ജനവിധി മോദിക്കെതിര്, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല-മമത

മമത ബാനര്‍ജി | Photo: PTI
മമത ബാനര്‍ജി | Photo: PTI

കൊല്‍ക്കത്ത: മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തോട്, തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും പോകില്ലെന്നുമായിരുന്നു മമതയുടെ മറുപടി.

'ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ ആശംസകള്‍ നേരാന്‍ എനിക്കാവില്ല. രാജ്യത്തിനാണ് എന്റെ ആശംസ. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഞാന്‍ എം.പിമാരോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയെ പിളര്‍ത്തില്ല, എന്നാല്‍ നിങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ വിഭജനമുണ്ടാകും. നിങ്ങളുടെ പാര്‍ട്ടിയിലുള്ളവര്‍ തൃപ്തരല്ല', മമത ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യാ മുന്നണി ഇന്ന് സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശമുന്നയിക്കില്ല. അതിനര്‍ഥം നാളെയങ്ങനെ ചെയ്യില്ല എന്നല്ലെന്ന് മമത പറഞ്ഞു. രാജ്യത്തിന് മാറ്റം ആവശ്യമുണ്ട്. ഈ ജനവിധി മാറ്റത്തിനുള്ളതാണ്, മോദിക്കെതിരാണ്. അതുകൊണ്ട് മോദി പ്രധാനമന്ത്രിയാവാന്‍ പാടില്ലെന്നും മമത കട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയിൽ ചേർന്ന യോഗത്തിൽ സുദീപ് ബന്ദോപാധ്യയയെ പാർട്ടി ലോക്സഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു. കകോലി ഘോഷ് ദാസ്തിദാറിനെ ലോക്സഭയിലെ ഉപനേതാവായും കല്യാണ്‍ ബാനര്‍ജിയെ ചീഫ് വിപ്പായും തിരഞ്ഞെടുത്തു. ഡെറിക് ഒബ്രിയാന്‍ രാജ്യസഭയിലെ കക്ഷിനേതാവാകും. സാഗരിഗ ഘോഷാണ് ഉപനേതാവ്. നദീമുള്‍ ഹഖിനെ ചീഫ് വിപ്പായും യോഗം തിരഞ്ഞെടുത്തു.

Content Highlights: Mamata Banerjee elected as TMC Parliamentary Party Chairperson