട്ട. ആ പ്രതീക്ഷയ്ക്ക് ഇത്തവണയും മാറ്റമൊന്നും ഉണ്ടായില്ല.
കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേതിന് സമാനമായി യു.ഡി.എഫിന് ഏറ്റവും വലിയ ലീഡ് നൽകിയാണ് മണ്ഡലത്തിലെ വോട്ടർമാർ ആ വിശ്വാസം കാത്തത്. 26,375 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷമാണ് കാസർകോട് നിയോജക മണ്ഡലത്തിൽനിന്ന് യു.ഡി.എഫ്. സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ നേടിയത്. കഴിഞ്ഞതവണ നേടിയ ഭൂരിപക്ഷത്തേക്കാൾ 3,215 വോട്ടുകളുടെ വർധനയുമുണ്ട്.
രാജ്മോഹൻ ഉണ്ണിത്താൻ- 73,407, എൻ.ഡി.എ.യുടെ എം.എൽ. അശ്വിനി- 47,032, എൽ.ഡി.എഫിന്റെ എം.വി. ബാലകൃഷ്ണൻ- 26,162 എന്നീ ക്രമത്തിലാണ് മറ്റു മുന്നണികളിലെ സ്ഥാനാർഥികൾ നേടിയ വോട്ട്. 47,245 വോട്ടാണ് മൂന്നാം സ്ഥാനത്തുള്ള എൽ.ഡി.എഫ്. സ്ഥാനാർഥിയുമായുള്ള വ്യത്യാസം.
2019-ൽ 23,160 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെനിന്ന് യു.ഡി.എഫിന് ലഭിച്ചത്. വിജയിയായ ഉണ്ണിത്താൻ 69,790 വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എ.യുടെ രവീശ തന്ത്രി കുണ്ടാർ-46,630, എൽ.ഡി.എഫിന്റെ കെ.പി. സതീഷ് ചന്ദ്രൻ- 28,567 വോട്ട് വീതം നേടി.
എന്നാൽ പിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് ഈ വലിയ ഭൂരിപക്ഷം നിലനിർത്താനിയില്ല. 2020-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 9414, 2021-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 12,901 എന്നിങ്ങനെയായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥികൾ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷം.
യു.ഡി.എഫിന് നേട്ടം, എൽ.ഡി.എഫിന് വോട്ടുചോർച്ച
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ യു.ഡി.എഫിന് വോട്ട് വിഹിതം വർധിച്ചിട്ടുണ്ട്. എൻ.ഡി.എ. പരമ്പരാഗത വോട്ടുകൾ നിലനിർത്തിയപ്പോൾ ക്ഷീണം സംഭവിച്ചത് മൂന്നാം സ്ഥാനത്തെത്തിയ എൽ.ഡി.എഫിനാണ്. 3,617 വോട്ടിന്റെ വർധനയാണ് ഉണ്ണിത്താൻ നേടിയത്. 402 വോട്ടിന്റെ നേരിയ വർധനയിലൂടെ എൻ.ഡി.എ.യ്ക്ക് എല്ലാതവണയും കിട്ടുന്ന വോട്ട് നിലനിർത്തുകയാണ് എം.എൽ. അശ്വിനി. എന്നാൽ 2,405 വോട്ടുകളുടെ കുറവാണ് എൽ.ഡി.എഫിന്റെ എം.വി. ബാലകൃഷ്ണന്.
കഴിഞ്ഞ തവണത്തേക്കാൾ 4,201 കുടുതൽ വോട്ടുകളാണ് ഇത്തവണ കാസർകോട് നിയമസഭാ മണ്ഡലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ൽ 2,05,423 വോട്ടർമാരിൽ 1,48,932 പേർ വോട്ടു ചെയ്തപ്പോൾ 2019-ൽ 1,92,975 വോട്ടർമാരിൽ 1,44,731 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. വർധിച്ച വോട്ടർമാരിൽ 86 ശതമാനം വോട്ടും ഉണ്ണിത്താൻ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Content Highlights: kasaragod lok sabha election cpim vote lost