'പിന്‍സി'ലെ സുരേഷ് കേന്ദ്രമന്ത്രിയാവുമ്പോള്‍ അളിയന്‍മാര്‍ സന്തോഷത്തിലാണ്

സുരേഷ്​ഗോപി (നാലാം നിരയിൽ ഇടത്ത് നിന്ന് രണ്ടാമത്) കൊല്ലം ഫാത്തിമ മാതാ കോളേജിലെ പ്രീ ഡി​ഗ്രി കാലത്തെ ​ഗ്രൂപ്പ് ഫോട്ടോ. എൻ.കെ പ്രേമചന്ദ്രനേയും (മൂന്നാം നിരയിൽ ചുവപ്പ് വട്ടത്തിൽ) കാണാം, സുരേഷ് ഗോപിയുടെ പഴയകാല ചിത്രം
സുരേഷ്​ഗോപി (നാലാം നിരയിൽ ഇടത്ത് നിന്ന് രണ്ടാമത്) കൊല്ലം ഫാത്തിമ മാതാ കോളേജിലെ പ്രീ ഡി​ഗ്രി കാലത്തെ ​ഗ്രൂപ്പ് ഫോട്ടോ. എൻ.കെ പ്രേമചന്ദ്രനേയും (മൂന്നാം നിരയിൽ ചുവപ്പ് വട്ടത്തിൽ) കാണാം, സുരേഷ് ഗോപിയുടെ പഴയകാല ചിത്രം

കൊല്ലം: പ്രദീപ്-ഇന്നസെന്റ്-നജിം എന്ന ഇബ്രാഹിം റാവുത്തര്‍-സുരേഷ്-അഥവാ 'പിന്‍സ്'. ഫാത്തിമാമാതാ കോളേജിലെ ഈ സൗഹൃദക്കൂട്ടായ്മയില്‍നിന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രിപദത്തിലേക്കെത്തുമ്പോള്‍ ആ ഗ്രൂപ്പംഗങ്ങള്‍ സന്തോഷത്തിലാണ്. അന്ന് സുവോളജി അസോസിയേഷന്‍ സെക്രട്ടറിയായി സുരേഷിനെ മത്സരിപ്പിച്ചപ്പോള്‍, വിജയിച്ചപ്പോള്‍ ആഘോഷിച്ച കാലം... ഇന്ന് ആ സുരേഷ് സുരേഷ്‌ ഗോപിയായി, തൃശ്ശൂരിലെ ജനപ്രതിനിധിയായി ഇപ്പോഴിതാ ഇന്ത്യയുടെ മന്ത്രിസഭയിലേക്ക് കാലെടുത്തുവെക്കുന്നു. ഞങ്ങള്‍ക്ക് സന്തോഷിക്കാതിരിക്കാനാവില്ലല്ലോ. കൂട്ടത്തിലെ ഐയും എല്ലാവരേയും കൂട്ടിയിണക്കുന്ന കണ്ണിയുമായ ഇന്നസെന്റെ പറയുന്നു.

ഫാത്തിമമാതാ കോളേജിലെ പ്രീഡിഗ്രിക്കാലത്ത് തുടങ്ങിയതാണ് ഈ സൗഹൃദം. ബിരുദപഠനകാലത്തു ഒന്നൂടെ ശക്തമായി. അന്നത്തെ സൗഹൃദം അമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറവും ഇടമുറിയാതെ കൊണ്ടുനടക്കുന്ന കൂട്ടായ്മ. കൂട്ടത്തില്‍ സുരേഷ്‌ഗോപി സിനിമാതാരമായും രാഷ്ടീയതാരമായും മാറിയെങ്കിലും ഇന്നും എന്നും അളിയാ...ന്ന് നീട്ടിവിളിക്കുന്നൊരു സ്‌നേഹമുണ്ട്. എപ്പോഴും എവിടെയായലും വിളിക്കുന്ന കരുതലുണ്ട്. കൂട്ടത്തില്‍ പ്രദീപ് അമേരിക്കയിലാണ്. ഞങ്ങളുടെ കൂടെ പഠിച്ച മിനിഫ്രാങ്‌ളിനും അമേരിക്കയിലുണ്ട്. ഇരുവരേയും അവിടെ വെച്ച് കാണും. ഇബ്രാഹിം റാവുത്തര്‍ ഡോക്ടറായി ഇവിടെയുണ്ട്. ഇടയ്ക്ക് ഞങ്ങള്‍ കൂടും.

