ലക്ഷദ്വീപ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്സ്

കവരത്തി : ലക്ഷദ്വീപിലെ സിറ്റിങ് എംപിയും എന്‍സിപി ശരദ് പവാർ വിഭാഗത്തിലെ സ്ഥാനാര്‍ഥിയുമായ മുഹമ്മദ് ഫൈസലിനെ തോല്‍പിച്ച് സീറ്റ് തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായ മുഹമ്മദ് ഹംദുള്ള സെയിദ് 2647 വോട്ടിനാണ് എന്‍സിപി സ്ഥാനാര്‍ഥി പി.പി മുഹമ്മദ് ഫൈസലിനെ തോല്‍പിച്ചത്. ഹംദുള്ള സെയിദ് 25726 വോട്ട് നേടിയപ്പോള്‍ മുഹമ്മദ് ഫൈസലിന് ലഭിച്ചത് 23079 വോട്ടുകളാണ്.
തുടര്‍ച്ചയായി പത്തു തവണ ലക്ഷദ്വീപ് എം.പിയായ പി.എം. സയീദിന്റെ മകനാണ് ഹംദുല്ല സയീദ്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഹംദുല്ല സെയ്ദ് 15ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിലും എൻസിപിയിലെ ഫൈസലിനെതിരേ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും രണ്ട് തവണയും തുടർച്ചയായ പരാജയമാണ് ഹംദുള്ള സെയിദിന് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ഇത്തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തില്‍ നടത്തിയ കോണ്‍ഗ്രസ്സിന്റെ പ്രചരണം ഒടുവില്‍ ലക്ഷ്യം കണ്ടിരിക്കുകയാണ് ലക്ഷദ്വീപില്‍. എന്‍.സി.പി. അജിത് പവാര്‍ വിഭാഗത്തിലെ ടി.പി. യൂസുഫും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും നിലവിലെ കണക്കുകൾ പ്രകാരം 201 വോട്ടുകൾ മാത്രമാണ് എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ചത്.
ശരത് പവാര്‍ പക്ഷം എന്‍സിപിയും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു എത്തവണത്തെയും പോലെ ഇത്തവണയും വലിയ മത്സരം. ആര് ജയിച്ചാലും ജയം ഇന്ത്യമുന്നണിയുടേത് ആയിരുന്നത് കൊണ്ട് തന്നെ ഇന്ത്യ മുന്നണിയുടെ ഉറച്ച സീറ്റുകളിലൊന്നായിരുന്നു ലക്ഷദ്വീപിലേത്.
മുമ്പുനടന്ന കേസില്‍ കേരള ഹൈക്കോടതി നിലവിലെ എംപി മുഹമ്മദ് ഫൈസലിന് പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനുപിന്നാലെ ഫൈസലിനെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഫൈസല്‍ സുപ്രീംകോടതിയെ സമീപിക്കുകയും എം.പി. സ്ഥാനം പുനഃസ്ഥാപിക്കുകയും ചെയ്തു. ഫൈസലിനെതിരായ ഈ കേസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുവിഷയമാക്കി ഉയര്‍ത്തിയിരുന്നു.
മേല്‍ക്കോടതി ശിക്ഷ മരവിപ്പിച്ചതും എം.പി. സ്ഥാനം പുനഃസ്ഥാപിച്ചതും ഉയര്‍ത്തിക്കാട്ടി എന്‍.സി.പി ആ പ്രചാരണത്തെ മറികടക്കാൻ ശ്രമിച്ചിരുന്നെങ്കിലും ജനം ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഹംദുള്ള സെയ്ദിന് ഒപ്പമാണ് എന്നാണ് ഫലം വ്യക്തമാക്കുന്നത്
Content Highlights: Congress win lakshadweep, lok sabha election 2024, NCP Faisal