ഹേമ മാലിനിക്ക് 123 കോടി രൂപയുടെ ആസ്തി, ആഡംബര വാഹനങ്ങൾ, കൈവശം 13.5 ലക്ഷം രൂപ

ന്യൂഡൽഹി: നടിയും ബിജെപി സ്ഥാനാർഥിയുമായ ഹേമ മാലിനിക്ക് 123 കോടി രൂപയുടെ ആസ്തി. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങളുള്ളത്. 1.4 കോടി രൂപയുടെ ബാധ്യതകളുള്ളതായും സത്യവാങ്മൂലത്തിൽ പറയുന്നു. ഹേമ മാലിനി ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ നിന്നാണ് വീണ്ടും ജനവിധി തേടുന്നത്. 2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ മഥുരയിൽ നിന്ന് വിജയിച്ച അവര്ക്ക് ഇത് ഹാട്രിക്ക് പോരാട്ടമാണ്.
തൊഴിൽ അഭിനയമാണെന്നും വാടകയും പലിശയും വരുമാന സ്രോതസ്സുകളാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹേമമാലിനിയുടെ പേരിൽ കേസുകളൊന്നുമില്ലെന്നും 2012-ൽ ഉദയ്പുരിലെ സർ പദമ്പത്ത് സിംഘാനിയ സർവകലാശാലയിൽ നിന്ന് ഓണററി പിഎച്ച്ഡി നേടിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഭർത്താവും നടനുമായ ധർമേന്ദ്ര ഡിയോളിൻ്റെ വരുമാനം 20 കോടിയാണ്. 6.4 കോടി രൂപയുടെ ബാധ്യതകളുണ്ട്.
ഹേമമാലിനിയുടെ കൈവശം 13.5 ലക്ഷം രൂപയും ധർമേന്ദ്ര ഡിയോളിൻ്റെ കൈവശം 43 ലക്ഷം രൂപയുമാണുള്ളത്. മെഴ്സിഡസ്-ബെൻസ്, അൽകാസർ, മാരുതി ഇഇസിഓ എന്നിവയുൾപ്പെടെ 61 ലക്ഷം രൂപയുടെ വാഹനങ്ങൾ ഹേമമാലിനിക്ക് സ്വന്തമായുണ്ട്. ധർമേന്ദ്ര ഡിയോളിൻ്റെ ഉടമസ്ഥതയിൽ ഒരു റേഞ്ച് റോവർ, മഹീന്ദ്ര ബൊലേറോ, ഒരു മോട്ടോർ സൈക്കിൾ എന്നിവയുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
Content Highlights: Hema Malini Declares Assets Worth of 123 Crore