BJD-യുമായി സഖ്യമില്ല; ഒഡിഷയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി BJP

ഒഡിഷ: വരാനിരിക്കുന്ന ലോക്‌സഭാ, നിമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒഡിഷയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബി.ജെ.പി. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളുമായി തിരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് മന്‍മോഹന്‍ സമാല്‍ അറിയിച്ചു. എക്‌സിലൂടെയാണ് ബി.ജെ.പി-ബി.ജെ.ഡി സഖ്യസാധ്യത അദ്ദേഹം തള്ളിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബി.ജെ.പി-ബി.ജെ.ഡി സഖ്യത്തെ സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. സഖ്യത്തെ സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്.
ദേശീയ പ്രാധാന്യമുള്ള നിരവധി വിഷയങ്ങളില്‍ കഴിഞ്ഞ 10-വര്‍ഷമായി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി മോദി സര്‍ക്കാരിനെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. അതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുകയാണ്. രാജ്യത്ത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുകളുള്ളിടത്തെല്ലാം വികസനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇന്ന് ഒഡിഷയില്‍ മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ താഴേത്തട്ടില്‍ എത്തുന്നില്ല. അതിനാല്‍ തന്നെ പാവപ്പെട്ട സഹോദരി സഹോദരന്മാര്‍ക്ക് ഈ നേട്ടങ്ങള്‍ ലഭിക്കുന്നില്ല. - ഒഡിഷയിലെ ബി.ജെ.പി പ്രസിഡന്റ് മന്‍മോഹന്‍ സമാല്‍ കുറിച്ചു.
ഒഡിഷയിലെ 4.5 കോടി ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലമാക്കാനും മോദിയുടെ നേതൃത്വത്തില്‍ വികസിത ഇന്ത്യയും വികസിത ഒഡിഷയും കെട്ടിപ്പടുക്കാനും ബി.ജെപി ആകെയുള്ള 21 ലോക്‌സഭാ സീറ്റുകളും 147 നിയമസഭാ സീറ്റുകളും വിജയിക്കും. ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1998-മുതല്‍ 2009 വരെയുള്ള 10-വര്‍ഷക്കാലം ബി.ജെ.പി-ബി.ജെ.ഡി സഖ്യമുണ്ടായിരുന്നു. എന്നാല്‍ 2009-ല്‍ സഖ്യം വേര്‍പിരിഞ്ഞു. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്.
Content Highlights: No alliance with BJD in Odisha BJP contest alone