വയനാട് ജില്ലാപഞ്ചായത്തില് 15 സീറ്റുകളില് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ച് എല്ഡിഎഫ്, പത്തിടത്ത് വനിതകള് മത്സരിക്കും

കല്പറ്റ: വയനാട് ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള എല്ഡിഎഫ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. 17-ല് 15 സീറ്റുകളിലാണ് പ്രഖ്യാപനം നടന്നത്. സിപിഎം 11 സീറ്റുകളിലും ആര്ജെഡിയും സിപിഐയും രണ്ടുവീതം സീറ്റുകളിലും എന്സിപി, കേരള കോണ്ഗ്രസ് (എം) ഓരോ സീറ്റിലും മത്സരിക്കും. പരിചയസമ്പന്നരായ മുതിര്ന്ന നേതാക്കള്ക്കൊപ്പം പുതുമുഖങ്ങളെയും യുവനേതാക്കളെയും ഉള്പ്പെടെയുള്ളവരെയാണ് സ്ഥാനാര്ഥികളാക്കിയത്. 17-ല് പത്തുസീറ്റുകളിലും വനിതാ സ്ഥാനാര്ഥികളാണ് മത്സരരംഗത്തുള്ളത്.
സംസ്ഥാന സര്ക്കാരിന്റെ നേതൃത്വത്തില് വയനാടിന്റെ വികസനക്കുതിപ്പിനായി പരിശ്രമിച്ച ഒന്പതുവര്ഷമാണ് കടന്നുപോയതെന്നും വലിയ ശുഭാപ്തിവിശ്വാസത്തിലാണ് ഇടതുമുന്നണി തദ്ദേശതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതെന്നും എല്ഡിഎഫ് ജില്ലാ കണ്വീനര് സി.കെ. ശശീന്ദ്രന് പറഞ്ഞു.
ഘടകകക്ഷികള്ക്ക് വിട്ടുനല്കിയ തോമാട്ടുചാല് (ആര്ജെഡി), മുള്ളന്കൊല്ലി (കേരള കോണ്. (എം) സീറ്റുകളില് അടുത്തദിവസങ്ങളിലേ സ്ഥാനാര്ഥിപ്രഖ്യാപനം നടക്കൂ. ഈ സീറ്റുകളില് സ്ഥാനാര്ഥിനിര്ണയത്തില് ഏകദേശ ധാരണയായിട്ടുണ്ടെന്നും അടുത്തദിവസം പ്രഖ്യാപനമുണ്ടാവുമെന്നും ആര്ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ പറഞ്ഞു.
സിപിഎം ജില്ലാകമ്മിറ്റിയംഗങ്ങളായ ബീനാ വിജയനും എന്.പി. കുഞ്ഞുമോളും ഇക്കുറി മത്സരരംഗത്തുണ്ട്. ഇതില് ബീനാ വിജയന് ജനറല് സീറ്റായ മീനങ്ങാടിയില്നിന്നാണ് മത്സരിക്കുന്നത്. മുന്പ് രണ്ടുതവണ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു ബീനാ വിജയന്. സിപിഎമ്മിന്റെ കേരളത്തിലെ ആദ്യ വനിതാ ഏരിയാസെക്രട്ടറിയായിരുന്ന കുഞ്ഞുമോളും മുന് ജില്ലാപഞ്ചായത്ത് അംഗമായിരുന്നു.
ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് കെ.ആര്. ജിതിനാണ് യുവനിരയിലെ ശ്രദ്ധേയനായ സ്ഥാനാര്ഥി. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ ജില്ലാക്യാപ്റ്റനാണ് ജിതിന്. ജില്ലയില് 40 വയസ്സില് താഴെയുള്ളവരില് ഏറ്റവുംകൂടുതല് തവണ രക്തം ദാനംചെയ്ത വ്യക്തിയെന്നനിലയിലും ആദരം നേടിയിട്ടുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തിരുനെല്ലിയില്നിന്നാണ് മത്സരം.
ഗവേഷകയും എഴുത്തുകാരിയുമായ റഹീമ വാളാട്, പൊഴുതന പഞ്ചായത്ത് പ്രസിഡന്റായ അനസ് റോസ് സ്റ്റെഫി എന്നിവരും യുവനിരയില്നിന്ന് മത്സരരംഗത്തുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്ബേബി, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് എന്നിവരും മത്സരരംഗത്തുണ്ട്.
മുന് കൃഷി ഓഫീസറും കൃഷിവകുപ്പ് മുന് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായ കെ.എം. ബാബുവാണ് സിപിഐയുടെ സ്ഥാനാര്ഥിനിരയിലെ പ്രമുഖന്. ആര്ജെഡിക്കുവേണ്ടി കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് മുന് പ്രസിഡന്റ് ശാരദാ മണിയനും സ്ഥാനാര്ഥിയാവുന്നുണ്ട്.
സിപിഎം സ്ഥാനാര്ഥികളെ ജില്ലാ സെക്രട്ടറി കെ. റഫീഖും സിപിഐയുടെ സ്ഥാനാര്ഥികളെ ജില്ലാ സെക്രട്ടറി കെ.ജെ. ബാബുവും ആര്ജെഡിയുടെ സ്ഥാനാര്ഥിയെ കെ.കെ. ഹംസയും എന്സിപി (എസ്) സ്ഥാനാര്ഥികളെ ജില്ലാപ്രസിഡന്റ് ഷാജി ചെറിയാനും പ്രഖ്യാപിച്ചു.
സ്ഥാനാര്ഥികള്: മീനങ്ങാടി- ബീനാ വിജയന്, അമ്പലവയല്- എന്.പി. കുഞ്ഞുമോള്, എടവക -ജസ്റ്റിന് ബേബി, തിരുനെല്ലി- കെ.ആര്. ജിതിന്, തവിഞ്ഞാല്- റഹീമ വാളാട്, വൈത്തിരി- അനസ് റോസ്ന സ്റ്റെഫി, തരുവണ -പി.എം. ആസ്യ, വെള്ളമുണ്ട- സുധി രാധാകൃഷ്ണന്, നൂല്പ്പുഴ- ബിന്ദു മനോജ്, പനമരം-അനീറ്റ ഫെലിക്സ്, മുട്ടില്-കെ. ഹസീന (സിപിഎം സ്ഥാനാര്ഥികള്), മേപ്പാടി-എ. ബാലചന്ദ്രന്, കേണിച്ചിറ-കെ.എം. ബാബു (സിപിഐ സ്ഥാനാര്ഥികള്), പടിഞ്ഞാറത്തറ-ശാരദാ മണിയന് (ആര്ജെഡി), കണിയാമ്പറ്റ- പി.എം. സുകുമാരന് (എന്സിപി (എസ്)).
Content Highlights: LDF reveals its candidates for 15 out of 17 seats in the Wayanad District Panchayat elections.