യുവരാജാവിനെ ബിജെപി കൈവിടുന്നോ; പുതിയ റോളില്‍ കളംപിടിക്കാന്‍ വരുണ്‍ ഗാന്ധി

വരുണ്‍ ഗാന്ധി | PTI
വരുണ്‍ ഗാന്ധി | PTI

രുണ്‍ ഗാന്ധിക്ക് മുന്നില്‍ വഴിയടയുകയാണോ ബിജെപിയില്‍. വര്‍ഗീയത ചൊരിഞ്ഞ് തീപ്പൊരി നേതാവായി രംഗപ്രവേശം ചെയ്ത് വളരെ വേഗം വളര്‍ന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പദം വരെ അലങ്കരിച്ച വരുണ്‍ പാര്‍ട്ടിക്കിപ്പോള്‍ പുകഞ്ഞ കൊള്ളിയാണ്. സിറ്റിങ് സീറ്റായ പിലിഭിത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ബിജെപി സസ്‌പെന്‍സ് തുടരുമ്പോള്‍ വരുണിന്റെ സര്‍പ്രൈസ് എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സീറ്റ് നിഷേധിച്ചാല്‍ വരുണ്‍ ബിജെപി വിടുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെ വരുണിന് പിലിഭിത്ത് സീറ്റ് വാഗ്ദാനം ചെയ്ത് സുഹൃത്തും എസ്.പി അധ്യക്ഷനുമായ അഖിലേഷ് അദ്ദേഹത്തെ കൂടെക്കൂട്ടാന്‍ അണിയറചര്‍ച്ചകളിലാണ്. സ്വതന്ത്രനായോ എസ്.ടി ടിക്കറ്റിലോ മത്സരിച്ചേക്കാം. യുപിയില്‍ 54 സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തി ബിജെപി ആദ്യ പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ പിലിഭിത്തും വരുണിന്റെ അമ്മ മേനക ഗാന്ധിയുടെ സുല്‍ത്താന്‍പൂരും ഇടംപിടിച്ചില്ല. അതോടെയാണ് വരുണിന്റെ ബിജെപിയിലെ അധ്യായം അവസാനിക്കുകയാണോ എന്ന സംശയം ഉയര്‍ന്ന് തുടങ്ങിയത്.

ലഖിംപൂര്‍ വിഷയത്തിലും കര്‍ഷകസമരത്തിലും യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും വരുണ്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി ബിജെപിക്ക് തലവേദന സൃഷ്ടിച്ചു. അതോടെയാണ് നേതൃത്വത്തിന്റെ ഗുഡ്ബുക്കില്‍ നിന്ന് വരുണ്‍ പുറത്തായത്. 2004 ഫെബ്രുവരി 17നാണ് അമ്മ മേനകയ്ക്കൊപ്പം വരുണ്‍ ബിജെപിയിലെത്തിയത്. അതേവര്‍ഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരുണിനെ ബിജെപി സജീവമായി കളത്തിലിറക്കി. 2009ലെ തിരഞ്ഞെടുപ്പില്‍ മേനക ഗാന്ധിയുടെ സിറ്റിങ് സീറ്റായ പിലിഭിത്തില്‍ വരുണിനെ നിര്‍ത്തി 2.8 ലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വരുണ്‍ വിജയിച്ചു. ആ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു വരുണ്‍ സ്വന്തമാക്കിയത്. എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച തുകപോലും നഷ്ടപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചെന്ന കേസില്‍ വരുണിന്റെ പേരില്‍ വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിട്ടും അതൊന്നും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല.

Content Highlights: Speculation continues over Varun Gandhis BJP ticket from Pilibhit Loksabha seat

Continue reading