ഇന്നസെന്റ് ജോസഫ്

കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ തൃശ്ശൂരില്‍ പോയിരുന്നു. ഇത്തവണ കുടുംബത്തില്‍ ഒരു മരണം നടന്നതുകൊണ്ട് പോകാന്‍ പറ്റിയില്ല. റിസള്‍ട്ട് അറിഞ്ഞപ്പോ വിളിച്ചു. അളിയാ...ന്ന് നീട്ടിയൊരു വിളിയായിരുന്നു ആദ്യം. അതില്‍ സന്തോഷവും സ്‌നേഹവും എല്ലാമുണ്ടായിരുന്നു.
 പ്രീഡിഗ്രിക്ക് എന്‍.കെ.പ്രേമചന്ദ്രനും ഞങ്ങളുടെ ക്‌ളാസ്സിലുണ്ടായിരുന്നു. അന്ന് എല്ലാവരും എസ്.എഫ്.ഐക്കാരായിരുന്നു. ഡിഗ്രിക്ക് അദ്ദേഹം കെമിസ്ട്രിയിലേക്ക് പോയി. പ്രിഡിഗ്രി കഴിഞ്ഞ് ഞങ്ങള്‍ നാലും സുവോളജി ബിരുദത്തിനു ചേര്‍ന്നപ്പോള്‍ ട്യൂഷനും പഠനവും ഒപ്പമായിരുന്നു. കോളേജില്‍ ഞാന്‍ മീന്‍കൊണ്ടുപോവും. റാവുത്തറിന്റെ വീട്ടില്‍ നിന്ന് മട്ടണ്‍വിഭവങ്ങള്‍ ആയിരിക്കും. നല്ല പച്ചക്കറി വിഭവങ്ങള്‍ ആയിരിക്കും സുരേഷ് കൊണ്ടുവരുന്നത്. ഇത് ഒരു പത്ത് പതിനഞ്ചുപേര്‍ ഒന്നിച്ചിരുന്നാണ് കഴിക്കുക. എന്റെ മമ്മ സുരേഷിനും മമ്മയായിരുന്നു. അമ്മ മേബിളിന്റെ കൈപുണ്യത്തെ പറ്റി എപ്പോഴും പറയുമായിരുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്ത് അധ്യാപകനായ ഡോ. വി.ആര്‍.പ്രകാശത്തിന്റെ കല്യാണത്തിന് ഞങ്ങളെല്ലാവരും കൊടുങ്ങല്ലൂര്‍ പോയതും ഓര്‍മയിലുണ്ട്. പിന്നീട് ഫിഷറീസ് ഡയറക്ടറായ മാത്യൂസും അന്ന് ഒപ്പമുണ്ടായിരുന്നു. ഈ സൗഹൃദങ്ങളും ആ കാലത്തെ ഓര്‍മകളും സൂക്ഷിച്ചുവെച്ച് എല്ലാവരേയും കൂട്ടിയിണക്കുന്ന ഒരു കണ്ണികൂടിയാണ് ഇന്നസെന്റ് അതുകൊണ്ട് തന്നെ സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിന് കൊല്ലത്തെ സുഹൃത്തുക്കളെ ക്ഷണിക്കാനുള്ള ചുമതലയും ഈ കൂട്ടുകാരനായിരുന്നു.

മക്കളുടെ കല്യാണത്തിനും അങ്ങോട്ടുമിങ്ങോട്ടും ആദ്യവസാനക്കാരായി ഈ കൂട്ടായ്മയുണ്ടായിരുന്നു. ഒന്നിച്ചു പഠിക്കുമ്പോള്‍ ഞങ്ങളെ പഠിപ്പിക്കുക എന്ന ജോലിയും സുരേഷിന്റേതായിരുന്നു. ഇന്‍ഫന്റ് ജീസസില്‍ പഠിച്ചതുകൊണ്ട് തന്നെ നല്ല ഇംഗ്‌ളീഷ് ആയിരുന്നു സുരേഷിന്. കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെടുക്കുകയും ചെയ്യും. സൈലന്റ് വാലി സമരം കൊടുമ്പിരികൊള്ളുമ്പോള്‍ ഞങ്ങളും രംഗത്തുണ്ടായിരുന്നു. ഒരു ജീപ്പ് ജാഥ നടത്തി അന്ന് ഞങ്ങള്‍. പരിസ്ഥിത പ്രശ്‌നങ്ങളിലെല്ലാം കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു സുരേഷിന്. അതിനി കേന്ദ്രമന്ത്രിയായി തീരുമാനങ്ങളെടുക്കുമ്പോഴും കാണും എന്നു കരുതുന്നു, ഇന്നസെന്റ് പറഞ്ഞു.

അന്ന് ചക്കപ്പഴം എന്നൊരു കയ്യെത്തു പത്രവും ഞങ്ങള്‍ നടത്തിയിരുന്നു. ഞങ്ങള്‍ നാലുപേരായിരുന്നു പത്രാധിപസമിതിയംഗങ്ങള്‍. പത്രം സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സുരേഷ് ചോദിച്ചിരുന്നു ആ പത്രം കയ്യിലുണ്ടോയെന്ന്. എനിക്ക് ഇതെല്ലാം ഇങ്ങനെ സൂക്ഷിച്ചുവെക്കുന്ന ശീലമുണ്ട്. പഴയകാല ഫോട്ടോകളും. അത് ഇങ്ങിനെയൊരു ആവശ്യത്തിനു വേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, കയ്യിലെ ശേഖരങ്ങള്‍ കാണിച്ച് ഇന്നസെന്റെ പറഞ്ഞു.

Content Highlights: classmates Happy on Suresh Gopi became Union Minister