മുന്നൂറിലധികം വാർഡുകളിൽ UDF-വെൽഫെയർ പാർട്ടി ധാരണ, കൂടുതൽ മലപ്പുറത്ത്; ലീഗിന്റെ സീറ്റുകളും വെൽഫെയറിന്

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം | Photo: facebook/Welfarepartyvkd, മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: facebook/Welfarepartyvkd, മാതൃഭൂമി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മുന്നൂറിലധികം വാർഡുകളിൽ യുഡിഎഫ് വെൽഫെയർ പാർട്ടി  ധാരണ. വെൽഫെയർപാർട്ടി ചിഹ്നമായ ഗ്യാസ് സിലിണ്ടറിലാണ് കൂടുതൽ സ്ഥാനാർത്ഥികളും മത്സരിക്കുന്നത്. പ്രാദേശികമായ എതിർപ്പുള്ള ഇടങ്ങളിൽ പൊതുസ്വതന്ത്ര സ്ഥാനാർഥിയായും വെൽഫെയർ പാർട്ടി നേതാക്കൾ ഉൾപ്പെടെ മത്സരരംഗത്തുണ്ട്.

കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് യുഡിഎഫ് -വെൽഫെയർ പാർട്ടി ധാരണയുള്ളത്. ഇതിൽ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത്. മുപ്പതോളം പഞ്ചായത്തുകളിൽ മുസ്ലിം ലീഗ് സീറ്റുകൾ വെൽഫെയർ പാർട്ടിക്ക് നൽകിയാണ് ധാരണയായത്. കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ രണ്ടും ചങ്ങരോത്ത് പഞ്ചായത്തിൽ കോൺഗ്രസ് ജയിച്ച സീറ്റുൾപ്പെടെ രണ്ടും സീറ്റുകളിലാണ് ധാരണ. കൊടിയത്തൂർ, തിരുവള്ളൂർ, ആയഞ്ചേരി, വേളം തുടങ്ങി പഞ്ചായത്തുകളിലും വെൽഫെയർ-യുഡിഎഫ് ധാരണയിൽ മത്സരിക്കുന്നു.

വയനാട്ടിലെ വൈങ്ങിലപ്പള്ളിയിൽ ജമാഅത്തെ ഇസ്ലാമി നേതാവ് മത്സര രംഗത്തുണ്ട്. എറണാകുളം ആലങ്കോട് ബ്ലോക്കിലും കോട്ടയം ഈരാറ്റുപേട്ട പഞ്ചായത്തിലും പരസ്യധാരണയുണ്ട്. ഭൂരിപക്ഷം വാർഡുകളിലും വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ ഗ്യാസ് സിലിണ്ടർ ചിഹ്നത്തിൽത്തന്നെയാണ് മത്സരിക്കുന്നതെങ്കിലും കോൺഗ്രസ് സ്വാധീനമുള്ള വാർഡുകളിൽനിന്ന് ചിലയിടങ്ങളിൽ എതിർപ്പുയർന്നതോടെ ഇത് മറികടക്കാൻ പേരും ചിഹ്നവും ഉപേക്ഷിച്ചു. പകരം യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെയാണ് രംഗത്തിറക്കുന്നത്.

വടകര നഗരസഭയിലെ പതിനെട്ടാം വാർഡിൽ മത്സര രംഗത്തുള്ളത് വെൽഫെയർ പാർട്ടിയുടെ വനിതാ സംഘടനയായ വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൗസിയ ആരിഫ് ആണ്. യുഡിഎഫ് ആർഎംപി ഐ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൊബൈൽഫോൺ ചിഹ്നത്തിലാണ് മത്സരം. യുഡിഎഫുമായി ധാരണയിലെത്താൻ കഴിയാതെ തനിച്ച് മത്സരിക്കുന്ന ഇടങ്ങളുമുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫ് സഖ്യമായി മത്സരിച്ച് മൂന്ന് വാർഡുകൾ വെൽഫെയർ പാർട്ടി ജയിച്ച മുക്കം നഗരസഭയിൽ ഇത്തവണ ധാരണയില്ല.

മലപ്പുറം ജില്ലയിൽ ലീഗ് സിറ്റിങ് സീറ്റുകൾ പലതും വെൽഫെയർ പാർട്ടിക്ക് നൽകിയതിനെതിരെ പാർട്ടി പ്രവർത്തകരിൽനിന്നുതന്നെ ശക്തമായ എതിർപ്പുയർന്നിരുന്നു. പുറമെ ഇരുവിഭാഗം സമസ്ത നേതാക്കളും ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദ ആശയം ചൂണ്ടിക്കാട്ടി വെൽഫെയർ പാർട്ടി ബന്ധത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. എന്നാൽ, പ്രാദേശിക നീക്കുപോക്കുകളാണ് വെൽഫെയർ പാർട്ടിയുമായി ഉള്ളതെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിശദീകരണം.

മുഖ്യധാരയിൽ ചർച്ചയാക്കാതെ ഇടതുപക്ഷവുമായി കൈകൊടുത്ത പഴയ തിരഞ്ഞെടുപ്പ് ശൈലിയല്ല പുതിയ കാലത്ത് വെൽഫെയർ പാർട്ടിയുടെത്. യുഡിഎഫ് ബന്ധം പരസ്യമായി പ്രഖ്യാപിച്ച് മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാവുകയാണ് ജമാഅത്തെ ഇസ്ലാമി. വിമർശനങ്ങൾ തൽക്കാലം അവഗണിക്കാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ വെൽഫെയർപാർട്ടി-യുഡിഎഫ് ബന്ധത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.

Content Highlights: UDF-Welfare Party Alliance: A Strategic Shift in Kerala Local Body Polls