വിധിയെഴുത്തില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് സന്ദേശം നല്കുന്ന പതിവ് തെറ്റിക്കാതെ തൃശ്ശൂര്‍

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് ഏതായാലും അതിലൊക്കെയും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് സന്ദേശം നല്കുന്ന പതിവ് ഇക്കുറിയും തൃശ്ശൂര്‍ തെറ്റിക്കുന്നില്ല. മൂന്നു മുന്നണികള്‍ക്കും കൃത്യമായ സന്ദേശം തിരഞ്ഞെടുപ്പ് വിധിയെഴുത്തിലുണ്ടെന്നതാണ് തദ്ദേശഫലത്തിന്റെ ഹൈലൈറ്റ്.
കെ. കരുണാകരന്റെ പ്രിയ തട്ടകമെന്ന നിലയില്‍ യുഡിഎഫ് ഭരണം ഉറപ്പാക്കുന്ന തരത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തെളിഞ്ഞുനില്ക്കുന്ന സംഭാവനകളെന്നും തൃശ്ശൂരില്നിന്നുണ്ടായിരുന്നു. കരുണാകരകേന്ദ്രിതമായ രാഷ്ട്രീയത്തിന് ക്ഷയം തുടങ്ങിയതോടെ വിപ്ലവപോരാട്ടങ്ങള്‍ക്ക് ഏറെ ഭൂമികയൊരുക്കിയ തൃശ്ശൂരിന്റെ മണ്ണ് ചുവപ്പണിഞ്ഞുതുടങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13-ല്‍ ഒരു സീറ്റൊഴിച്ച് ബാക്കിയെല്ലാം ഇടതുമുന്നണി കൈക്കലാക്കുകയും ചെയ്തു.
നഗരസഭകളിലും പഞ്ചായത്തുകളിലും മേല്‍ക്കൈ നേടി ഇടതുമുന്നണി കോര്പറേഷന് ഭരണത്തിനും തുടര്ച്ചയുണ്ടാക്കിയിരുന്നു, ഇതിനിടയില്‍. കാര്യങ്ങളിങ്ങനെ നില്‍ക്കെയാണ് സുരേഷ്ഗോപിയുടെ താരത്തേരിലേറി ബിജെപി പടയോട്ടം തുടങ്ങിയത്. ആദ്യം ചിരിച്ചുതള്ളിയെങ്കിലും മൂന്നാമത്തെ തുടരന്ശ്രമത്തില് അവര്‍ വിജയക്കൊടി കെട്ടി കേരളത്തെ ഞെട്ടിച്ചു. അതിശയകരമായ വിജയത്തിനുള്ള പ്രതിഫലമായി തൃശ്ശൂരിന്റെ എംപിക്ക് കേന്ദ്രമന്ത്രിസ്ഥാനവും കിട്ടി. എന്നാല്‍, ഈ തുടര്‍ച്ചയും അംഗീകരിക്കുന്നില്ലെന്ന പ്രഖ്യാപനമാണ് ശനിയാഴ്ച പുറത്തുവന്ന ജനവിധിയിലുള്ളത്.
കോണ്‍ഗ്രസ് പതിവുവിട്ട് സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചു. കെപിസിസിയും ഡിസിസിയും മികച്ച ഏകോപനത്തോടെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ പരാതികള്‍ കുറഞ്ഞു. പറഞ്ഞൊതുക്കാവുന്ന വിമതശബ്ദങ്ങളെയും അടക്കി. തിരഞ്ഞെടുപ്പിന് ഏറെ നാള് മുന്നേ വോട്ടുചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ നടന്നിരുന്നു. വീടുകയറിയുള്ള വോട്ടുപിടിത്തത്തിലായിരുന്നു പുറംപ്രചാരണത്തേക്കാള് ശ്രദ്ധ.
പാര്‍ട്ടിതീരുമാനത്തെ ധിക്കരിക്കുന്നവര്ക്കെതിരേ നടപടി ശക്തമാക്കുകകൂടി ചെയ്തതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധവും ഫലവും കൈവന്നു. സ്വന്തം ശക്തിയും സാഹചര്യവും മനസ്സിലാക്കി സ്വാര്‍ഥതാത്പര്യമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന സന്ദേശമാണ് ഈ ഫലം കോണ്‍ഗ്രസിന് നല്‍കുന്നത്.
ചിട്ടയായ പ്രവര്‍ത്തനവും സംഘടനാശക്തിയും യുവാക്കളുടെ ആവേശവുമൊക്കെ ചേരുംപടി ചേര്‍ത്തായിരുന്നു, തൃശ്ശൂരില്‍ ഇടതുമുന്നണി സ്വാധീനം നേടിയത്. എല്ലാ തിരഞ്ഞെടുപ്പുകളിലും മേല്‍ക്കൈ നിലനിര്‍ത്താന്‍ കഴിയുകയും ചെയ്തു. എന്നാല്‍, തുടര്‍ച്ചയായുള്ള വിജയം പ്രവര്‍ത്തനത്തിന്റെ ചടുലതയെ ബാധിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇതിന്റെ സൂചനകള്‍ വ്യക്തമായിരുന്നു. വോട്ടുചേര്ക്കുന്നതിലും വീടുവീടാന്തരം കയറുന്നതിലും പാകപ്പിഴകള്‍ അന്നേയുണ്ടായിരുന്നു. കോര്‍പറേഷനിലടക്കം സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതിലും ഇത് പ്രകടമായി.
സുരേഷ്ഗോപിയുടെ വിജയത്തിന്റെ രാഷ്ട്രീയവിമര്‍ശനം സാധൂകരിക്കാമെങ്കിലും തിരിച്ചടിയുടെ യഥാര്‍ഥ കാരണം മനസ്സിലാക്കാന്‍ വൈകിയെന്നതാണു പുതിയ ഫലവും വെളിവാക്കുന്നത്. കെട്ടുറപ്പ് തിരികെപ്പിടിക്കാതെ നിവൃത്തിയില്ലായെന്ന സന്ദേശമാണ് ഇടതിനുള്ളത്.
സുരേഷ്ഗോപിയുടെ വിജയത്തോടെ തൃശ്ശൂര്‍ ഞങ്ങളെടുത്തൂവെന്നതായിരുന്നു ബിജെപിയുടെ ഭാവം. മാറ്റത്തിനായി വോട്ടുചെയ്തവര്‍ക്ക് അതനുഭവിക്കാനായില്ലായെന്ന ആരോപണമാണ് അവര്‍ക്കെതിരേ ഉയര്‍ന്നിരുന്നത്. വികസനപ്പട്ടികയുമായി കേന്ദ്രമന്ത്രി തന്നെ രംഗത്തിറങ്ങിയെങ്കിലും അതൊന്നും വോട്ടര്‍മാരെ ഏശുന്നവിധത്തില് പ്രചരിപ്പിക്കാനായില്ല. കൂടുതല്‍ കരുത്തും ഏകോപനവുമില്ലാതെ കളത്തിലിറങ്ങിയാല്‍ വിജയം അകന്നുനില്‍ക്കുമെന്ന സന്ദേശമാണ് ഈ ഫലം അവര്‍ക്ക് നല്‍കുന്നത്.
Content Highlights: Thrissur`s latest election verdict delivers a clear message to all three major political fronts. Explore the implications and what it means for each party`s future.