നല്ല പാതികൾ നയിക്കുമ്പോൾ; ഇ.ഡി അറസ്റ്റ് വഴി തുറന്ന 'ഇന്ത്യ'യിലെ പുതിയ താരോദയങ്ങൾ

കല്‍പന സോറന്‍, സുനിത കെജ്രിവാള്‍| Photo: PTI
കല്‍പന സോറന്‍, സുനിത കെജ്രിവാള്‍| Photo: PTI

"ഹൃദയത്തില്‍ വലിയ ഭാരവുമേന്തിയാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നത്. എന്റെ ഭര്‍ത്താവ് ജയിലിലാണുള്ളത്, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സുഖമില്ലാതായിരിക്കുന്നു. കരയാതെ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കണമെന്നായിരുന്നു ഞാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ സ്‌നേഹവും കരുതലും കാണുമ്പോള്‍ ഞാന്‍ വീണ്ടും വികാരാധീനയായിപ്പോവുന്നു. നിങ്ങളാണെന്റെ വിശ്വാസം. നിങ്ങളാണെന്റെ ശക്തി. ജാര്‍ഖണ്ഡിലെ ജനങ്ങളും ജെ.എം.എം കുടുംബവും ആവശ്യപ്പെട്ടത് പ്രകാരം നാളെ മുതല്‍ ഞാനെന്റെ പൊതുപ്രവര്‍ത്തന ജീവിതം ആരംഭിക്കും. നമ്മളിലൊരാളായി ഹേമന്ത് സോറന്‍ മടങ്ങിയെത്തുന്നത് വരെ അദ്ദേഹത്തിന്റെ ശബ്ദമായി, അദ്ദേഹത്തിന്റെ ചിന്തകള്‍ പങ്കുവെയ്ക്കാനുള്ള ആളായി ഞാന്‍ പ്രവര്‍ത്തിക്കും, തീര്‍ച്ച.." രാഷ്ട്രീയജീവിതത്തിന് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെ കല്‍പന സോറന് ശബ്ദമിടറിയപ്പോള്‍ 'തടവറയുടെ താഴുകള്‍ തകര്‍ക്കപ്പെടും, ഹേമന്ത് സോറന്‍ മോചിതനാകുമെന്ന് മുദ്രാവാക്യം ഉറക്കെ മുഴക്കിക്കൊണ്ടായിരുന്നു സദസ്സ് അവരെ ചേര്‍ത്തുപിടിച്ചത്. 

ഭൂമി കുംഭകോണക്കേസില്‍ ജനുവരി 31നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇതേ അറസ്റ്റാണ് ഭാര്യ കല്‍പന സോറന്‍റെ രാഷ്ട്രീയപ്രവേശനത്തിന് വഴിതുറന്നതും. അറസ്റ്റിന് പിന്നാലെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ പകരം കല്‍പന സോറന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. കല്‍പനയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരേ ജെ.എം.എം. സ്ഥാപകനേതാവ് ഷിബു സോറന്റെ മൂത്ത മരുമകള്‍ സിതാ സോറന്‍ എതിര്‍പ്പുമായി രംഗത്തുവന്നതോടെ ഗതാഗത മന്ത്രിയായിരുന്ന ചംപായ് സോറനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തല്‍ക്കാലം നിര്‍ണായകസ്ഥാനത്തേക്ക് നിയമിക്കപ്പെട്ടില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും കല്‍പന സജീവമായി പൊതുരംഗത്ത് എത്തിയേക്കാമെന്നൊരു സാധ്യത അന്നുമുതല്‍ക്കേ നിലനിന്നിരുന്നു. 

Content Highlights: Opposition holds rally with Kalpana Soren, Sunita Kejriwal

Continue reading