'ഓൻ നമ്മടാളാ, RSSന്റെ പെടപ്പൊന്നും ഓന്റടുത്ത് നടക്കൂല'; നായനാരുടെ AI ആശംസ പങ്കുവച്ച് ജോയ്

ആറ്റിങ്ങൽ: ചുമരെഴുത്തും ഫ്ലെക്സ് ബോർഡുകളുമെല്ലാം കുറച്ച് സാമൂഹ്യമാധ്യമങ്ങളും സാങ്കേതികവിദ്യയും കൂട്ടുപിടിച്ചാണ് പ്രമുഖ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. ഇപ്പോഴിതാ, നിർമിത ബുദ്ധിയേയും രംഗത്തിറക്കിയിരിക്കുകയാണ് ആറ്റിങ്ങലിലെ ഇടതുമുന്നണി സ്ഥാനാർഥി വി. ജോയ്. തന്റെ വിജയിപ്പിക്കുന്നതിനായി സാക്ഷാൽ നായനാർ വോട്ട് അഭ്യർഥിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സ്ഥാനാർഥി.
വി. ജോയി നമ്മുടെ ആളാണെന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ നായനാർ പറയുന്ന വീഡിയോയാണ് ജോയ് പങ്കുവച്ചിരിക്കുന്നത്. 'ഓന്‍ നമ്മളെ ആളാ, എല്ലാറ്റിനും ഉഷാറാ. നാട്ടുകാര്‍ക്ക് എന്തിനും പറ്റുന്നവനാ. ആര്‍.എസ്.എസ്സിന്റെയും സംഘപരിവാറിന്റെയും പെടപ്പൊന്നും ഓന്റടുത്ത് നടക്കൂല്ല. പൈസന്റെ ഏര്‍പ്പാടുംകൊണ്ട് പോയാല്‍ ഓടിക്കും. എന്ത് സഹായത്തിനും എത് സമയത്തും ഓനുണ്ടാകും. ഓനെ ഇങ്ങള് ഇവിടുന്ന് ജയിപ്പിച്ച് വിടണം', വീഡിയോയില്‍ നായനാര്‍ പറയുന്നു
ശാസ്ത്രവും സാങ്കേതികവിദ്യയും കണ്ണടച്ച് തുറക്കുന്ന വേഗതയിൽ വളരുകയാണെന്ന് പറയുന്ന കുറിപ്പും പോസ്റ്റിനൊപ്പം വി. ജോയ് പങ്കുവച്ചിട്ടുണ്ട്. നായനാർ തന്റെ വിജയത്തിനായി ആശംസകൾ നേരുന്നത് കണ്ടപ്പോൾ വലിയ സന്തോഷവും കൗതുകവുമുണ്ടായെന്നും അദ്ദേഹം പറയുന്നു.
Content Highlights: Nayanar asks votes for V Joy