വരണാധികാരിയെ ചുമതലയില്‍നിന്ന് നീക്കണം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി വയനാട്‌ കോണ്‍ഗ്രസ്

#Election Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കല്പറ്റ: കല്പറ്റ നഗരസഭയിലെ 23-ാം ഡിവിഷന്‍ വെള്ളാരംകുന്നില്‍ മത്സരിക്കാന്‍ കെ.ജി. രവീന്ദ്രന്റെ നാമനിര്‍ദേശപത്രിക മതിയായകാരണമില്ലാതെ തള്ളിയതുമായി ബന്ധപ്പെട്ട് വരണാധികാരിയെ ചുമതലയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കി.

വരണാധികാരിയുടെപേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്രിമിനല്‍ കേസ് ഫയല്‍ചെയ്യണമെന്നും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡുചെയ്ത് വകുപ്പുതല അച്ചടക്കനടപടിക്ക് സഹകരണവകുപ്പിനോട് ശുപാര്‍ശചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കല്പറ്റ നഗരസഭാ തിരഞ്ഞെടുപ്പില്‍ വരണാധികാരിയായി നിയമിക്കപ്പെട്ടത് കല്പറ്റ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ആണ്‌. അദ്ദേഹം ഒരു വരണാധികാരിയെന്നനിലയില്‍ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക ഏകപക്ഷീയമായി തള്ളിക്കൊണ്ട് എതിര്‍പാര്‍ട്ടി സ്ഥാനാര്‍ഥിക്കുവേണ്ടി പക്ഷപാതപരമായി പ്രവര്‍ത്തിച്ചിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

നിഷ്പക്ഷമായി നടക്കേണ്ട തിരഞ്ഞെടുപ്പ് മനഃപൂര്‍വം ഒരു വരണാധികാരിതന്നെ അട്ടിമറിക്കുന്ന അവസ്ഥയാണ് ഈ സംഭവത്തോടെ ഉണ്ടായിരിക്കുന്നതെന്നും പരാതിയിലുണ്ട്. വരണാധികാരി നടത്തിയ പക്ഷപാതപരവും നിയമവിരുദ്ധവുമായ നടപടികള്‍ സ്ഥാനാര്‍ഥിയായിരുന്ന കെ.ജി. രവീന്ദ്രന്‍ അയാളുടെ പരാതിയില്‍ വിശദീകരിച്ചിട്ടുണ്ട്. കെ.ജി. രവീന്ദ്രന്റെ പരാതിയുടെ കോപ്പിയും തിരഞ്ഞെടുപ്പ് കമ്മിഷനുനല്‍കിയ പരാതിയോടൊപ്പമുണ്ട്. വരണാധികാരിയെ ചുമതലയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ക്കും കെ.ജി. രവീന്ദ്രന്‍ പരാതിനല്‍കിയിട്ടുണ്ട്.

Content Highlights: Congress complains to State Election Commission seeking removal of returning officer for unjustly rejecting nomination papers in Wayanad Municipality elections.