കല്പറ്റ LDF പിടിച്ചെടുത്തു, ബത്തേരി തിരിച്ചുപിടിച്ച് UDF, മാനന്തവാടിയും നിലനിര്‍ത്തി

#Election Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കല്പറ്റ: വയനാട്ടില്‍ യുഡിഎഫ് ആധിപത്യം നേടിയപ്പോഴും കല്പപറ്റ നഗരസഭ കൈവിട്ടത് അവര്‍ക്ക് തിരിച്ചടിയായി. റിബല്‍ ശല്യവും സ്ഥാനാര്‍ഥി നിര്‍ണയവും കല്പറ്റയില്‍ യുഡിഎഫിന് തിരിച്ചടിയായപ്പോള്‍ സുല്‍ത്താന്‍ ബത്തേരിയിലുണ്ടായ ക്ഷീണത്തിന് കല്പറ്റയിലെ വിജയം എല്‍ഡിഎഫിന് ആശ്വാസമായി. ചരിത്രത്തിലാദ്യമായി കല്പറ്റ നഗരസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപി രണ്ട് സീറ്റില്‍ ജയിച്ചു.

മാനന്തവാടി മുന്‍സിപ്പാലിറ്റി ഭരണം നിലനിര്‍ത്തിയ യുഡിഎഫ് സുല്‍ത്താന്‍ ബത്തേരി നഗരസഭ എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ 20 സീറ്റ് ജയിച്ച എല്‍ഡിഎഫ് ഇത്തവണ 14- ല്‍ ഒതുങ്ങിയപ്പോള്‍ 21 സീറ്റില്‍ ജയിച്ച് യുഡിഎഫ് ഭരണം പിടിച്ചു. നഗരസഭയായതിനുശേഷം രണ്ടാം തവണയാണ് മാനന്തവാടിയില്‍ യുഡിഎഫിന് ഭരണം ലഭിക്കുന്നത്.

2020 തദ്ദേശ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ഒരു സീറ്റ് തിരിച്ചുപിടിച്ച് ബിജെപിയും ബത്തേരി മുന്‍സിപ്പാലിറ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കി. നഗരസഭയായതിന് ശേഷം രണ്ടുതവണയും ഭരണം പിടിച്ചെടുത്ത എല്‍ഡിഎഫില്‍ നിന്ന് 19 സീറ്റുകളില്‍ വിജയിച്ചാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ ബത്തേരിയില്‍ 23 സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് ഇത്തവണ 14 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഇവിടെ ലീഗ് വിമതനായി നിന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വിന്‍സി ബൈജു വിജയിച്ചു.

കല്പറ്റ നഗരസഭയില്‍ വന്‍ മുന്നേറ്റമാണ് ഇടതുപക്ഷത്തിന് നേടാനായത്. 30 വാര്‍ഡുകളിലെയും വോട്ട് എണ്ണി കഴിയുമ്പോള്‍ 15 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും എട്ടിടത്ത് യുഡിഎഫും വിജയിച്ചു. ഇവിടെ രണ്ട് വാര്‍ഡുകളില്‍ ജയിച്ച് എന്‍ഡിഎ മുന്നണി മികച്ച നേട്ടം സ്വന്തമാക്കി. പുളിയാര്‍മല, കൈനാട്ടി എന്നീ വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കഴിഞ്ഞ വര്‍ഷം മുസ്ലീം ലീഗും കോണ്‍ഗ്രസും നറുക്കിട്ട് ഭരിച്ച കല്പറ്റ നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നിന്ന കെജി രവീന്ദ്രന്റെ പത്രിക തള്ളിയതും സീറ്റ് തര്‍ക്കവുമടക്കം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത് യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് പകരം ഡമ്മിയായി മത്സരിച്ച പ്രഭാകരന്‍ സിഎസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Content Highlights: UDF wins Mananthavady Municipality with a majority. Explore Sultan Bathery & Kalpetta results, including BJP gains. Stay updated on Kerala local body elections.