കോർപറേഷനിലേക്ക്‌ ഇനി മത്സരത്തിനില്ല, MLA സ്ഥാനത്തിന് യോഗ്യൻ- എം.കെ. വർഗീസ്

എം.കെ. വർഗീസ്
എം.കെ. വർഗീസ്

തൃശ്ശൂർ: ‘‘എന്നെ ഏൽപ്പിച്ച പണി പൂർത്തീകരിച്ചു, ഇനി ജനം വിലയിരുത്തട്ടേ’’- തദ്ദേശതിരഞ്ഞെടുപ്പിൽ കോർപറേഷനിൽ ആരു വിജയിക്കും എന്ന ചോദ്യത്തിന് മേയർ എം.കെ. വർഗീസിന്റെ പ്രതികരണമിങ്ങനെ. കോർപറേഷനിലേക്ക്‌ ഇനി മത്സരത്തിനില്ലെന്ന് തീർത്തുപറഞ്ഞ മേയർ, താൻ എംഎൽഎ സ്ഥാനത്തിന് യോഗ്യനാണെന്ന് അടിവരയിട്ടുപറഞ്ഞു.

‘‘അഞ്ചുവർഷം എൽ‍ഡിഎഫിനൊപ്പം ഉറച്ചുനിന്നു. ഇനി മൂന്നുമാസം വിശ്രമമെടുക്കുകയാണ്. ചിന്തിക്കാൻ ഇഷ്ടംപോലെ സമയമുണ്ട്. അതു കഴിയുമ്പോഴേക്കും ഇനിയെന്തുചെയ്യണമെന്ന് തീരുമാനിക്കും’’ -മേയർ ബിജെപിയിലേക്കാണോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം വിശദമാക്കി. അടുത്ത തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന ചോദ്യത്തിന്, അത് പ്രവചിക്കാൻ ഞാൻ ദൈവമല്ല എന്നായിരുന്നു പ്രതികരണം. എൽഡിഎഫിനൊപ്പം പ്രചാരണരംഗത്ത് മേയറുണ്ടാകുമോ എന്ന ചോദ്യത്തിന് സ്വതന്ത്രനായി വിജയിച്ചയാളാണ് അദ്ദേഹം, സ്വയം തീരുമാനമെടുക്കാം എന്നായിരുന്നു ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി.കെ. ഷാജന്റെ മറുപടി. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ. വർഗീസിനെ മേയറാക്കി നടത്തിയ നീക്കമാണ് അഞ്ചുവർഷം തൃശ്ശൂർ കോർപറേഷനിൽ ഭരണത്തിൽ തുടരാൻ എൽഡിഎഫിനെ സഹായിച്ചത്. പലഘട്ടങ്ങളിലും പ്രസ്താവനയിലൂടെയും പ്രവൃത്തിയിലൂടെയും മേയർ വിവാദം ക്ഷണിച്ചുവരുത്തിയെങ്കിലും അദ്ദേഹത്തെ കൈവിടാൻ മുന്നണി തയ്യാറായില്ല. പ്രത്യേകിച്ച് സിപിഎം ജില്ലാനേതൃത്വമാണ് മേയർക്ക് സംരക്ഷണമൊരുക്കിയത്.

മുന്നണിക്കുള്ളിൽനിന്നുതന്നെ, പ്രത്യേകിച്ച് മുഖ്യഘടകകക്ഷിയായ സിപിഐയുടെ കടുത്ത എതിർപ്പ് വകവയ്ക്കാതെയാണ് സിപിഎം ജില്ലാനേതൃത്വം മേയറുടെ പിന്നിൽ അണിനിരന്നത്. വികസന-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തിയും പി.കെ. ഷാജനും ഇടതും വലതും നിന്ന് മേയറെ മുന്നോട്ടുനയിച്ചു.

അവസാന കൗൺസിൽ യോഗം നടന്ന തിങ്കളാഴ്‌ച മിനിറ്റ്സിനെച്ചൊല്ലി പ്രതിപക്ഷമുയർത്തിയ പ്രതിഷേധം നിശ്ശബ്ദരായിരുന്നാണ് ഭരണപക്ഷം നേരിട്ടത്.

Content Highlights: Thrissur Mayor MK Varghese reflects on his tenure, dismisses Corporation re-election, and asserts MLA eligibility. Explores future political moves.