അതിജീവനത്തിന്റെ ആത്മവിശ്വാസത്തില്‍ മേപ്പാടിയില്‍ നിന്ന്‌ ജനവിധി തേടി ഷൈജ

#സ്വന്തം ലേഖകന്‍
ഷൈജ ബേബി.|Photo: MBI
ഷൈജ ബേബി.|Photo: MBI

മേപ്പാടി: പ്രതിസന്ധികളെ അതിജീവിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഷൈജാ ബേബി ഇത്തവണ ജനവിധിതേടുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 10-ാം വാര്‍ഡായ അട്ടമലയിലാണ് ഷൈജ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. 2015 മുതല്‍ 2020 വരെ മുണ്ടക്കൈ വാര്‍ഡംഗമായും മേപ്പാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്ത് ഷൈജയ്ക്കുണ്ട്. 17 വര്‍ഷമായി ആശപ്രവര്‍ത്തകയാണ്. കുടുംബശ്രീ പ്രവര്‍ത്തക, ചൈല്‍ഡ് ലൈന്‍ വൊളന്റിയര്‍ എന്നീ വേഷങ്ങളിലും ഷൈജയുണ്ട്.

ഉരുള്‍പൊട്ടലുണ്ടായ ദിവസം രാവിലെയെത്തിയ ഷൈജ തുടര്‍ച്ചയായി 11 ദിവസം മോര്‍ച്ചറിയിലാണ് പ്രവര്‍ത്തിച്ചത്. തന്റെ നാട്ടിലെ പ്രിയപ്പെട്ടവരുടെ ജീവനറ്റ ശരീരങ്ങള്‍ മോര്‍ച്ചറിയില്‍നിന്ന് ഏറ്റുവാങ്ങി. കുടുംബത്തിലെ ഒന്‍പതുപേരെ ഉരുളെടുത്തതിന്റെ വേദനയ്ക്കിടയിലും ദുരന്തമുഖത്ത് ഷൈജ പതറാതെനിന്നു. മാതൃകയായ ആ പ്രവൃത്തിയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ 'കേരളശ്രീ' ഷൈജയെ തേടിയെത്തിയിരുന്നു.

2019-ല്‍ പുത്തുമല ഉരുള്‍പൊട്ടലുണ്ടായപ്പോഴും 2020-ല്‍ മുണ്ടക്കൈ ഉരുള്‍പൊട്ടലുണ്ടായപ്പോഴും ഷൈജ ജനപ്രതിനിധിയായിരുന്നു. 'പ്രിയപ്പെട്ട പലരും ഇന്ന് കൂടെയില്ല. അവരോടൊപ്പമുള്ള ഓര്‍മ്മകള്‍ ഒപ്പമുണ്ട്. അതെനിക്ക് പ്രചോദനമാണ്' -ഷൈജ പറഞ്ഞു. പരേതനായ ബേബിയാണ് ഭര്‍ത്താവ്. വിബിന, ഷെബിന്‍ എന്നിവര്‍ മക്കളാണ്.

Content Highlights: Shaija Baby, an LDF candidate from Meppadi`s Attamala ward, overcomes tragedy with resilience. Experienced former VP & Asha worker running for office.